ഈജിപ്ഷ്യൻ രാജാവ് ടുട്ടൻഖാമന്റെ ശവകുടീരം പൂർണമായി പ്രദർശിപ്പിച്ച് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം; പ്രദർശനത്തിന് വയ്ക്കുന്നത് ശവകുടീരത്തിൽ കണ്ടെത്തിയ 5500 വസ്തുക്കൾ; 4,500 വർഷം പഴക്കമുള്ള ശവസംസ്കാര ബോട്ടും നിധിശേഖരയും മ്യൂസിയത്തിലെ പ്രധാന ആകർഷണം

Update: 2025-11-02 04:22 GMT

കെയ്റോ: ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം പൂർണമായി പ്രദർശിപ്പിച്ച് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം. 1922-ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാർഡ് കാർട്ടർ കണ്ടെത്തിയ 3300 വർഷം പഴക്കമുള്ള ഈ ശ്മശാന അറ, ഇനി ലോകമെമ്പാടുമുള്ള പുരാവസ്തു പ്രേമികൾക്ക് സദർശിക്കാം. 1922-ൽ ഈജിപ്തിലെ താഴ്വരയിൽ നിന്ന് കുഴിച്ചെടുത്ത ടുട്ടൻഖാമന്റെ ശവകുടീരം, ഇതുവരെയുള്ള ഏറ്റവും പ്രശസ്തമായ പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണ്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടായിട്ടും, അതിശയകരമാംവിധം നല്ല നിലയിൽ സംരക്ഷിക്കപ്പെട്ട നിലയിലാണ് ഇത് കണ്ടെത്തിയത്.

പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ഗിസയിലെ ഖുഫുവിന്റെ പിരമിഡിന് സമീപത്താണ് ഈ കൂറ്റൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. രാജവംശത്തിനു മുമ്പുള്ള കാലം മുതൽ ഗ്രീക്ക്, റോമൻ കാലഘട്ടങ്ങൾ വരെയുള്ള രാജ്യത്തിന്റെ ഏഴ് സഹസ്രാബ്ദങ്ങളുടെ ചരിത്രത്തെ ഉൾക്കൊള്ളുന്ന ഏകദേശം 100,000 പുരാവസ്തുക്കൾ ഇവിടെ പ്രദർശനത്തിനുണ്ട്. എന്നാൽ, ടുട്ടൻഖാമന്റെ ശവകുടീരം പൂർണമായി പ്രദർശിപ്പിക്കുന്നത് ചരിത്രപരമായ ഒരു നാഴികക്കല്ലാണ്.

വിദേശത്തെ മറ്റ് മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഈജിപ്ഷ്യൻ പുരാവസ്തുക്കൾ തിരികെ ലഭിക്കാനുള്ള ആവശ്യം ശക്തമായി ഉയർത്താൻ ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൻ്റെ പ്രവർത്തനം കൂടുതൽ കരുത്തേകുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പ്രസിദ്ധമായ റോസെറ്റാ സ്റ്റോണിൻ്റെ കാര്യവും ഉൾപ്പെടുന്നു. രാജാവായ ടുട്ടൻഖാമന്റെ ശവകുടീരത്തിലെ മുഴുവൻ നിധിശേഖരവുമാണ് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിലെ പ്രധാന ആകർഷണം. ബ്രിട്ടീഷ് ഈജിപ്റ്റോളജിസ്റ്റ് ഹോവാർഡ് കാർട്ടർ ശവകുടീരം കണ്ടെത്തിയതിന് ശേഷം ആദ്യമായാണ് ഇവയെല്ലാം ഒരുമിച്ച് പ്രദർശിപ്പിക്കുന്നത്. ടുട്ടൻഖാമന്റെ സ്വർണ്ണ മുഖം, സിംഹാസനം, രഥങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

'1922-ൽ ശവകുടീരം കണ്ടെത്തിയ ശേഷം, അതിലുണ്ടായിരുന്ന 5,500-ൽ അധികം വസ്തുക്കളിൽ ഏകദേശം 1,800 എണ്ണം പ്രദർശിപ്പിച്ചിരുന്നു. അദ്ദേഹത്തെ എങ്ങനെ വ്യത്യസ്തമായി അവതരിപ്പിക്കാം എന്ന് ഞാൻ ചിന്തിച്ചു,' അന്താരാഷ്ട്ര ഈജിപ്റ്റോളജിസ്റ്റ് അസോസിയേഷൻ പ്രസിഡന്റും പ്രധാന ആകർഷണം, ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൻ്റെ മുൻ മേധാവിയുമായ ഡോ. ടാരെക് തൗഫിക് പറഞ്ഞു. 'ശവകുടീരത്തിലെ മുഴുവൻ വസ്തുക്കളും ഒരുമിച്ച് പ്രദർശിപ്പിക്കുക എന്നതായിരുന്നു എൻ്റെ ആശയമെന്നും, അതിലൂടെ ഹോവാർഡ് കാർട്ടർക്ക് ലഭിച്ച അതേ അനുഭവം നൂറ് വർഷങ്ങൾക്ക് ശേഷം സന്ദർശകർക്കും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർഷം ഏകദേശം 8 മില്യൺ സന്ദർശകരെ ആകർഷിക്കുമെന്നും, സമീപകാല പ്രതിസന്ധികളാൽ തളർച്ച നേരിട്ട ഈജിപ്ഷ്യൻ ടൂറിസത്തിന് വലിയ ഉണർവ് നൽകുമെന്നും പ്രതീക്ഷിക്കുന്നു. 'ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഈജിപ്റ്റോളജിയുടെയും സാംസ്കാരിക ടൂറിസത്തിൻ്റെയും ഒരു പുതിയ സുവർണ്ണ കാലഘട്ടം ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' പിരമിഡുകൾക്ക് ഗൈഡ് കൂടിയായ അഹമ്മദ് സെദ്ദിക്ക് പറഞ്ഞു. ടുട്ടൻഖാമന്റെ പ്രദർശനത്തിന് പുറമെ, 4,500 വർഷം പഴക്കമുള്ള ഖുഫുവിൻ്റെ സംസ്കാര ചടങ്ങിന് ഉപയോഗിച്ചിരുന്ന ബോട്ടും ഇവിടെ സന്ദർശകർക്ക് കാണാം. 

Tags:    

Similar News