തടവുശിക്ഷ അനുഭവിക്കുന്നയാളുടെ തിരഞ്ഞെടുപ്പ് വിജയം: കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വികെ നിഷാദിനെ ചട്ടപ്രകാരം അയോഗ്യനാക്കില്ലേ? പരോള്‍ കാലത്തിനിടെ വികെ നിഷാദിനെതിരെ പുതിയ കരുനീക്കം

Update: 2026-01-21 06:00 GMT

കൊച്ചി: തടവുശിക്ഷ അനുഭവിക്കുന്നതിനിടെ തിരഞ്ഞെടുപ്പിലെ വിജയം അസാധുവാക്കാന്‍ കോടതിയെ സമീപിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച വി.കെ നിഷാദിന്റെ വിജയമാണ് നിയമക്കുരുക്കിലായിരിക്കുന്നത്. തളിപ്പറമ്പ് സെഷന്‍സ് കോടതി 20 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ച പ്രതിയാണ് വി.കെ നിഷാദ്.

പോലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം സ്ഥാനാര്‍ഥിക്ക് ജയം സാങ്കേതിക കുരുക്കിലേക്ക് മാറുകയാണ്. പയ്യന്നൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡിവൈഎഫ്‌ഐ നേതാവുമായ വെള്ളൂര്‍ കാറമേലിലെ വി.കെ.നിഷാദാണ് ജയിച്ചത്. പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡ് മൊട്ടമ്മലില്‍നിന്നാണ് ജയിച്ചത്. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും നിലവില്‍ പയ്യന്നൂര്‍ കാറമേല്‍ വെസ്റ്റ് കൗണ്‍സിലറുമാണ്. പത്രിക നല്കുന്ന സമയത്ത് ശിക്ഷ വിധിക്കാത്തതിനാല്‍ മത്സരിക്കുന്നതിന് തടസ്സമുണ്ടായിരുന്നില്ല. പിന്നീട് കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. നിഷാദിന്റെ അഭാവത്തില്‍ സിപിഎം പ്രവര്‍ത്തകരാണ് വോട്ടുതേടിയിറങ്ങിയത്. പത്രികപിന്‍വലിക്കാനുള്ള അവസാനദിനത്തിലാണ് കേസില്‍ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു വിധിവന്നത്.

അതിനാല്‍ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. ജയിലില്‍ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുക്കപ്പെട്ട തിയതി മുതല്‍ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ ചട്ടപ്രകാരം അംഗത്വം നഷ്ടപ്പെടുകയും സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി കമ്മീഷന്‍ പ്രഖ്യാപിക്കുകയും ചെയ്‌തേക്കും എന്നായിരുന്നു വിലയിരുത്തല്‍. ഇതിനിടെയാണ് പരാതി എത്തിയത്. എന്നാല്‍ കോടതിയില്‍ പോയി കേസു കൊടുക്കാന്‍ പറയുകയാണ് ