കോണ്‍ക്രീറ്റ് തൂണില്‍ എങ്ങനെ ചിതല്‍ പിടിക്കുമെന്ന സാമാന്യ യുക്തി പലവിധ സംശയങ്ങള്‍ക്ക് ആധാരം.; ശബരിമല സ്വര്‍ണ്ണക്കൊള്ള: 'കോണ്‍ക്രീറ്റ് കൊടിമരത്തില്‍' ദുരൂഹത; പുനഃപ്രതിഷ്ഠയുടെ പേരില്‍ നടന്നത് വന്‍ വെട്ടിപ്പെന്ന് സൂചന, പിന്നില്‍ കൃത്യമായ ആസൂത്രണവും സാമ്പത്തിക താല്‍പ്പര്യങ്ങളും ഉണ്ടെന്ന് നിഗമനം; പുതിയ കേസെടുത്തേക്കും

Update: 2026-01-21 01:24 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസിന് പിന്നാലെ ദേവസ്വം ബോര്‍ഡിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സ്വര്‍ണ്ണക്കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട പുതിയ വിവാദം. കൊടിമരത്തിന്റെ നിര്‍മ്മാണത്തിലും പുനഃപ്രതിഷ്ഠാ തീരുമാനത്തിലും അഴിമതിയും ദുരൂഹതയും ആരോപിച്ച് പ്രത്യേക അന്വേഷണ സംഘം മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ ശബരിമലയിലെ നടപടികള്‍ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

പഴയ കൊടിമരം ചിതലരിച്ചുവെന്നും അതിനാല്‍ പുനഃപ്രതിഷ്ഠ വേണമെന്നുമായിരുന്നു 2014-ല്‍ ഉണ്ടായ തീരുമാനം. എന്നാല്‍, പുനഃപ്രതിഷ്ഠാ നടപടികള്‍ക്കിടെ കൊടിമരം പൊളിച്ചപ്പോള്‍ അത് പൂര്‍ണ്ണമായും കോണ്‍ക്രീറ്റില്‍ തീര്‍ത്തതാണെന്ന് കണ്ടെത്തിയിരുന്നു. കോണ്‍ക്രീറ്റ് തൂണില്‍ എങ്ങനെ ചിതല്‍ പിടിക്കുമെന്ന സാമാന്യ യുക്തിയാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ സംശയങ്ങള്‍ക്ക് ആധാരം. കൊടിമരം കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ചത് സംബന്ധിച്ച യാതൊരു ഔദ്യോഗിക രേഖകളും നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ പക്കലില്ലെന്നത് ക്രമക്കേടിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നു.

2014 മുതല്‍ സ്വീകരിച്ച ഓരോ നടപടിയും അന്വേഷണ പരിധിയില്‍ വരും. കോണ്‍ക്രീറ്റ് തൂണില്‍ ചിതലരിച്ചുവെന്ന വ്യാജ റിപ്പോര്‍ട്ട് ചമച്ചവര്‍, പുനഃപ്രതിഷ്ഠയ്ക്കായി ഹൈദരാബാദില്‍ നിന്നുള്ള സ്‌പോണ്‍സറെ കണ്ടെത്തിയ രീതി എന്നിവ സംഘം പരിശോധിക്കും. ഇതിനു പിന്നില്‍ കൃത്യമായ ആസൂത്രണവും സാമ്പത്തിക താല്‍പ്പര്യങ്ങളും ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

പരിശോധനകള്‍ പൂര്‍ത്തിയാക്കി വരും ദിവസങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുന്‍ ബോര്‍ഡ് അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരിലേക്ക് അന്വേഷണം നീളും. സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ കൊടിമര പുനഃപ്രതിഷ്ഠയിലെ വെട്ടിപ്പും പുറത്തുവരുന്നത് ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ വലിയൊരു മാഫിയാ ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കാടിമരം, ശ്രീകോവില്‍ വാതില്‍ എന്നിവയില്‍ സ്വര്‍ണക്കൊള്ള നടന്നോ എന്നത് സംബന്ധിച്ച വിശദമായ അന്വേഷണത്തിനാകും പുതിയ കേസ്. കോണ്‍ക്രീറ്റ് കൊടിമരം ചിതലരിച്ചതെങ്ങനെ, എന്തുകൊണ്ടാണ് കൊടിമരം പുനഃപ്രതിഷ്ഠിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കും. ഒപ്പം, ശ്രീകോവില്‍ വാതിലിലെ സ്വര്‍ണം കവര്‍ന്നോ എന്നതടക്കം പ്രത്യേകം പരിശോധിക്കും.

ദ്വാരപാലക ശില്‍പ സ്വര്‍ണക്കവര്‍ച്ച, കട്ടിളപ്പാളി കേസുകള്‍ക്ക് പിന്നാലെയാണ് മറ്റൊരു കേസ് കൂടി വരുന്നത്. ശബരിമലയില്‍ വമ്പന്‍ സ്വര്‍ണക്കൊള്ളയെന്ന വി.എസ്.എസ്.സി ശാസ്ത്രീയപരിശോധന റിപ്പോര്‍ട്ടോടെയാണ് കേസിന്റെ ദിശ മാറുന്നത്. 2014ലാണ് കൊടിമരം പുനഃപ്രതിഷ്ഠ നടത്താന്‍ തീരുമാനിച്ചത്. അതിനാല്‍, 2014 മുതലുള്ള നടപടികള്‍ പരിശോധിക്കും. കൊടിമരം പുനഃപ്രതിഷ്ഠ നടത്തിയത് എന്തിനാണ് എന്നതാണ് സംശയം.

ഉത്തരവില്‍ കൊടിമരം ചിതലരിച്ച് നശിച്ചു തുടങ്ങിയെന്ന് പറയുന്നുണ്ട്. എന്നാല്‍, പുനഃപ്രതിഷ്ഠക്ക് മുമ്പ് കോണ്‍ക്രീറ്റ് തൂണിനു പുറത്ത് സ്വര്‍ണം പൂശിയ ചെമ്പുപറ ഇട്ടായിരുന്നു കൊടിമരം നിര്‍മിച്ചത്.

Tags:    

Similar News