ദീപാവലിക്കും റിപ്പബ്ലിക് ദിനത്തിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് മുസമ്മില്‍ ഷക്കീല്‍; പ്രതികള്‍ ചെങ്കോട്ടയില്‍ എത്തിയതിനും തെളിവുകള്‍; ഡോക്ടര്‍മാരെ തീവ്രവാദ ആശയങ്ങള്‍ പഠിപ്പിച്ചത് മതപണ്ഡിതനായ മൗലവി ഇര്‍ഫാന്‍; ലക്ഷ്യമിട്ടത് 'ഓപ്പണ്‍ സ്ലീപ്പര്‍ സെല്ലുകള്‍' വഴി നിരവധി ഭീകാരാക്രമണങ്ങള്‍ക്കെന്നും അന്വേഷണ സംഘം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന സ്ഫോടനത്തില്‍ അന്വേഷണം തുടരുന്നതിനിടെ രാജ്യവ്യാപക ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത്. ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി പറയപ്പെടുന്ന ഒരു തീവ്രവാദ ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരം ലഭിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
2026 ജനുവരി 26ന് ഒരു സ്‌ഫോടനം പദ്ധതിയിട്ടിരുന്നെന്നാണ് ഫരീദാബാദില്‍ നിന്ന് പിടിയിലായ മുസമ്മില്‍ ഷക്കീല്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. കൂടാതെ ദീപാവലി ദിവസം സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചെന്നും എന്നാല്‍ അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും മുസമ്മില്‍ അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാല്‍ എവിടെയാണ് സ്‌ഫോടനം നടത്താനായി തിരഞ്ഞെടുത്തത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഡല്‍ഹി സ്‌ഫോടനം നടത്തുന്നതിന് മുന്‍പ് പ്രതികള്‍ ചെങ്കോട്ടയുടെ പരിസരത്ത് എത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടക വസ്തുക്കളുമായി മുസമ്മില്‍ ഷക്കീലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്. താനും ഉമറും നേരത്തെ ചെങ്കോട്ടയില്‍ എത്തിയെന്നാണ് മുസമ്മില്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ അയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതായും അന്വേഷണ സംഘം അറിയിച്ചു.
തീവ്രവാദ ആശയങ്ങള്‍ പഠിപ്പിച്ചത് മതപണ്ഡിതന്‍
ശ്രീനഗറില്‍ നിന്നും അനന്തനാഗില്‍ നിന്നുമുള്ള രണ്ട് വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രധാന അംഗങ്ങളെ, കശ്മീരിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് മൗലവി ഇര്‍ഫാന്‍ എന്ന മതപണ്ഡിതനാണ് തീവ്രവാദ ആശയങ്ങള്‍ പഠിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു. ഉന്നത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മൗലവി ഇര്‍ഫാന്‍ ഈ സംഘത്തിന് 'ഗസ്വെ ഹിന്ദ്' പോലുള്ള തീവ്രവാദ ആശയങ്ങള്‍ പരിചയപ്പെടുത്തി. മൗലവിയില്‍നിന്നാണ് ഇന്ത്യയിലുടനീളം 'ഓപ്പണ്‍ സ്ലീപ്പര്‍ സെല്ലുകള്‍' ഉണ്ടാക്കാനും കൂടുതല്‍ ആളുകളെ ചേര്‍ത്ത് പ്രവര്‍ത്തന ശൃംഖല വികസിപ്പിക്കാനും തീവ്രവാദികളായ അംഗങ്ങള്‍ക്ക് പ്രേരണ ലഭിച്ചത്.
