ഇന്ത്യന്‍ പ്രതിഭകളില്‍ നിന്ന് അമേരിക്ക വന്‍ തോതില്‍ പ്രയോജനം നേടി; ഇന്ത്യയില്‍ നിന്നുള്ള പ്രതിഭകളുടെ വലിയ ഗുണഭോക്താവാണ് അമേരിക്ക എന്ന് മസ്‌ക്

Update: 2025-12-01 05:16 GMT

വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രതിഭകളില്‍ നിന്ന് അമേരിക്ക വന്‍ തോതില്‍ പ്രയോജനം നേടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ലോകകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്ക്. സൊറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്തിന്റെ പോഡ്കാസ്റ്റില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. എച്ച് വണ്‍ ബി സംവിധാനം ദുരുപയോഗം ചെയ്യുന്നതിന് എതിരെ മസ്‌ക്ക് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

പീപ്പിള്‍ ബൈ ഡബ്ല്യുടിഎഫ് പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്, യുഎസിലേക്കുള്ള കുടിയേററവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ മസ്‌ക്ക് തന്റെ നിലപാടുകള്‍ ശക്തമായി ഉന്നയിച്ചിരുന്നു. പതിറ്റാണ്ടുകളായി, നിരവധി ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ശരിക്കും ബുദ്ധിമാന്‍മാരായ ആളുകളെ അമേരിക്കക്ക് ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലേക്ക് വന്ന കഴിവുള്ള ഇന്ത്യക്കാരില്‍ നിന്ന് രാജ്യത്തിന് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട് എന്നും മസ്‌ക്ക് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ പ്രവണത ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന് കാമത്ത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിഭകളുടെ വലിയ ഗുണഭോക്താവാണ് അമേരിക്ക എന്ന് മസ്‌ക് ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടി.

അമേരിക്ക ഇപ്പോള്‍ കൂടുതല്‍ കുടിയേറ്റ വിരുദ്ധമായി കാണപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കാമത്ത് ചോദിച്ചപ്പോള്‍ കുടിയേറ്റത്തെക്കുറിച്ചുള്ള സ്വന്തം ഉത്കണ്ഠ പോലും അദ്ദേഹം പങ്ക് വെച്ചു. താന്‍ കുടിയേറ്റത്തിലൂടെ കടന്നുപോയി എന്നും തന്നെയും തടയുമോ എന്ന കാര്യത്തില്‍ ആശങ്കാകുലനായിരുന്നു എന്നും മസ്‌ക്ക് പറഞ്ഞു. രാഷ്ട്രീയ ഭിന്നതകളും അനധികൃത കുടിയേറ്റത്തിലെ സമീപകാല കുതിച്ചുചാട്ടവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് മസ്‌ക് പറഞ്ഞു. ഇക്കാര്യത്തില്‍

വ്യത്യസ്ത ചിന്താഗതികളുണ്ട് എന്നാല്‍ ഇത് ഏകകണ്ഠമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ബൈഡന്‍ ഭരണകൂടം സ്വീകരിച്ച ഉദാര നിലപാടിനെ മസ്‌ക്ക് വിമര്‍ശിച്ചു. 'ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍, അതിര്‍ത്തി നിയന്ത്രണങ്ങളൊന്നുമില്ലാതെ പല കാര്യങ്ങളും ചെയ്തത് കാരണം വന്‍തോതില്‍ നിയമവിരുദ്ധ കുടിയേറ്റം ഉണ്ടായിരുന്നു എന്നകാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കുടിയേറ്റക്കാര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ പോലും ഇടതുപക്ഷം അതിര്‍ത്തികള്‍ തുറക്കണം, എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത് എന്ന് മസ്‌ക്ക് അഭിപ്രായപ്പെട്ടു. കുടിയേറ്റക്കാര്‍ അമേരിക്കന്‍ പൗരന്‍മാരുടെ ജോലി അപഹരിക്കുന്നു എന്ന പരാതികളും മസ്‌ക്ക് തള്ളിക്കളഞ്ഞു. മിടുക്കന്‍മാരായ ആളുകളുെട അഭാവം എപ്പോഴും ഉണ്ടാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പല കമ്പനികളും മറ്റ് രാജ്യങ്ങളില്‍ നിന്ന് നിലവാരം കുറഞ്ഞ ജീവനക്കാരെ നിയമിക്കുന്ന കാര്യവും മസ്‌ക്ക് എടുത്തു പറഞ്ഞു. എച്ച്്.വണ്‍ ബി സംവിധാനത്തെ ചില ഔട്ട് സോഴ്സിംഗ് കമ്പനികള്‍ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം കമ്പനികളില്‍, ചെലവ് ചുരുക്കല്‍ ലക്ഷ്യമല്ലെന്ന പറഞ്ഞ മസ്‌ക്ക് തങ്ങള്‍ ശരാശരിയില്‍ കൂടുതല്‍ ശമ്പളം നല്‍കുന്നതായും ലോകത്തിലെ ഏറ്റവും കഴിവുള്ള ആളുകളെ നേടാനാണ് കമ്പനി ശ്രമിക്കുന്നത് എന്നും വ്യക്തമാക്കി.

Similar News