തലയോട്ടി പൂര്‍ണമായി പുറത്തുവന്ന നിലയിലുള്ള മൃതദേഹത്തില്‍ അരയ്ക്ക് താഴെയുള്ള ഭാഗവും പൂര്‍ണമായി അഴുകി; മൃതദേഹത്തിലെ വസ്ത്രം കാണാതാകുമ്പോള്‍ സൂരജ് ലാമ ധരിച്ചിരുന്നത് തന്നെ; കൊച്ചിയിലേക്ക് കുവൈറ്റ് നാടുകടത്തിയ ലാമയ്ക്ക് സംഭവിച്ചത് എന്ത്? ഡിഎന്‍എ പരിശോധനയില്‍ മരിച്ചതാരെന്ന് ഉറപ്പിക്കും; അതിന് ശേഷം മരണ കാരണത്തിലേക്ക് അന്വേഷണം

Update: 2025-12-01 03:53 GMT

കൊച്ചി: കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കാണാതായ സൂരജ് ലാമയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്. സൂരജ് ലാമയുടേ സംശയിക്കുന്ന മൃതദേഹം കളമശ്ശേരി എച്ച്എംടിക്ക് സമീപത്തെ ചതുപ്പില്‍ നിന്നും കണ്ടെത്തി. രണ്ടുമാസത്തോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. തിരിച്ചറിയാന്‍ സാധിക്കാത്ത നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്കുശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂ. തലയോട്ടി പൂര്‍ണമായി പുറത്തുവന്ന നിലയിലുള്ള മൃതദേഹത്തില്‍ അരയ്ക്ക് താഴെയുള്ള ഭാഗവും പൂര്‍ണമായി അഴുകിയിരുന്നു. മൃതദേഹത്തില്‍ കണ്ടെത്തിയ വസ്ത്രം സൂരജ് ലാമ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തോട് സാമ്യമുള്ളതാണ്.

സൂരജ് ലാമയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലാണ് കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് മാസത്തെ പഴക്കമുണ്ട്. കളമശ്ശേരി എച്ച്.എം.ടിക്ക് എതിര്‍വശത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്താണ് ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഒക്ടോബര്‍ ആറിനാണ് സൂരജ് ലാമ കൊച്ചിയില്‍ എത്തിയത്. നഗരത്തില്‍ പലയിടത്തും സൂരജ് ലാമയെ കണ്ടതായി വിവരമുണ്ടായിരുന്നു. മകന്‍ സാന്റന്‍ ലാമയുടെ ഹോബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൂടുതല്‍ നടപടികള്‍ക്കായി മൃതദേഹം സ്ഥലത്തുനിന്ന് മാറ്റി. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം ആരുടേതെന്ന് ഉറപ്പിക്കും.

സൂരജ് ലാമയുടെ മകന്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. എച്ച്എംടിയിലെ കുറ്റിക്കാട്ടില്‍നിന്ന് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അച്ഛന്റേതാണോയെന്ന സ്ഥിരീകരണത്തിനായിട്ടാണ് സന്ദന്‍ കൊച്ചിയിലേക്ക് പറന്നെത്തുന്നത്. ''ഈ പറയുന്ന പ്രദേശത്തു വെച്ചാണ് അച്ഛനെ അവസാനമായി കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ആരും നോക്കാനില്ലാതെ അച്ഛന്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളടക്കം പോലീസിന് കൈമാറിയിരുന്നു. എന്നിട്ടും അച്ഛനെ കണ്ടെത്താനായില്ല. ഇപ്പോള്‍ അതേ പ്രദേശത്തു നിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്ന് പറയുമ്പോള്‍ ഞങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്-'' സന്ദന്‍ ചോദിക്കുന്നു.

സ്വന്തം പേരുപോലും ഓര്‍മ്മയില്ലാത്ത സൂരജ് കുവൈത്തില്‍നിന്നും കൊച്ചിയില്‍ വിമാനമിറങ്ങിയെന്ന വിവരമറിഞ്ഞ് സന്ദന്‍ അച്ഛനെ അന്വേഷിച്ചെത്തി. ഒക്ടോബര്‍ അഞ്ചിന് മെട്രോ ഫീഡര്‍ ബസില്‍ കയറി ആലുവ മെട്രോ സ്റ്റേഷന് സമീപം സൂരജ് ഇറങ്ങിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അതിനു ശേഷം കളമശ്ശേരിയിലും പരിസരത്തും സൂരജിനെ കണ്ടതായി പലരും പറഞ്ഞിരുന്നു. ഒക്ടോബര്‍ ഏഴിന് കൊച്ചിയിലെത്തിയ സന്ദന്‍ പരമാവധി വിവരങ്ങള്‍ ശേഖരിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. തൃക്കാക്കരയിലെ ഒരു ഹൗസിങ് കോളനിക്ക് സമീപം അലഞ്ഞുനടക്കുന്നതിനിടെ സൂരജിനെ കണ്ടെത്തിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചിരുന്നു. പോലീസ് വന്ന് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ ആംബുലന്‍സില്‍ കയറ്റി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഇവിടെ നിന്ന് ഇറങ്ങിപ്പോയ ശേഷം സൂരജ് ലാമയ്ക്ക് എന്തെങ്കിലും അപകടം സംഭവിച്ചുവെന്നാണ് സൂചന. ആരെങ്കിലും അപായപ്പെടുത്താനുള്ള സാധ്യതയും ഉണ്ട്.

കുവൈത്തില്‍ നിന്നെത്തി കാണാതായ സൂരജ് ലാമയുടേതെന്നു കരുതുന്ന മൃതദേഹം കണ്ടെത്തുമ്പോള്‍ അതിന് പിന്നില്‍ പ്രയത്നിച്ചത് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ ദ്രുതവേഗം. ശനിയാഴ്ച വൈകുന്നേരമാണ് അഗ്‌നിരക്ഷാ സേനയുടെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന് പരിശോധനയില്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പോലീസിന്റെ ഇ-മെയില്‍ ലഭിക്കുന്നത്. വൈകാതെ പ്രദേശത്ത് എത്തിയ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് കുറ്റിക്കാട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News