ഇതുവരെ അറസ്റ്റിലായവരാണ് പ്രധാന സംഘമെന്നും അവര്‍ ആക്രമണങ്ങള്‍ക്കായി ചിട്ടയായ ആസൂത്രണം ആരംഭിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. 'ക്രമരഹിതമായി ആക്രമിക്കുന്നത് തങ്ങളുടെ ലക്ഷ്യം നിറവേറ്റില്ലെന്ന് അവര്‍ക്ക് വ്യക്തമായിരുന്നു. ഡല്‍ഹിയാണ് അധികാരകേന്ദ്രമെന്നും തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ലക്ഷ്യമിടുക എന്നതായിരുന്നു അവരുടെ ദീര്‍ഘകാല ലക്ഷ്യമെന്നും അവര്‍ മനസ്സിലാക്കിയിരുന്നു.' ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റിലായ വനിതാ ഡോക്ടര്‍മാരില്‍ ഒരാളുടെ ബ്രെസ്സ കാറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇപ്പോള്‍ അന്വേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാഹനത്തില്‍ സ്ഫോടകവസ്തുക്കള്‍ ഉണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഇത് കണ്ടെത്താനായി ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അറസ്റ്റിലായ ഡോക്ടര്‍ രണ്ടാമതൊരു ബ്രെസ്സ കാര്‍ കൂടി ഉപയോഗിച്ചിരുന്നതായും, അത് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, പ്രധാന പ്രതികളായ ആദിലും മുസമ്മിലും ഈ വര്‍ഷം ആദ്യം തുര്‍ക്കിയിലേക്ക് യാത്ര ചെയ്തിരുന്നതായും, അവിടെ വെച്ച് തങ്ങളുടെ ഹാന്‍ഡ്‌ലറുമായി കൂടിക്കാഴ്ച നടത്തിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. തുര്‍ക്കിയിലെ ഇവരുടെ താമസവും യാത്രകളും ഹാന്‍ഡ്‌ലറാണ് ഒരുക്കിയതെന്നും ഇത് സംഘടിതമായ ഒരു അന്താരാഷ്ട്ര പിന്തുണയെയാണ് സൂചിപ്പിക്കുന്നതെന്നും ഏജന്‍സികള്‍ സംശയിക്കുന്നു. ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഈ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നതാണ്.
രണ്ട് വനിതാ ഡോക്ടര്‍മാര്‍ തമ്മിലുള്ള 400-ല്‍ അധികം എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇതില്‍ പണം കൈമാറ്റം, മറ്റ് സൗകര്യങ്ങള്‍, സുരക്ഷിതമായ ഒളിത്താവളങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് 2023-നും 2024-നും ഇടയില്‍ ഇസ്താംബൂളില്‍ നിന്നും ദോഹയില്‍ നിന്നും ഡിജിറ്റല്‍ വാലറ്റുകള്‍ വഴി നിരവധി തവണ വിദേശ പണം ലഭിച്ചതായും, ഇത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് ആണെന്നും കരുതപ്പെടുന്നു.
രണ്ട് സ്ത്രീകളും ബംഗ്ലാദേശിലെ ധാക്ക മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ശ്രീനഗറില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കാലത്താണ് ഇവര്‍ മൗലവി ഇര്‍ഫാനുമായി ബന്ധപ്പെടുന്നത്. ഈ കാലഘട്ടത്തെയാണ് ഇവരുടെ തീവ്രവാദത്തിലേക്കുള്ള 'വഴിത്തിരിവായി' അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. ഈ ശൃംഖല വളരെ സംഘടിതവും, ഡിജിറ്റല്‍ വൈദഗ്ധ്യമുള്ളതും, വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതുമാണെന്ന് വൃത്തങ്ങള്‍ പറയുന്നു.
ഈ വിവരങ്ങളെല്ലാം, ഒരു വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ പ്രതികളുടെ തുര്‍ക്കി, ഖത്തര്‍ ബന്ധങ്ങളും, സംഘത്തിന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ലഭിച്ചതിന്റെ ഉറവിടവും പരിശോധിച്ചുവരികയാണ്. സ്ഫോടകവസ്തുക്കള്‍ നിറച്ച ബ്രെസ്സ കാറിനായുള്ള തിരച്ചിലിനൊപ്പം തന്നെ വളര്‍ന്നുവരുന്നതും, അപകടകരവുമായ ഈ സ്ലീപ്പര്‍ സെല്‍ ശൃംഖലയിലെ കൂടുതല്‍ പ്രവര്‍ത്തകരെ കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കിയിട്ടുള്ളതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി, നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് കണ്ടെടുത്ത അധികൃതര്‍ ഡിജിറ്റല്‍ തെളിവുകള്‍, പണമിടപാട് രേഖകള്‍, എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങള്‍ എന്നിവയും പരിശോധിച്ചുവരികയാണ്.
തിങ്കളാഴ്ച വൈകിട്ട് 6.52നാണ് ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപം നടന്ന സ്‌ഫോടനത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം. കാര്‍ ഓടിച്ചത് ഉമര്‍ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇയാളുടെ കൂട്ടാളികളായ ഡോ.മുസമ്മില്‍ ഷക്കീലിനെയും ഡോ.അദീല്‍ അഹമ്മദ് റാത്തറിനെയും സ്‌ഫോടനത്തിന് മുന്‍പ് സ്‌ഫോടക വസ്തുക്കളുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് 2,900 കിലോഗ്രാമിലധികം സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇത്. ഇന്ത്യയിലുടനീളം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഒരു വലിയ ഭീകര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഈ സ്ഫോടകവസ്തുക്കളുടെ കണ്ടെത്തലാണ്.
