രണ്ട് സെര്‍ച്ച് കമ്മിറ്റികളും ഉള്‍പ്പെട്ട രണ്ട് പേരുണ്ട്; മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്ക് കൈമാറിയ പട്ടികയില്‍ ഈ രണ്ടുപേര്‍ക്കും മുന്‍ഗണന നല്‍കിയില്ല; രേഖകള്‍ കാണണം; ഡിജിറ്റല്‍-സാങ്കേതിക വിസിമാരുടെ നിയമനം ഇനിയും നീളും; സുപ്രീംകോടതിയില്‍ പുതിയ വാദവുമായി രാജ്ഭവന്‍
ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം വീണ്ടും സുപ്രീംകോടതിയില്‍. മുന്‍ഗണനാ പട്ടിക തയ്യാറാക്കിയപ്പോള്‍ മുഖ്യമന്ത്രി മെറിറ്റ് അവഗണിച്ചെന്ന ആരോപണവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തു വന്നു. സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയിലാണ് ഗവര്‍ണര്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് സുധാന്‍ഷു ദുലിയ അധ്യക്ഷനായ രണ്ട് സെര്‍ച്ച് പാനലുകള്‍ തയ്യാറാക്കിയ രണ്ട് പട്ടികയിലും സ്ഥാനംപിടിച്ച രണ്ടുപേര്‍ക്ക് മുഖ്യമന്ത്രി മുന്‍ഗണന നല്‍കിയില്ലെന്നാണ് ഗവര്‍ണറുടെ വിമര്‍ശനം.
സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള പാനല്‍ ജസ്റ്റിസ് സുധാന്‍ഷു ദുലിയയുടെ അധ്യക്ഷതയിലെ സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കിയത്. രണ്ട് സര്‍വകലാശാലകള്‍ക്കും വെവ്വേറെ സെര്‍ച്ച് കമ്മിറ്റികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് അഞ്ച് പേര് അടങ്ങുന്ന പാനലും സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് നാല് പേര് അടങ്ങുന്ന പാനലും ആണ് ജസ്റ്റിസ് സുധാന്‍ഷു ദുലിയ അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റികള്‍ തയ്യാറാക്കിയത്.
രണ്ട് സെര്‍ച്ച് കമ്മിറ്റികളും ഉള്‍പ്പെട്ട രണ്ട് പേരുണ്ട്. എന്നാല്‍ ഒക്ടോബര്‍ 14-ന് മുഖ്യമന്ത്രിയുടെ ഓഫീസ് തനിക്ക് കൈമാറിയ പട്ടികയില്‍ ഈ രണ്ടുപേര്‍ക്കും മുന്‍ഗണന നല്‍കിയിട്ടില്ലെന്നാണ് ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്തിരിക്കുന്ന അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. രണ്ട് പട്ടികയിലും സ്ഥാനംപിടിച്ച ഈ രണ്ട് പേരുമാണ് വൈസ് ചാന്‍സലര്‍ നിയമനത്തിന് യോഗ്യരായവരെന്നും ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപേക്ഷയില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
സെര്‍ച്ച് കമ്മിറ്റി യോഗത്തിന്റെ മിനുട്ട്സ് തനിക്ക് മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്. എന്നാല്‍, മറ്റ് രേഖകള്‍ കൈമാറിയിട്ടില്ല. എല്ലാ രേഖകളും ലഭിച്ചാല്‍ മാത്രമേ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂ. ഈ സാഹചര്യത്തില്‍ രേഖകള്‍ എല്ലാം കൈമാറണമെന്ന് അഭ്യര്‍ത്ഥിച്ച് ജസ്റ്റിസ് സുധാന്‍ഷു ദുലിയയ്ക്ക് രണ്ട് മെയിലുകള്‍ അയച്ചിരുന്നു. എന്നാല്‍, ഇതുവരെയും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എല്ലാ രേഖകളും കൈമാറാന്‍ ജസ്റ്റിസ് ദുലിയയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം വൈകുന്നതില്‍ കേരള ഗവര്‍ണറെ സുപ്രീം കോടതി ഇന്നുരാവിലെ വിമര്‍ശിച്ചിരുന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് സുധാന്‍ഷു ദുലിയ നല്‍കിയ ശുപാര്‍ശയില്‍ അടിയന്തിരമായി തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദുലിയ നല്‍കിയത് വെറും കടലാസ് അല്ലെന്നും സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി നല്‍കിയ ശുപാര്‍ശയാണെന്നും കേരള ഗവര്‍ണറെ സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.
ജസ്റ്റിസുമാരായ ജെ.ബി. പാര്‍ഡിവാല, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഗവര്‍ണറെ വിമര്‍ശിച്ചത്. ഈ കേസ് സുപ്രീം കോടതി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും. അപ്പോഴെടുക്കുന്ന നിലപാട് നിര്‍ണ്ണായകവുമാകും.
