ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം ബ്രിട്ടനിലും നിരോധിക്കുമോ? പെണ്‍കുട്ടികള്‍ ആണെന്നറിഞ്ഞാല്‍ ഇന്ത്യന്‍ വംശജര്‍ ഗര്‍ഭഛിദ്രം നടത്തുന്നത് പതിവെന്ന് അന്വേഷണ റിപ്പോര്‍ട്ട്; ഇന്ത്യയിലെ പോലെ ലിംഗ നിര്‍ണയം അവസാനിപ്പിക്കാന്‍ മുറവിളി ശക്തം

Update: 2026-01-18 04:11 GMT

ലണ്ടന്‍: പെണ്‍ ഭ്രൂണഹത്യ ഏറി വന്നതോടെയാണ് ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗ നിര്‍ണ്ണയം നിരോധിച്ചത്. ഇപ്പോള്‍, ബ്രിട്ടനും സമാനമായ ഒരു സാഹചര്യം അഭിമുഖീകരിക്കുകയാണ്. ഇവിടെയും പെണ്‍ ഭ്രൂണഹത്യകളില്‍ മുന്നിട്ട് നില്‍ക്കുന്നത് ഇന്ത്യന്‍ വംശജരാണ് എന്നതാണ് ലജ്ജിപ്പിക്കുന്ന ഒരു സത്യം. പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുന്നത് ഇഷ്ടപ്പെടാത്ത, ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ നടത്തിയ പെണ്‍ ഭ്രൂണഹത്യകള്‍ റെക്കോര്‍ഡ് തലത്തില്‍ എത്തി നില്‍ക്കുകയാണെന്നാണ് മെയില്‍ ഓണ്‍ സണ്‍ഡേയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പെണ്‍ ഭ്രൂണഹത്യ നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടയില്‍ നൂറുകണക്കിന് പെണ്‍കുഞ്ഞുങ്ങളാണ് ഗര്‍ഭപാത്രങ്ങളില്‍ വെച്ചു തന്നെ കൊലചെയ്യപ്പെട്ടത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 മുതല്‍ 2025 വരെയുള്ള കണക്കെടുത്താല്‍, ബ്രിട്ടനിലെ ഇന്ത്യന്‍ ദമ്പതികള്‍ക്ക് പിറക്കുന്ന ഓരോ നൂറ് പെണ്‍കുഞ്ഞുങ്ങള്‍ക്കും 118 ആണ്‍കുട്ടികള്‍ വീതമാണ് ജനിച്ചിരിക്കുന്നത്. ദേശീയ ശരാശരി പരിശോധിച്ചാല്‍ ഇത് 100 പെണ്‍കുട്ടികള്‍ക്ക് 105 ആണ്‍കുട്ടികള്‍ എന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍പെങ്ങുമില്ലാത്തത്ര വലിയ രീതിയില്‍ തന്നെ ലിംഗ അടിസ്ഥിത ഭ്രൂണഹത്യകള്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ നടക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ ഇക്കാര്യത്തിനായി നിര്‍ബന്ധിക്കപ്പെടുകയാണെന്നും അവര്‍ പറയുന്നു. പെണ്‍കുട്ടികളേക്കാള്‍, ആണ്‍കുട്ടികളില്‍ താത്പര്യം പ്രകടിപ്പിക്കുന്ന ഒരു സമൂഹത്തില്‍ പെണ്‍കുട്ടികള്‍ പൂര്‍ണ്ണജന്മമെടുക്കാതെ ഒടുങ്ങുകയാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ചില സ്ത്രീകളും ഇതിന് മുന്‍കൈ എടുക്കാറുണ്ട്. ആണ്‍കുട്ടികളാണ് പെണ്‍കുട്ടികളേക്കാള്‍ നല്ലത് എന്ന ഒരു ചിന്ത രൂഢമൂലമായ ഒരു സമൂഹത്തില്‍ അതില്‍ ആശ്ചര്യപ്പെടേണ്ടതില്ല എന്നാണ് അവര്‍ പറയുന്നത്.

ആണ്‍കുട്ടികള്‍ കുടുംബ പരമ്പര കാത്ത് സൂക്ഷിക്കും എന്നതാണ് അതിനൊരു കാരണം. പെണ്‍കുട്ടികള്‍ക്ക് അതിനാവില്ല. പ്രിന്‍സ് സിന്‍ഡ്രം എന്ന് വിളിക്കുന്ന ഒരു മാനസികാവസ്ഥയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കേവലം ഗര്‍ഭഛിദ്രത്തില്‍ ഒതുങ്ങുന്ന ഒന്നല്ലെന്നും മറിച്ച് ലിംഗസമത്വം എന്ന സങ്കല്പത്തിനു തന്നെ എതിരാണെന്നും അവര്‍ വാദിക്കുന്നു. ജീവിക്കാനുള്ള അവകാശം ഒരു വിഭാഗത്തിന് ലിംഗാടിസ്ഥാനത്തില്‍ നിഷേധിക്കപ്പെടുന്നത് വളരെ ഗൗരവകരമായി കാണേണ്ട ഒരു നിയമപ്രശ്‌നം കൂടിയാണെന്നും അവര്‍ വാദിക്കുന്നു.

Similar News