'ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?' ഓസിസിനെതിരായ ജയത്തിന് ശേഷം യേശുവിന് നന്ദി പറഞ്ഞ ജമീമ റോഡ്രിഗ്‌സിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കസ്തൂരി ശങ്കര്‍; കപട മതേതരവാദിയല്ലെന്നും പ്രതികരണം

Update: 2025-11-01 05:07 GMT

ചെന്നൈ: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ മിന്നുന്ന സെഞ്ചുറിയുമായി ഇന്ത്യന്‍ ടീമിനെ ഫൈനലിലേക്ക് എത്തിച്ച ജമീമ റോഡ്രിഗ്‌സിനെതിരെ വിമര്‍ശനവുമായി തമിഴ്‌നാട്ടിലെ ബിജെപി നേതാവും നടിയുമായ കസ്തൂരി ശങ്കര്‍. ലോകകപ്പ് സെമി ജയത്തിന് ശേഷമുള്ള യേശു പരാമര്‍ശത്തില്‍ ആണ് കസ്തൂരിയുടെ രൂക്ഷമായ വിമര്‍ശനം. ശിവനോ ഹനുമാനോ ആണ് തന്റെ ജയത്തിന് പിന്നില്‍ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ? ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ? ഹിന്ദുക്കളുടെ വികാരപ്രകടനം ആണെങ്കില്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമായിരുന്നു. താന്‍ കപടമതേതര വാദി അല്ലെന്നും കസ്തൂരി പ്രതികരിക്കുന്നത്. ശാരീരികമായി തളര്‍ന്നപ്പോള്‍ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ ആണ് ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞതെന്നും ജമീമ പറഞ്ഞിരുന്നു. ബൈബിള്‍ വചനത്തോടെയായിരുന്നു വിജയ ശേഷമുള്ള ജമീമയുടെ പ്രതികരണം. ഇതാണ് കസ്തൂരിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായത്. ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ എന്നും കസ്തൂരി പറഞ്ഞു.

'മത്സരത്തിനിടെ അവശയായിരുന്നു.. ക്ഷീണിതയായിരുന്നു, പക്ഷെ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ യേശുവിന് നന്ദി പറയുന്നു' എന്നാണ് ജമീമ പറഞ്ഞത്. 'യേശുവിനോട് നന്ദി പറയുന്നു, ഒരു ക്രെഡിറ്റുമെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ എല്ലാം പിന്തുണ എനിക്ക് ഊര്‍ജമായി. അമ്മയ്ക്കും അച്ഛനും എന്റെ കോച്ചിനും എന്നില്‍ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു' എന്നിങ്ങനെയായിരുന്നു ജമീമയുടെ വാക്കുകള്‍.

ഈ പ്രതികരണത്തെയാണ് കസ്തൂരി വിമര്‍ശിച്ചത്. ശ്രീരാമന്റെ പേരിലോ ശിവന്റെ അനുഗ്രഹത്താലോ ഹനുമാന്‍ ജിയുടെ പേരിലോ ആരെങ്കിലും നന്ദി പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാന്‍ സാധിക്കുന്നില്ല എന്നാണ് കസ്തൂരി എക്‌സില്‍ കുറിച്ചത്. 'ദൈവം ജെമീമയെ അനുഗ്രഹിക്കട്ടെ. പക്ഷേ, ആരെങ്കിലും ജയ് ശ്രീ റാം എന്നോ ഹര്‍ ഹര്‍ മഹാദേവ് എന്നോ സത് ശ്രീ അകല്‍ എന്നോ പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാന്‍ കഴിയില്ല' എന്നാണ് ഒരു പോസ്റ്റിന് മറുപടിയായി കസ്തൂരി എഴുതിയത്. ഇതിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കും കസ്തൂരി മറുപടി പറയുന്നുണ്ട്.

'ജെമീമയുടെ വിശ്വാസത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്തുകൊണ്ടാണ് നമ്മള്‍ മറ്റ് വികാരങ്ങളെ അതേ രീതിയില്‍ പരിഗണിക്കാത്തത്' എന്നാണ് കസ്തൂരി ചോദിക്കുന്നത്. താനൊരു കപട മതേതരവാദിയല്ലെന്നും കപട സാമൂഹിക സ്വഭാവങ്ങളെയാണ് താന്‍ ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റൊരു വിമര്‍ശനത്തിന് കസ്തൂരി മറുപടി പറയുന്നുണ്ട്.

നേരത്തെ മുംബൈയിലെ ജിംഖാന ക്ലബ്ബിന്റെ പരിസരം മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ജമീമയുടെ കുടുംബത്തിന്റെ അംഗത്വം ക്ലബ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ജെമീമ റോഡ്രിഗസിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

ഇന്ത്യയുടെ ഫൈനല്‍ പ്രവേശം ഒരു പിടി റെക്കോര്‍ഡുകളോടെ അജയ്യരെന്ന് കരുതിയ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ തകര്‍ന്നുവീണത് ഒരുപിടി റെക്കോര്‍ഡുകളാണ്. വനിതാ-പുരുഷ ഏകദിന ലോകകപ്പിലെ നോക്കൗട്ട് മത്സരത്തില്‍ ഒരു ടീം ആദ്യമായാണ് 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നത്. ഇതിന് പുറമെ വനിതാ ഏകദിന ലോകകപ്പില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ 331 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു വനിതാ ഏകദിന ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്. ഇന്നലെ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 338 റണ്‍സ് മറികടന്ന ഇന്ത്യ ഈ റെക്കോര്‍ഡ് തിരുത്തിയെഴുതി. വനിതാ ഏകദിന ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരമെന്ന റെക്കോര്‍ഡും ഇന്നലത്തെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനാണ്. 679 റണ്‍സാണ് രണ്ട് ടീമും ചേര്‍ന്ന് ഇന്നലെ അടിച്ചുകൂട്ടിയത്. വനിതാ ഏകദിനങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറുമാണിത്.

മൂന്നാം വിക്കറ്റില്‍ 167 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ജെമീമ റോഡ്രിഗസും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ റെക്കോര്‍ഡും സ്വന്തമാക്കി. വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ റണ്‍ പിന്തുടരുമ്പോള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് സെമിയില്‍ ജെമീമ റോഡ്രിഗസ് സ്വന്തമാക്കിയിരുന്നു.

Tags:    

Similar News