'ങ്ങള് പൈസ കൊടുക്ക്, അയാള് തിരിച്ചുതരും'; ഗോവിന്ദന്‍ മാഷിന്റെ ജാഥയിലെ വേദിയില്‍ എത്തിയതിന് പിന്നാലെ മൊയ്തീന്‍ക്ക വൈറലായി; പി ആര്‍ ആരോപണവുമായി യുഡിഎഫുകാര്‍ രംഗത്തുവന്നതോടെ സമ്മര്‍ദ്ദത്തില്‍; പിന്നാലെ വിശദീകരണവും; 'പെന്‍ഷന്‍ പണം നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരം, പാര്‍ട്ടിയോട് ഉള്ള കൂറ് കൊണ്ടാണ് വേദിയില്‍ വച്ച് പണം കൈമാറിയതെന്നും മൊയ്തീന്‍

പാര്‍ട്ടിയോട് ഉള്ള കൂറ് കൊണ്ടാണ് വേദിയില്‍ വച്ച് പണം കൈമാറിയതെന്നും മൊയ്തീന്‍

Update: 2026-02-16 09:56 GMT

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം ബാലുശ്ശേരിയിലെ മൊയ്തീന്‍ക്കയാണ്. സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്റെ ജാഥയില്‍ പങ്കെടുത്ത് പെന്‍ഷന്‍ പണം കൈമാറിയത് ആദ്യം സോഷ്യല്‍ മീഡിയയില്‍ ഇടതു സഖാക്കളാണ് പ്രചരിപ്പിച്ചത്. പിന്നാലെ ഇതിന് പിന്നിലെ യഥാര്‍ഥ വസ്തുതകള്‍ വെളിപ്പെടുത്തി യുഡിഎഫുകാരും രംഗത്തുവന്നു. അവിടെയും വൈറലായത് മൊയ്തീന്‍ക്കയായിരുന്നു. ഇങ്ങനെ സോഷ്യല്‍ മീഡിയയിലെ വൈറല്‍താരമായി മാറിയ ബാലുശ്ശേരി സ്വദേശി വയോധികന്‍ പെന്‍ഷന്‍ കൈമാറല്‍ വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി രംഗത്തുവന്നു.

എല്‍ഡിഎഫ് ജാഥയില്‍ പെന്‍ഷന്‍ പണം നല്‍കിയത് പാര്‍ട്ടി പറഞ്ഞിട്ടെന്ന വിശദീകരണം തിരുത്തിക്കൊണ്ടാണ് മൊയ്തീന്‍ക്ക രംഗത്തുവന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് പെന്‍ഷന്‍ പണം നല്‍കിയതെന്ന് മൊയ്തീന്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. പാര്‍ട്ടിയോട് ഉള്ള കൂറ് കൊണ്ടാണ് വേദിയില്‍ വച്ച് പണം കൈമാറിയതെന്നും മനസറിഞ്ഞ് നല്‍കിയ പണമാണെന്നും മൊയ്തീന്‍ പറയുന്നു.

പാര്‍ട്ടിക്കാര്‍ പറഞ്ഞിട്ടാണ് എല്‍ഡിഎഫ് മേഖലാ ജാഥയുടെ വേദിയില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് സ്റ്റേജില്‍ വെച്ച് പണം കൈമാറിയതെന്നായിരുന്നു മെയ്തീന്‍ ആദ്യം പുറത്തുവന്ന വീഡിയോയില്‍ പറഞ്ഞത്. സ്റ്റേജില്‍ വച്ച് എം.വി. ഗോവിന്ദന് പണം നല്‍കാന്‍ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. പണം പിന്നീട് തിരിച്ചുനല്‍കുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞ പോലെ പണം തിരിച്ചു കിട്ടിയെന്നും മൊയ്തീന്‍ പറഞ്ഞു. താന്‍ മനസറിഞ്ഞ് നല്‍കിയതല്ല പണമെന്നും, സ്റ്റേജില്‍ കയറാനായി ചെയ്തതാണെന്നും മൊയ്തീന്‍ പറഞ്ഞു. മൊയ്തീന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന സമയം പ്രദേശവാസിയായ ഒരാളായിരുന്നു ആ വീഡിയോ പകര്‍ത്തിയത്.

