പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ആക്രമണം; സ്‌ഫോടനമുണ്ടായത് സൈനിക കന്റോണ്‍മെന്റിന് സമീപത്ത് പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സില്‍; ആക്രമണം നടന്നത് പാക് താലിബാന് സ്വാധീനമുള്ള പ്രപവിശ്യയില്‍; പ്രദേശം വളഞ്ഞ് സുരക്ഷാസേന
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേര്‍ ആക്രമണം. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്റെ അര്‍ധസൈനിക വിഭാഗമായ എഫ്‌സിയുടെ ആസ്ഥാനത്താണ് ആക്രമണമെന്നും പ്രദേശം സുരക്ഷാസേന വളഞ്ഞുവെന്നും പ്രാദേശിക മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഥലത്തുനിന്ന് പലവട്ടം സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിവിധ വിഡിയോകളും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ചാവേറാക്രമണവും തുടര്‍ന്ന് വെടിവെപ്പും നടന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാക് താലിബാന് സ്വാധീനമുള്ള പ്രപവിശ്യയാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ.
തിങ്കളാഴ്ച രാവിലെ സേന ആസ്ഥാനത്ത് നിന്ന് സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അവകാശപ്പെടുന്നു. ആക്രമണം സംബന്ധിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രദേശത്ത് രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് ഫ്രോണ്ടിയര്‍ കോര്‍പ്‌സ് ആസ്ഥാനത്തിന് നേരെ ആക്രമണം നടന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് എക്‌സിലടക്കം നിരവധി വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.
രണ്ട് ചാവേറുകള്‍ ഹെഡ്ക്വാട്ടേഴ്‌സ് കോംപ്ലെക്‌സിന് നേരെയും ആക്രമണം നടത്തി. മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ചാവേര്‍ ഹെഡ്ക്വാട്ടേഴ്‌സ് കവാടത്തിലും രണ്ടാമന്‍ കോംപൗണ്ടിലും ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. പൊലീസും സൈന്യവും മേഖലയില്‍ എത്തിയിട്ടുണ്ട്. ഹെഡ്ക്വാട്ടേഴ്‌സിനുള്ളില്‍ ഇനിയും തീവ്രവാദികളുണ്ടെന്നാണ് സംശയിക്കുന്നത്. സൈനിക കന്റോണ്‍മെന്റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സുള്ളത്. നിരവധി ആളുകളാണ് മേഖലയില്‍ താമസിക്കുന്നത്. മേഖലയിലെ റോഡുകള്‍ അടച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം ക്വറ്റയിലെ അര്‍ധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്തും കാര്‍ ബോംബ് സ്‌ഫോടനം ഉണ്ടായിരുന്നു. അന്ന് 10 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്കു പരുക്കേറ്റിരുന്നു.