ചെങ്കോട്ടയിലെ ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല; പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും; ഗൂഢാലോചകര്‍ക്ക് മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി; നിര്‍ണായക തെളിവുകള്‍ കണ്ടെത്തി അന്വേഷണ ഏജന്‍സികള്‍

Update: 2025-11-11 09:53 GMT

തിംഫു: ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കാര്‍ സ്ഫോടനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. സൂത്രധാരന്‍മാര്‍ ആരായാലും അടിവേര് വരെ ചികഞ്ഞെടുക്കും. നീതി നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി ഭൂട്ടാനിലെ തിംഫുവില്‍ പറഞ്ഞു. ഭൂട്ടാനില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ടാണ് പ്രധാനമന്ത്രി ഭൂട്ടാനിലെത്തിയത്. ഇന്നലെ വൈകുന്നേരം 6.52 ഓടെയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഡല്‍ഹിയിലെ റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപം ഉണ്ടായത്. വിങ്ങുന്ന ഹൃദയത്തോടെയാണ് താനുള്ളതെന്നും ഡല്‍ഹിയിലുണ്ടായ സ്‌ഫോടനം എല്ലാരെയും ദുഃഖത്തിലാഴ്ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌ഫോടനത്തില്‍ ഉറ്റവരെ നഷ്ടമായവരുടെ വേദന തനിക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ടെന്നും രാജ്യം ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്ന് വളരെ വേദനയോടെയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നലെ വൈകുന്നേരം നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ഇരകളായ കുടുംബങ്ങളുടെ ദുഃഖം ഞാന്‍ മനസ്സിലാക്കുന്നു. രാജ്യം മുഴുവന്‍ ഇന്ന് അവരോടൊപ്പമുണ്ട്. കഴിഞ്ഞ രാത്രി മുഴുവന്‍ ഈ സംഭവം അന്വേഷിക്കുന്ന എല്ലാ ഏജന്‍സികളുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. നമ്മുടെ ഏജന്‍സികള്‍ ഈ ഗൂഢാലോചനയുടെ ചുരുളഴിക്കും. ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും' മോദി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജന്‍സികളുമായും ഇന്നലെ രാത്രി മുഴുവന്‍ ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഈ അവസരത്തില്‍ ഞാന്‍ ഉറപ്പ് നല്‍കുന്നു അദ്ദേഹം പറഞ്ഞു

അതേസമയം ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ജെയ്ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത്. പുല്‍വാമ കോലി സ്വദേശിയായ ഉമര്‍ മുഹമ്മദ് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ആമിറിന്റെ പേരില്‍ കഴിഞ്ഞ മാസം വാങ്ങിയ കാറിനു മുഴുവന്‍ പണവും നല്‍കിയത് ഉമര്‍ മുഹമ്മദാണ്.

തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്ഫോടനത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. ആറ് മൃതദേഹം തിരിച്ചറിഞ്ഞു. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം ചേരുകയാണ്. അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയേക്കും. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. സംഭവത്തില്‍ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സികള്‍ 'വേഗത്തിലും സമഗ്രമായും' അന്വേഷണം നടത്തുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഉടന്‍ പരസ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

സ്‌ഫോടനത്തിന്റെ സൂത്രധാരന്‍മാരിലേക്ക് നയിക്കുന്ന നിര്‍ണായക തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. പുല്‍വാമയിലെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ലാപ്‌ടോപ്പും മൊബൈലും കണ്ടെത്തി. ഭീരുക്കളാണ് ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച അദ്ദേഹം ഉറ്റവരെ നഷ്ടമായവരുടെ വേദനയില്‍ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും അഭിഭാഷകരും പങ്കുചേരുന്നുവെന്നും പറഞ്ഞു

ടെലഗ്രാം മറയാക്കി ഉമര്‍

ജയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ടെലഗ്രാം വഴിയാണ് സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. സംഘാംഗങ്ങളെ വന്‍ സ്‌ഫോടക ശേഖരവുമായി ഫരീദാബാദില്‍ നിന്നും പിടികൂടിയതിന് പിന്നാലെയാണ് ഉമര്‍ ചാവേറായത്. 1989 ഫെബ്രുവരി 24ന് പുല്‍വാമയില്‍ ജനിച്ച ഉമര്‍ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംഡിയും എടുത്തു. അനന്ത്‌നാഗിലെ മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റായി ജോലി ചെയ്യുന്നതിനിടെയാണ് ഫരീദാബാദിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ആദില്‍ അഹമ്മദ് റാഥേറിന്റെയും മുസമ്മില്‍ ഷക്കീലീന്റെയും ഉറ്റസുഹൃത്തായിരുന്നു ഉമറെന്നും പൊലീസ് പറയുന്നു. ഇവരെ ജമ്മു പൊലീസ് പിടികൂടിയതില്‍ പരിഭ്രാന്തനായ ഉമര്‍ സ്‌ഫോടക വസ്തു നിറച്ച ശ20 കാറുമായി ഡല്‍ഹിയിലേക്ക് എത്തുകയും സ്‌ഫോടനം നടത്തുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News