അമിതവേഗതയില്‍ കാറോടിച്ച് വന്ന് കണ്ണില്‍ കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിച്ചു; ഫ്രാന്‍സിലെ ഒലേറോണ്‍ ദ്വീപില്‍ ഇരയായത് വിനോദ സഞ്ചാരികളായ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും; പരിക്കേറ്റ 10 പേരില്‍ നാലുപേരുടെ നില അതീവ ഗുരുതരം; പിടിയിലായ അക്രമി അള്ളാഹു അക്ബര്‍ എന്ന് ഉച്ചത്തില്‍ വിളിച്ചതായി റിപ്പോര്‍ട്ട്
ഒലേറോണ്‍ ദ്വീപില്‍ ഞെട്ടിക്കുന്ന ആക്രമണം.
പാരീസ്: ഫ്രാന്‍സിലെ പ്രസിദ്ധമായ അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായ ഒലേറോണ്‍ ദ്വീപില്‍ ഞെട്ടിക്കുന്ന ആക്രമണം. ഇന്ന് രാവിലെ 8.45 ഓടെ അമിതവേഗതയില്‍ കാറോടിച്ച് വച്ച അക്രമി കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രികരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിനു ശേഷം പിടിയിലായ പ്രതി അള്ളാഹു അക്ബര്‍ എന്ന് വിളിച്ചുപറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിക്കേറ്റവരുടെ പ്രായം 21 നും 69 നും ഇടയിലാണ്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ എം.പി പാസ്‌കല്‍ മാര്‍ക്കോവ്‌സ്‌കിയുടെ സഹായി എമ്മയും(21) ഈ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം ഇടിച്ചിടാന്‍ ശ്രമിച്ച ആക്രമണകാരി, വാഹനത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ വെച്ച് തീയിടാനും ശ്രമിച്ചു. ഇയാളെ പോലീസ് ടെയ്സര്‍ ഉപയോഗിച്ച് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനിടെ ഇയാള്‍ 'അള്ളാഹു അക്ബര്‍' എന്ന് വിളിച്ചുപറഞ്ഞതായി ഡോളസ്-ഡി'ഒലേറോണ്‍ മേയര്‍ സ്ഥിരീകരിച്ചു. സാക്ഷികളുടെ മൊഴികളനുസരിച്ച്, പ്രതി മനഃപൂര്‍വമാണ് കാര്‍ യാത്രാക്കാരുടെ നേര്‍ക്ക് ഓടിച്ചുവിട്ടത്. നിരവധി മൈലുകളോളം ദൂരം സഞ്ചരിച്ച് വിവിധ വഴികളിലായി പ്രതി പലരെയും ഇടിച്ചുതെറിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍, നിലവില്‍ ഭീകരവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍മാരുടെ ഓഫീസ് കേസില്‍ ഇടപെട്ടിട്ടില്ല. 35 വയസ്സുള്ള പ്രതി പ്രദേശവാസി തന്നെയാണ്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. തീവ്രവാദ നിരീക്ഷണപ്പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടില്ല.
ഡാളസ്-ഡി'ഒലേറോണ്‍, സെന്റ്-പിയറി-ഡി'ഒലേറോണ്‍ എന്നീ ഗ്രാമങ്ങള്‍ക്കിടയിലാണ് ആക്രമണം നടന്നത്.ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറന്റ് നൂനെസ് സംഭവസ്ഥലം സന്ദര്‍ശിച്ചു, പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ലാ റോഷെല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍നോഡ് ലാരൈസ്, കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചു.
പ്രതി ഒരു ഫ്രഞ്ച് കോക്കേഷ്യന്‍ പൗരനാണ്. ദ്വീപില്‍ 'വളരെക്കാലമായി' താമസിക്കുന്ന ഇവിടെ നിരവധി ബന്ധുക്കളുണ്ട്. ഒലേറോണ്‍ ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ലാ കോട്ടിനിയെര്‍ എന്ന ഗ്രാമത്തിലെ ഒരു മൊബൈല്‍ ഹോമിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മയക്കുമരുന്നും മദ്യവും സ്ഥിരമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉള്ളതായി സെന്റ്-പിയറി-ഡി'ഒലേറോണ്‍ മേയര്‍ ക്രിസ്റ്റോഫ് സ്യൂവര്‍ പറഞ്ഞു.