എം.വി. ഗോവിന്ദന്റെ എല്‍ഡിഎഫ് മേഖലാ ജാഥ ബാലുശേരിയില്‍ എത്തിയപ്പോഴുണ്ടായ സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. എം.വി. ഗോവിന്ദന് പെന്‍ഷന്‍ പണം നല്‍കുന്ന മൊയ്തീന്റെ വീഡിയോ ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വ്യാപകമായി ഏറ്റെടുത്തു. പെന്‍ഷന്‍ കിട്ടിയ പണമാണ്, അടുത്ത തവണ യുഡിഎഫ് വന്നാല്‍ ഇത് കിട്ടില്ല, എല്‍ഡിഎഫ് തന്നെ വീണ്ടും വരണമെന്ന് പറഞ്ഞുകൊണ്ടാണ് പെന്‍ഷന്‍ പണം മൊയ്തീന്‍ എം.വി. ഗോവിന്ദന് നല്‍കിയത്. എന്നാല്‍, പണം വാങ്ങിയതായി കൂട്ടിക്കോളൂ എന്ന് പറഞ്ഞുകൊണ്ട് എം.വി. ഗോവിന്ദന്‍ നല്‍കിയ പണം തിരികെ മൊയ്തീന്റെ പോക്കറ്റില്‍ തന്നെ ഇടുന്നതും വീഡിയോയില്‍ കാണാം.

ഈ വീഡിയോ പുറത്തുവന്നതോടെ എം വി ഗോവിന്ദന്റെ ജാഥയെ പരിഹസിച്ചു കൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നു. ഇതെന്താ ട്രോള്‍ ജാഥയോ എന്ന വിധത്തിലാണ് ട്രോളുകള്‍. പണം കൊടുക്കാന്‍ ഏര്‍പ്പെടുത്തിയത് നിഷ്‌കളങ്കനായ ഒരു മനുഷ്യനെ ആയതുകൊണ്ട് സംഗതി നാടറിഞ്ഞ എന്നാണ് ട്രോളുകള്‍.

സ്റ്റേജില്‍ നിന്ന് ഇറങ്ങിവന്ന ശേഷമുള്ള മോയ്തീന്‍ക്കയുടെ നിഷ്‌ക്കളങ്കമായ പ്രതികരണമായിരുന്നു. 'ഞാന് സ്റ്റേജിമ്മേല്‍ കേറിയിട്ട് കളിച്ചതാ. നേതാക്കന്‍മാരെല്ലാം കൂടി പറഞ്ഞു, ഇങ്ങളീ പൈസ അയാളെര്യത്ത് കൊടുക്ക്, അയാള് പൈസ തിരിച്ചുതരുംന്ന്. അതുപോലെ കൊടുത്തു, അയാള് തിരിച്ചും തന്നു' സ്റ്റേജില്‍ നടന്നതെല്ലാം നേതാക്കള്‍ പറഞ്ഞിട്ടെന്ന് മൊയ്തീന്‍ക്ക അങ്ങ് തുറന്നുപറഞ്ഞു, ഇതെല്ലാം കേട്ടുനില്‍ക്കുന്നവര്‍ അടുത്ത പണിക്കുള്ള വിഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്ന് പാവമറിഞ്ഞതുമില്ല. പോരേ പൂരം, പാര്‍ട്ടിയുടെ പിആര്‍ ഇത്രേം ശുദ്ധ ഗതിക്കാരനായ മനുഷ്യനെ ഏല്‍പ്പിക്കണമായിരുന്നോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി അനുഭാവികളടക്കം ചോദിക്കുന്നത്.

മൊയ്തീന്‍ക്കാടെ ശുദ്ധമനസങ്ങ് കോണ്‍ഗ്രസ് സൈബര്‍ ആര്‍മി ഏറ്റെടുത്തു. സോഷ്യല്‍മീഡിയ നിറയെ മൊയ്തിന്‍ക്കായുടെ സത്യസന്ധതയും സിപിഎമ്മിന്റെ പാളിയ പിആര്‍ വര്‍ക്കും മാത്രം.

Tags:    

Similar News