മിക്കവരെയും ശിരഛേദം ചെയ്തതായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് അവരുടെ വിധിയെക്കുറിച്ച് ഉറപ്പില്ല; സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ജയിലില്‍ സംഭവിക്കുന്നത് എന്തെല്ലാം? റിപ്പോര്‍ട്ട് പുറത്ത്

Update: 2025-11-13 03:43 GMT

സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ജയിലിനെ കുറിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. എപ്പോഴാണ് ഇവരുടെ ശിരഛേദം നടക്കുക എന്ന കാര്യം ജയിലിലെ ഉദ്യോഗസ്ഥന്‍മാര്‍ മുന്‍കൂട്ടി വിവരം അറിയിക്കില്ലെന്നും പെട്ടെന്നായിരിക്കും അവരെ ശിക്ഷ നടപ്പിലാക്കാനായി കൂട്ടിക്കൊണ്ട് പോകുന്നത് എന്നുമാണ് വിവരം. സൗദി അറേബ്യയുടെ വടക്ക് ഭാഗത്തുള്ള തബൂക്ക് ജയിലിലാണ് തടവുകാരെ വ്യാപകമായി വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ഇവിടുത്തെ ജീവനക്കാരും തടവുകാരെ ക്രൂരമായ രീതിയില്‍ പീഡിപ്പിക്കുന്നതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

തങ്ങളുടെ കൂടെയുള്ള വ്യക്തിയെ വധശിക്ഷ നടപ്പിലാക്കാന്‍ കൊണ്ട് പോകുമ്പോള്‍ മാത്രമേ മറ്റ് തടവുകാര്‍ക്ക് ഇക്കാര്യം മനസിലാക്കാന്‍ കഴിയുകയുള്ളൂ. പ്രമുഖ മാധ്യമമായ ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 20 കാവല്‍ക്കാര്‍ അടങ്ങുന്ന ഒരു വധശിക്ഷാ സംഘം ഒരു തടവുകാരനെ സമീപിക്കുന്നു. തുടര്‍ന്ന് അവര്‍ അവരുടെ ചെവിയില്‍ എന്തോ മന്ത്രിക്കുകയും അവരെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യും. ഒരു തടവുകാരനെ വധശിക്ഷക്ക് വിധേയനാക്കുന്ന കാര്യം അപ്പോള്‍ മാത്രമായിരിക്കും മറ്റുള്ളവര്‍ അറിയുന്നത്. തബൂക്ക് ജയിലില്‍ നേരത്തേ ഇത്തരത്തില്‍ ആയിരുന്നില്ല വധശിക്ഷക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍. തടവുകാര്‍ക്ക് വധശിക്ഷയെക്കുറിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുമായിരുന്നു.

അവര്‍ക്ക് കുളിക്കാനും പ്രിയപ്പെട്ടവരെ വിളിക്കാനും അവസരം നല്‍കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വധശിക്ഷക്ക് വിധേയരായ വ്യക്തികളുടെ കുടുംബംഗങ്ങള്‍ പറയുന്നത് വധശിക്ഷയ്ക്ക് ശേഷം മാത്രമേ തങ്ങളെ അറിയിക്കാറുള്ളൂ എന്നാണ്. വധശിക്ഷയ്ക്ക് ലോകത്തിലെ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ചൈനയ്ക്കും ഇറാനും പിന്നിലാണ് ഇക്കാര്യത്തില്‍ ഇവരുടെ സ്ഥാനം. മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴില്‍, വധശിക്ഷകള്‍ കൂടുതല്‍ പതിവായി കൊണ്ടിരിക്കുകയാണ്. മിക്കവരെയും ശിരഛേദം ചെയ്തതായി വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് അവരുടെ വിധിയെക്കുറിച്ച് ഉറപ്പില്ല.

അവര്‍ക്ക് ലഭിക്കുന്നത് മരണ സര്‍ട്ടിഫിക്കറ്റ് മാത്രമാണ്. 2016 ല്‍ മയക്കുമരുന്ന് കടത്ത് കുറ്റത്തിന് അറസ്റ്റിലായപ്പോള്‍ സൗദി അറേബ്യയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന അഹമ്മദ് യൂനസ് അല്‍-ഖായെദ് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഡസന്‍ കണക്കിന് ആളുകളില്‍ ഒരാളായിരുന്നു. 2021 ല്‍ സല്‍മാന്‍ രാജകുമാരന്‍ വധശിക്ഷകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം ജയിലില്‍ നിന്ന് രക്ഷപ്പെടുമെന്ന് കുടുംബം കരുതിയിരുന്നു.

എന്നാല്‍ അടുത്ത വര്‍ഷം വിലക്ക് നീക്കുകയും നിരവധി പേരെ വധിക്കുകയും ചെയ്യുകയായിരുന്നു. മനുഷ്യാവകാശ സംഘടനയായ റിപ്രൈവിന്റെ അഭിപ്രായത്തില്‍, ഈ വര്‍ഷം ജനുവരി 1 നും നവംബര്‍ 3 നും ഇടയില്‍ മാത്രം 346 പേരെ വധിച്ചു. ഈ ആളുകളില്‍ ബഹുഭൂരിപക്ഷവും മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍, പ്രതികളായിരുന്നു. കഴിഞ്ഞ വര്‍ഷം അല്‍-ഖായിദിനെ വധിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോഴും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തെ എവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്നും അറിയില്ലെന്നും കുടുംബം ഗാര്‍ഡിയനോട് പറഞ്ഞു. ഈ വര്‍ഷം ആദ്യം, 2018-ല്‍ അറസ്റ്റിലായ സര്‍ക്കാരിനെതിരെ ട്വീറ്റ് ചെയ്തതിന് ശേഷം തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തി ശിക്ഷിക്കപ്പെട്ട ഒരു പ്രമുഖ സൗദി പത്രപ്രവര്‍ത്തകനെയും വധിച്ചിരുന്നു. തുര്‍ക്കി അല്‍ ജാസര്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. അല്‍-ജാസറിന്റെ വീട് റെയ്ഡ് ചെയ്ത് അധികൃതര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കമ്പ്യൂട്ടറും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എവിടെയാണ് അദ്ദേഹത്തിന്റെ വിചാരണ നടന്നതെന്നോ എത്രകാലം നീണ്ടുനിന്നെന്നോ വ്യക്തമല്ല. എന്നാല്‍ ഏഴ് വര്‍ഷത്തെ തടവില്‍ കഴിയുന്നതിനിടെ അദ്ദേഹം ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്നു. സമൂഹ മാധ്യമമായ എക്‌സിലെ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടിന് പിന്നില്‍ അല്‍-ജാസര്‍ ആണെന്ന് സൗദി അധികൃതര്‍ വിശ്വസിച്ചിരുന്നു. തീവ്രവാദികളെയും തീവ്രവാദ ഗ്രൂപ്പുകളെയും കുറിച്ച് അല്‍-ജാസര്‍ നിരവധി വിവാദ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതായും പറയപ്പെടുന്നു. 2018-ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖഷോഗിയെ സൗദി സര്‍ക്കാരിന്റെ ഏജന്റുമാര്‍ കൊലപ്പെടുത്തിയതിന് ശേഷം ഒരു പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവമായിരുന്നു അല്‍-ജാസറിന്റെ വധശിക്ഷ.

Similar News