'റൂം 13' എന്നത് ഭീകര സംഘടനയുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപയോഗിച്ച ഒരു കേന്ദ്രം; തുര്‍ക്കിയിലെ 'ഉകാസ' എന്ന പേര് സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലെ ഒരു പ്രധാന കണ്ണി; ഡോക്ടര്‍മാര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചത് സ്വിസ് ആപ്പായ 'ത്രിമ'; എന്തുകൊണ്ട് ഇന്ത്യന്‍ അന്വേഷണത്തെ അമേരിക്ക കൈയ്യടിച്ചു?
ന്യൂഡല്‍ഹി: രാജ്യത്തെ ഉലച്ച ചെങ്കോട്ട സ്‌ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്ക് തുര്‍ക്കിയില്‍നിന്ന് നിര്‍ദേശങ്ങളും സഹായങ്ങളും ലഭിച്ചതായി വ്യക്തം. പാക് തീവ്രവാദ സംഘടനകളായ ജെയ്ഷെ മുഹമ്മദിനും ഐഎസ് ശാഖയായ അന്‍സാര്‍ ഗസ്വാത് അല്‍ ഹിന്ദിനും വേണ്ടിയാണ് ഉമര്‍ നബിയും അറസ്റ്റിലായ ഡോക്ടര്‍മാരും പ്രവര്‍ത്തിച്ചത്. തുര്‍ക്കി അങ്കാറയില്‍ നിന്നുള്ള 'ഉകാസ' എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വ്യക്തി ഡോക്ടര്‍മാരുടെയും ജെയ്ഷിന്റെയും അന്‍സാറിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. സ്‌ഫോടനം നടത്തിയത് ഡോ. ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചു. പൊട്ടിത്തെറിച്ച കാറിലെ ശരീരാവശിഷ്ടങ്ങളും ഉമറിന്റെ അമ്മയുടെ ഡിഎന്‍എ സാംപിളുകളും പരിശോധിച്ചതില്‍ നിന്നാണിത്. അതിനിടെ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഭീകരവാദം വളര്‍ത്താന്‍ ഇടപെടുന്നെന്ന വാര്‍ത്ത തുര്‍ക്കി നിഷേധിച്ചു. പൂര്‍ണമായും തെറ്റാണെന്നും വസ്തുതാവിരുദ്ധമാണെന്നും തുര്‍ക്കി കമ്യൂണിക്കേഷന്‍സ് സെന്റര്‍ ഫോര്‍ കൗണ്ടറിങ് ഡിസ്ഇന്‍ഫോര്‍മേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ഇതിന് വിരുദ്ധമാണ് കിട്ടിയ തെളിവുകള്‍. ഡോ. ഉമര്‍ നബിയും പിടിയിലായ ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. ഷഹീന്‍ ഷാഹിദ്, ഡോ. മുഹമ്മദ് ഷക്കീല്‍ എന്നിവര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. 2022 മാര്‍ച്ചില്‍ അങ്കാറയിലെത്തിയ ഉമറും ഷക്കീലും രണ്ടാഴ്ചയോളം താമസിച്ചു. ഉകാസയുമായി ആദ്യഘട്ടത്തില്‍ ടെലിഗ്രാമിലായിരുന്നു ബന്ധപ്പെട്ടതെങ്കിലും പിന്നീടിത് സെഷന്‍, സിഗ്‌നല്‍ ആപ്പുകളിലേക്ക് മാറി. സ്‌ഫോടനം നടത്താന്‍ ഉകാസയിട്ട പദ്ധതി ഉമര്‍ നബി അടക്കമുള്ളവരിലൂടെ നടപ്പാക്കുകയായിരുന്നു . അറസ്റ്റിലായ ഡോക്ടര്‍മാര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചത് സ്വിസ് ആപ്പായ 'ത്രിമ'യാണെന്നും കണ്ടെത്തി. ഇതോടെ തുര്‍ക്കി സഹായം വ്യക്തമായി. ഈ സാഹചര്യത്തില്‍ കണ്ടെത്തുലകള്‍ തുര്‍ക്കിയെ ഇന്ത്യ അറിയിക്കും. ഉകാസയെ കണ്ടെത്താന്‍ സഹായവും തേടും. പാക്കിസ്ഥാന്‍ ബന്ധം ഉകാസയ്ക്കുണ്ടെന്നാണ് നിഗമനം. ഇന്ത്യയുടെ അന്വേഷണത്തെ അമേരിക്ക അടക്കം കൈയ്യടിച്ചു കഴിഞ്ഞു. കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ ഭീകര നെറ്റ് വര്‍ക്ക് ഇന്ത്യ കണ്ടെത്തിയതാണ് ഇതിന് കാരണം. ഈ അന്വേഷണം ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നെന്ന കുറ്റത്തിന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം മുന്‍പ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട ഡോ. നിസാര്‍ ഉല്‍ ഹസനാണ് ഇന്ത്യയിലെ വൈറ്റ് കോളര്‍ ഭീകരതയുടെ സംഘ തലവന്‍. ഇവര്‍ക്ക് നേതൃത്വം നല്‍കി. