ഗണഗീതം തടയാനെത്തിയ 'കമ്മികളെ' പഞ്ഞിക്കിട്ട് നാട്ടുകാര്‍; കണ്ണാടിപ്പറമ്പില്‍ ഡിവൈഎഫ്‌ഐക്ക് കനത്ത തിരിച്ചടി; ഈ ഉത്സവകാലം കണ്ണൂരിന് സമാധാനം ഉണ്ടാകില്ലേ? പരിവാര്‍ ക്ഷേത്രത്തിലെ സിപിഎം സഖാക്കളുടെ ഇടപെടല്‍ ആശങ്കയാകുമ്പോള്‍

Update: 2026-01-21 02:33 GMT

കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടുന്നത് തടയാന്‍ സ്റ്റേജിലേക്ക് ഇരച്ചുകയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ നാട്ടുകാരും ഭക്തരും ചേര്‍ന്ന് കൈകാര്യം ചെയ്തു. കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. ഗണഗീതം ആലപിക്കുന്നത് തടയാന്‍ ശ്രമിച്ച സിപിഎം-ഡിവൈഎഫ്‌ഐ സംഘത്തെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടയുകയും സ്റ്റേജില്‍ നിന്ന് പിടിച്ചിറക്കി 'പഞ്ഞിക്കിടുകയുമായിരുന്നു'. സംഘപരിവാര്‍ നിയന്ത്രണത്തിലുള്ളതാണ് ഈ ക്ഷേത്രം.

തൃശൂരില്‍ നിന്നുള്ള ഗായകസംഘമാണ് ഉത്സവപ്പറമ്പില്‍ പാടാനെത്തിയത്. സദസ്സില്‍ നിന്നുള്ള ആവശ്യപ്രകാരം ഗായകന്‍ ഗണഗീതം ആലപിച്ചു തുടങ്ങിയതോടെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഹിഷ്ണുതയുമായി സ്റ്റേജിലേക്ക് കയറിയത്. പാട്ട് പാടിക്കൊണ്ടിരുന്ന ഗായകനെ ഭീഷണിപ്പെടുത്തി പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെ ഡിവൈഎഫ്‌ഐക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഗണഗീതം തടയാന്‍ ശ്രമിച്ചവരെ ജനം സ്റ്റേജില്‍ നിന്ന് തള്ളിയിറക്കി. തുടര്‍ന്നുണ്ടായ ഉന്തും തള്ളിലും മര്‍ദ്ദനത്തിലും സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ക്ഷേത്ര കമ്മിറ്റിയില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് സ്വാധീനമുള്ളതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ ക്ഷേത്ര ചടങ്ങുകള്‍ക്കിടയില്‍ രാഷ്ട്രീയ അജണ്ടയുമായി എത്തിയവര്‍ക്ക് ഭക്തരില്‍ നിന്ന് തന്നെ കനത്ത പ്രഹരമാണ് ലഭിച്ചത്. സംഭവത്തിന് പിന്നാലെ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും, ക്ഷേത്രവിശ്വാസികളുടെ വികാരത്തെ മാനിക്കാതെ അതിക്രമം കാണിച്ചവര്‍ക്ക് ലഭിച്ച തക്കതായ മറുപടിയാണിതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു. സംഭവത്തില്‍ ഇരുവിഭാഗവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഗണഗീതത്തെ പോലും ഭയക്കുന്ന സിപിഎം നിലപാടാണ് ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് ബിജെപി ആരോപിച്ചു.

കണ്ണൂരില്‍ കോണ്‍ഗ്രിസനും സിപിഎമ്മിനും ബിജെപിക്കും സ്വാധീനമുള്ള ക്ഷേത്രങ്ങളുണ്ട്. ദേവസ്വം ബോര്‍ഡിന് അവിടെ കാര്യമില്ല. അവിടെ നടക്കുന്നതെല്ലാം നിശ്ചയിക്കുനനത് അതാത് ഭരണസമിതിയാണ്. ഇതിനെയാണ് കണ്ണാടിപ്പറമ്പില്‍ സിപിഎം അണികള്‍ ചോദ്യം ചെയ്തത്. ഇതേ രീതിയിലേക്ക് മറ്റിടങ്ങളിലേക്കും കാര്യങ്ങള്‍ പോകാന്‍ ഇടയുണ്ട്. അങ്ങനെ വന്നാല്‍ കണ്ണൂരില്‍ ഈ ഉത്സവക്കാലം സംഘര്‍ഷങ്ങളുടേതായി മാറും.

അതുകൊണ്ട് തന്നെ പോലീസിന് വേണ്ട ജാഗ്രത കാണിക്കേണ്ടി വരും. തിരഞ്ഞെടുപ്പു കാലം അടുത്തതു കൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ പരിധി വിടാനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ പോലീസിന് എല്ലാ ക്ഷേത്രങ്ങളിലും കനത്ത നിരീക്ഷണം നടത്തേണ്ടി വരും.

Tags:    

Similar News