ആന്ധ്രയിലെ കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ അപകടം; ഏകാദശി ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് മരണം; നിരവധി പേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരാന്‍ സാദ്ധ്യത; അങ്ങേയറ്റം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

Update: 2025-11-01 07:42 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു. ഏകാദശിയോടനുബന്ധിച്ച് ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഭക്തരുടെ വന്‍തിരക്കുണ്ടായപ്പോഴാണ് അപകടമുണ്ടായത്. തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദാരുണമായ സംഭവത്തില്‍ ഭക്തര്‍ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണെന്ന് ആന്ധപ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വേഗത്തിലും മികച്ച രീതിയിലും ചികിത്സ നല്‍കാനും സംഭവസ്ഥലം സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ആന്ധ്ര മുഖ്യമന്ത്രി വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ഏകാദശി ആരാധനകള്‍ക്കായി ഭക്തര്‍ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൃഷിമന്ത്രി കെ അച്ചനായിഡു ക്ഷേത്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചതായി മന്ത്രി അറിയിച്ചു.

'ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ തിക്കും തിരക്കിലുമുണ്ടായ അപകടം ഞെട്ടലുണ്ടാക്കി. ഭക്തരുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗത്തില്‍ ശരിയായ ചികിത്സ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവസ്ഥലം സന്ദര്‍ശിക്കാനും ദുരിതാശ്വാസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനും പ്രാദേശിക ഉദ്യോഗസ്ഥരോടും പൊതുജന പ്രതിനിധികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്'-മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

Tags:    

Similar News