'നിലപാട് അറിയിക്കാന്‍ ഇനിയും സമയമുണ്ട്, 'യേസ് ഓര്‍ നോ' പറയേണ്ട സാഹചര്യമല്ല'; എല്ലാ വശങ്ങളും ആലോചിച്ചു സര്‍ക്കാര്‍ തീരുമാനിക്കും; സര്‍ക്കാര്‍ അന്ന് ചെയ്തത് സുപ്രീം കോടതി വിധി അനുസരിക്കല്‍; സങ്കീര്‍ണമായ ഭരണഘടന പ്രശ്‌നങ്ങളാണെന്നും ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല; ശബരിമല യുവതി പ്രവേശനത്തില്‍ നിലപാട് പറയാതെ ഉരുണ്ടു കളിച്ച് മന്ത്രി പി രാജീവ്

'നിലപാട് അറിയിക്കാന്‍ ഇനിയും സമയമുണ്ട്, 'യേസ് ഓര്‍ നോ' പറയേണ്ട സാഹചര്യമല്ല'

Update: 2026-02-16 08:58 GMT

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് അറിയിക്കാന്‍ ഇനിയും സമയമുണ്ടെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ കൃത്യമായ നിലപാട് പറയാതെ നിയമ മന്ത്രി പി രാജീവ് ഉരുണ്ടു കളിച്ചു. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാജീവ് വിഷയത്തില്‍ കൃത്യമായ ഉത്തരം പറയാതിരുന്നത്. യേസ് ഓര്‍ നോ പറയേണ്ട സാഹചര്യം അല്ല. എല്ലാ വശങ്ങളും ആലോചിച്ച് സര്‍ക്കാര്‍ തീരുമാനിക്കും. സര്‍ക്കാര്‍ അന്ന് ചെയ്തത് സുപ്രീം കോടതി വിധി അനുസരിക്കലാണെന്നും പി രാജീവ് പറഞ്ഞു. സങ്കീര്‍ണമായ ഭരണഘടന പ്രശ്‌നങ്ങളാണെന്നും ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും പി രാജീവ് വ്യക്തമാക്കി. വിശ്വാസവും സാമൂഹിക പരിഷ്‌കരണവും ഒപ്പം പോകണം. ഇതേ നിലപാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലുള്ളതെന്നും പി രാജീവ് പറഞ്ഞു.

ശബരിമല യുവതീപ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ ഏഴ് മുതല്‍ 22 വരെ വാദം കേള്‍ക്കാനിരിക്കയാണ്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനസംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണം. അഭിഭാഷകനായ കെ പരമേശ്വറിനെ അമികസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചു. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എതിര്‍ക്കുകയായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത നിലപാടെടുത്തു.

പുനഃപരിശോധനാ ഹര്‍ജിയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ഏപ്രില്‍ 14 മുതല്‍ ഏപ്രില്‍ 16 വരെ കേള്‍ക്കും. ഏപ്രില്‍ 21ന് മറുപടി സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 22ഓടുകൂടി വാദം അവസാനിപ്പിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ വിവരങ്ങള്‍ അറിയിക്കും. വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിരുന്നു. ഇനി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടായിരിക്കും പ്രധാനം.

സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 2007ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും 2018ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച നിലപാടാണ് സുപ്രീം കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചിരുന്നത്.

നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നത് നിര്‍ണായകമാണ്. പഴയ നിലപാടില്‍ തുടരുമോ അതോ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തോട് നിലപാട് പറയേണ്ട സമയത്ത് പറയുമെന്നും മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി.

അതേസമയം ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തുമോ എന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുന്‍ നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം.

അതേസമയം ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മാറ്റുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സംഘടനകളേയും ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചത്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ ഇവരുടെ കാപട്യം പുറത്തുവരും. അഴകുഴമ്പന്‍ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിഷയത്തില്‍ തീരുമാനമോ ഉറപ്പോ നിലപാടോ സര്‍ക്കാറിനില്ലെന്നും എന്നാല്‍ അയ്യപ്പ ഭക്തരുടെ വോട്ട് വേണമെന്നും സതീശന്‍ പരിഹസിച്ചു.

''സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണമെന്ന് ഇന്നലെയും വളരെ വ്യക്തമായി പറഞ്ഞല്ലോ. മാറ്റുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സംഘടനകളേയും ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചത്. നേരത്തെയുള്ള നിലപാടുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞിരുന്നു. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ ഇവരുടെ കാപട്യം പുറത്തുവരും. അഴകുഴമ്പന്‍ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സത്യവാങ്മൂലം തിരുത്തിനല്‍കാന്‍ പത്തു മിനിറ്റ് പോരേ?

സാമൂഹ്യ സാഹചര്യങ്ങള്‍ മാറിയതിനാല്‍ നേരത്തെയുള്ള സര്‍ക്കാര്‍ നിലപാട് മാറ്റുന്നു, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കരുത് എന്ന് തിരുത്തിക്കൊടുക്കാന്‍ എത്ര മണിക്കൂര്‍ ചര്‍ച്ച വേണം? തീരുമാനമോ ഉറപ്പോ നിലപാടോ സര്‍ക്കാറിനില്ല. എന്നാല്‍ അയ്യപ്പ ഭക്തരുടെ വോട്ട് വേണം. എല്ലാംകൂടെ നടക്കില്ല. തിരുത്താന്‍ തയാറാണോ എന്ന് സര്‍ക്കാര്‍ പറയണം. തിരുത്തണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ വരുമ്പോള്‍ തിരുത്തിക്കൊടുക്കും'' -വി.ഡി. സതീശന്‍ പറഞ്ഞു.

Tags:    

Similar News