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ അധ്യാപകനായി ചേര്‍ന്ന ഇയാളെ നിലവില്‍ കാണാനില്ല. രാജ്യവ്യാപകമായി ഭീകര ശൃംഖലകളുടെ സാന്നിധ്യം വെളിവാക്കുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനകളില്‍, 'അല്‍-ഫലാഹിന്റെ 'റൂം 13',' തുര്‍ക്കിയിലെ 'ഉകാസ' തുടങ്ങിയ പേരുകളുമായി ബന്ധപ്പെട്ട പത്ത് പുതിയ കണ്ടെത്തലുകളാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്. ഈ വിവരങ്ങള്‍ സ്‌ഫോടനത്തിന് പിന്നിലെ ആസൂത്രണത്തെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും വ്യക്തമായ സൂചനകള്‍ നല്‍കുന്നതായി അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരവാദികളുടെ കെണി വലിച്ചുള്ള ശൃംഖല പ്രധാന നഗരങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്നുവെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. 'റൂം 13' എന്നത് ഭീകര സംഘടനയുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപയോഗിച്ച ഒരു കേന്ദ്രമാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം, തുര്‍ക്കിയിലെ 'ഉകാസ' എന്ന പേര് സ്‌ഫോടനത്തിന്റെ ആസൂത്രണത്തില്‍ ഒരു പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ച ഒരു വ്യക്തിയെയോ സംഘടനയെയോ സൂചിപ്പിക്കുന്നുണ്ടോ എന്നും പരിശോധിച്ചുവരികയാണ്. ഈ പുതിയ വിവരങ്ങള്‍ കേസന്വേഷണത്തിന് ഒരു വഴിത്തിരിവാകുമെന്നും സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായകമാകുമെന്നും ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തിയ ചെങ്കോട്ട സ്‌ഫോടനം, സുരക്ഷാ ഏജന്‍സികള്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു. സ്‌ഫോടനത്തിന് ശേഷം നടന്ന തീവ്രമായ തിരച്ചിലുകളും ചോദ്യം ചെയ്യലുകളും വഴിയാണ് ഈ പത്ത് നിര്‍ണായക വിവരങ്ങളിലേക്ക് അന്വേഷണ സംഘം എത്തിയത്. ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഈ കണ്ടെത്തലുകള്‍ ഒരു വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ഭീകരബന്ധങ്ങളും അവയുടെ പ്രവര്‍ത്തന രീതികളും മനസ്സിലാക്കുന്നതിന് ഈ വിവരങ്ങള്‍ സഹായകമാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളും തുടര്‍നടപടികളും പ്രതീക്ഷിക്കുന്നതായി അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഈ വിവരങ്ങള്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഭീകരസംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന 'വൈറ്റ് കോളര്‍' സംഘത്തെ പിടികൂടിയതിനു പിന്നില്‍ ശ്രീനഗര്‍ എസ്എസ്പി ഡോ. ജി.വി.സുന്‍ദീപ് ചക്രവര്‍ത്തിയുടെ ജാഗ്രതയാണെന്നും വ്യക്തമായി. ശ്രീനഗറിനു സമീപം നൗഗാം ബണ്‍പോറയില്‍ കഴിഞ്ഞ മാസം 19ന് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്ററുകള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. പോസ്റ്റര്‍ പതിച്ച 3 പേരെ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഷോപ്പിയാന്‍ സ്വദേശി മൗലവി ഇര്‍ഫാന്‍ അഹമ്മദിന്റെ പേര് പുറത്തുവന്നത്.
ഇര്‍ഫാന്റെ ഷോപ്പിയാനിലെയും നൗഗാമിലെയും വീടുകള്‍ ഉടന്‍ പരിശോധിച്ചു. അതിര്‍ത്തിക്കപ്പുറത്തെ സംഘങ്ങളുമായി ആശയവിനിമയം നടത്തിയതിന്റെ ഉള്‍പ്പെടെ തെളിവുകള്‍ ലഭിച്ചു. ഇതിനു പിന്നാലെ മുസമില്‍ അഹമ്മദ് ഗനായിയിലേക്ക് അന്വേഷണമെത്തി. തുടര്‍ന്നാണു വന്‍ തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയതും കൂടുതലാളുകള്‍ അറസ്റ്റിലായതും. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ സുന്‍ദീപ് 2010ലാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. കുറച്ചുനാള്‍ ഡോക്ടറായി ജോലിചെയ്ത ശേഷം 2014ല്‍ ഐപിഎസ് നേടി. ഈ വര്‍ഷം ഏപ്രിലിലാണു ശ്രീനഗര്‍ എസ്എസ്പിയായത്.
