മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം; പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഐഇഡി ഘടിപ്പിച്ച് സ്ഫോടനം നടത്തിയാതാകാനുള്ള സാധ്യതയും സജീവം; നൗഗാമിലേത് വന്‍ സ്‌ഫോടനം; ഏഴ് മരണം; ദുരന്ത വ്യാപ്തി കൂടാന്‍ സാധ്യത
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരം. സ്‌ഫോടനത്തില്‍ സ്റ്റേഷനും വാഹനങ്ങളും കത്തിയമര്‍ന്നു. ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായവരില്‍ നിന്ന് ജമ്മു കഷ്മീര്‍ പോലീസ് പിടിച്ചെടുത്ത സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ഇവ പരിശോധിക്കുന്നതിനിടെ ഇവ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം. അതിനിടെ അട്ടിമറി സാധ്യതയും പരിശോധിക്കുന്നുണ്ട്. വിവിധ തരം റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അമോണിയം നൈട്രേറ്റ് ഉള്‍പ്പടെ ഇവിടെ സൂക്ഷിച്ചിരുന്നു. തഹസീല്‍ദാര്‍ അടക്കം ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
പോലീസും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സംഘവുമാണ് പരിശോധന നടത്തിയത്. സ്‌ഫോടനത്തില്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലും ഷേര്‍-ഇ-കഷ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലെ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂള്‍ കേസിലെ അന്വേഷണത്തിനിടെ ഹരിയാണയിലെ ഫരീദാബാദിലെ ഒരു ഡോക്ടറുടെ വാടക വീട്ടില്‍ നിന്നും പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍ തുടങ്ങിയ രാസവസ്തുക്കളാണ് ഇവിടെയുണ്ടായിരുന്നത്. പിടിച്ചെടുത്ത 360 കിലോഗ്രാം സ്ഫോടകവസ്തുക്കളില്‍ ഭൂരിഭാഗവും ഈ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്.
വന്‍ സ്ഫോടനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് നിന്ന് 300 അടി അകലെ വരെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ അമോണിയം നൈട്രേറ്റ് സീല്‍ ചെയ്യുന്നതിനിടെ തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറില്‍ ഐഇഡി ഘടിപ്പിച്ച് സ്ഫോടനം നടത്തിയാതാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. ജയ്ഷ്-ഇ-മുഹമ്മദിന്റെ നിഴല്‍ സംഘടനയായ പിഎഎഫ്എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ഏതായാലും വിശദ അന്വേഷണം നടക്കും. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് അടുത്ത് നടന്ന കാര്‍ സ്ഫോടനവുമായി ഇതിന് ബന്ധമുണ്ടെന്നാണ് വിവരം.
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റിലായിരുന്നു. ഹാപ്പൂരില്‍നിന്ന് ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ. ഫറൂഖാണ് പിടിയിലായത്. അല്‍ഫലാ സര്‍വകലാശാലയിലെ നാല് പേരും പിടിയിലായിട്ടുണ്ട്. ഹാപ്പൂരിലും നുഹുവിലും പരിശോധന തുടരുകയാണ്. തുര്‍ക്കിയില്‍ പോയ ഡോക്ടര്‍ക്കായും അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഡോ. ഷഹീന്‍ സഈദ് ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയിലെ ഉന്നതരുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പ്രത്യേകിച്ചും ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യ ആഫിറാബീവിയുമായി ഡോ. ഷഹീന് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജയ്ഷിന്റെ വനിതാവിഭാഗമായ ജമാ അത്ത് ഉല്‍ മൊമിനാത്തിന്റെ ഇന്ത്യന്‍ വിഭാഗം രൂപീകരിക്കാനുള്ള ചുമതല ഡോ. ഷഹീനായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോ.അദീലിന്റെ സഹോദരന്‍ മുസഫറിനും പാക് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഡോ. അദീല്‍ അറസ്റ്റിലായതിനു പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നതായാണു റിപ്പോര്‍ട്ട്. ഇയാള്‍ക്കായി ജമ്മു കാഷ്മീര്‍ പോലീസ് ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫരീദാബാദ് കേന്ദ്രീകരിച്ച് വൈറ്റ് കോളര്‍ തീവ്രവാദ മൊഡ്യൂളിനെതിരെ തുടങ്ങിയ അന്വേഷണത്തിലാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. ഈ സംഘത്തിന്റെ ഭാഗമായിരുന്ന ഡോക്ടര്‍ ഉമര്‍ ഉന്‍ നബിയാണ് ഡല്‍ഹിയില്‍ സ്ഫോടനം നടത്തിയതെന്ന് സ്ഥരീകരിച്ചിരുന്നു ഒക്ടോബര്‍ പകുതിയോടെ നൗഗാമില്‍ ഭീഷണി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച അന്വേഷണമാണ് ഈ തീവ്രവാദ മൊഡ്യൂളിലേക്ക് എത്തിയത്.
