ബ്രഹ്‌മദേവന്റെ യാഗഭൂമിയിലേക്ക് സകല പുണ്യനദികളും ചേര്‍ന്നൊഴുകുന്ന പുണ്യവാഹിനി; ഭാരതത്തില്‍ ഭാരതത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക നദിയായ ഭാരതപ്പുഴ; നിള ഇനി 15 നാള്‍ ഗംഗാപുണ്യത്തില്‍; കേരള കുംഭമേളയ്ക്ക് തിരുനാവായയില്‍; തമിഴ്‌നാട്ടിലും തടങ്ങള്‍; എല്ലാം അതിജീവിച്ച് സ്വാമി ആനന്ദവനം ഭാരതി; മഹാമണ്ഡലേശ്വര്‍ വിശ്വാസം പറയുമ്പോള്‍

Update: 2026-01-21 01:37 GMT

തിരുനാവായ: ഭാരതത്തില്‍ ഭാരതത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക നദിയായ ഭാരതപ്പുഴയുടെ തീരത്ത് ഇനി പുണ്യ സ്‌നാനത്തിന്റെ 15 നാളുകള്‍. ഭാരതപ്പുഴയെന്നാല്‍ വെറുമൊരു നദിയല്ല, ബ്രഹ്‌മദേവന്റെ യാഗഭൂമിയിലേക്ക് സകല പുണ്യനദികളും ചേര്‍ന്നൊഴുകുന്ന പുണ്യവാഹിനിയാണെന്ന വിശ്വാസത്തെ സാക്ഷിയാക്കി കേരള കുംഭമേളയ്ക്ക് (മഹാമാഘ ഉത്സവം) തിരുനാവായയില്‍ തുടക്കമായി. നവാമുകുന്ദ ക്ഷേത്ര പരിസരത്ത് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ധ്വജാരോഹണം നിര്‍വഹിച്ചതോടെ ദക്ഷിണഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് ശുഭാരംഭമായി.

നിളാ സ്നാനം, നിളാ ആരതി എന്നീ പ്രധാന ചടങ്ങുകള്‍ക്കും ഇതോടൊപ്പം തുടക്കമായിട്ടുണ്ട്. സന്യാസി സമൂഹമായ ജുനാ അഘാഡയുടെ നേതൃത്വത്തിലാണ് മഹാമാഘ ഉത്സവം സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സന്യാസിമാരും വിശ്വാസികളും ഇതിനോടകം നിളാതീരത്തേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.

കുംഭമേളയുടെ പ്രസക്തിയെക്കുറിച്ച് ജുനാ അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയുടെ പ്രതികരണം ചുവടെ

എന്താണ് ഈ കുംഭമേളയുടെ സന്ദേശം അധര്‍മ്മം വര്‍ധിക്കുന്ന കാലത്ത് സമൂഹത്തില്‍ ധര്‍മ്മചിന്ത ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അധികാരത്തെ ധര്‍മ്മത്തിന്റെ അടിത്തറയില്‍ ചിട്ടപ്പെടുത്തുക എന്ന സാമാജിക ലക്ഷ്യവും ഇതിനുണ്ട്. ഒരു വര്‍ഷത്തേക്കുള്ള ആത്മീയ കരുത്തിനെ ആവാഹിക്കാനുള്ള അവസരമാണിത്.

തിരുനാവായ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം ബ്രഹ്‌മദേവന്റെ യാഗഭൂമിയാണിത്. കേരളത്തില്‍ പണ്ട് മഹാമാഘ ഉത്സവമായാണ് ഇത് അറിയപ്പെട്ടിരുന്നത്. കേരള പാണിനി എന്ന് എ.ആര്‍. രാജരാജവര്‍മ്മയെ വിശേഷിപ്പിക്കും പോലെയാണിത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലച്ചുപോയ ഈ ആചാരത്തെ വീണ്ടെടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

ഇത്തവണത്തെ ഒരുക്കങ്ങള്‍ എങ്ങനെ 2028-ല്‍ വിപുലമായി നടത്താനായിരുന്നു ആദ്യ പ്ലാന്‍. എന്നാല്‍ നവംബറില്‍ തുടങ്ങിയ ആലോചന ഒരു മാസം കൊണ്ട് ജനങ്ങള്‍ നെഞ്ചേറ്റു. പ്രതീക്ഷിച്ചതിലും ഇരട്ടി വിപുലമായാണ് ഇപ്പോള്‍ മേള നടക്കുന്നത്. ഈ കുതിപ്പ് 2028-ലെ മഹാകുംഭമേളയിലേക്കുള്ള വലിയ തുടക്കമാണ്.

തമിഴ്നാട്ടില്‍ രഥയാത്രയ്ക്ക് തടസ്സം; കേരള അതിര്‍ത്തിയില്‍ സ്വീകരിക്കും

കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനമായ തിരുമൂര്‍ത്തി മലയില്‍ നിന്ന് ആരംഭിച്ച രഥയാത്രയ്ക്ക് തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ചു. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അത്രി മഹര്‍ഷിയുടെയും അനസൂയ ദേവിയുടെയും തപോഭൂമിയായ തിരുമൂര്‍ത്തി മലയില്‍ നിന്ന് പൂജ ചെയ്ത മഹാമേരു പ്രതിഷ്ഠിച്ചാണ് യാത്ര പുറപ്പെട്ടത്.

നേരത്തെ അനുമതി നല്‍കുകയും ഫീസ് അടയ്ക്കുകയും ചെയ്തതാണെങ്കിലും രഥയാത്ര തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് പൊലീസ് നിലപാട് മാറ്റിയത്. തുടര്‍ന്ന് രഥയാത്രയെ പൊലീസ് സുരക്ഷയില്‍ പാലക്കാട് അതിര്‍ത്തി വരെ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 22-ാം തീയതി രഥയാത്ര തിരുനാവായയില്‍ എത്തുംവിധം ക്രമീകരണങ്ങള്‍ മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.

Tags:    

Similar News