മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങള്‍ മാത്രം; പ്രതിശ്രുത വരന്റെ മാതാവ് വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി: ഇരുവരും പ്രണയത്തിലായത് മക്കളുടെ വിവാഹ നിശ്ചയ ഒരുക്കങ്ങള്‍ക്കിടെ
പ്രതിശ്രുത വരന്റെ മാതാവ് വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി
ഭോപാല്‍: മക്കളുടെ വിവാഹ നിശ്ചയത്തിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വരന്റെമാതാവ് വധുവിന്റെ പിതാവിനൊപ്പം ഒളിച്ചോടി. ദിവസങ്ങള്‍ നീണ്ട പോലിസ് അന്വേഷണത്തിന് ഒടുവിലാണ് സ്ത്രീ പോയത് വധുവിന്റെ പിതാവിനൊപ്പമാണെന്ന് കണ്ടെത്തിയത്. അമ്മയെ പ്രതിശ്രൂത വധുവിന്റെ പിതാവിനൊപ്പം കണ്ട് മക്കളും അന്തിച്ചു പോയി.
മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തില്‍ താമസിക്കുന്ന 45 കാരിയായ യുവതിയാണ് ഒളിച്ചോടിയത്. ഒരാഴ്ചയിലേറെയായി ഇവരെ കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലെന്ന് മകന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോയത് വധുവിന്റെ പിതാവിനൊപ്പമെന്ന് ഇവര്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ചിക്ലി ഗ്രാമത്തിലെ 50 വയസ്സുള്ള കര്‍ഷകനോടൊപ്പം സ്ത്രീ താമസിക്കുന്നതായി കണ്ടെത്തുക ആയിരുന്നു.
കര്‍ഷകന്‍ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞു. കാണാതായ സ്ത്രീയുടെ മകനുമായി അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയം അടുത്തിടെ നടക്കാനിരിക്കുക ആയിരുന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടിയത്. കാമുകനായ കര്‍ഷകനെ ഉപേക്ഷിക്കാന്‍ വിസമ്മതിച്ച സ്ത്രീ, അദ്ദേഹത്തോടൊപ്പം താമസിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് പറഞ്ഞു. വീട്ടിലേക്ക് തിരിച്ചുവരാന്‍ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ തയ്യാറായില്ല.
വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍, മാതാപിതാക്കള്‍ പ്രണയത്തിലാവുകയും ഒളിച്ചോടാന്‍ തീരുമാനിക്കുകയും ആയിരുന്നു. ''45 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായതായി എട്ട് ദിവസം മുന്‍പാണ് പരാതി ലഭിച്ചത്. ഭര്‍ത്താവിനെയും പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ട് മക്കളെയും ഉപേക്ഷിച്ച് 50 വയസ്സുള്ള ഒരു കര്‍ഷകന്റെ കൂടെ ഇവര്‍ പോയതായി ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. മക്കളുടെ വിവാഹനിശ്ചയം ഇതുവരെ നടന്നിട്ടില്ല. എന്നാല്‍ ഒളിച്ചോടിയവര്‍ ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്'' ടൗണ്‍ ഇന്‍സ്‌പെക്ടര്‍ അശോക് പട്ടീദര്‍ പറഞ്ഞു.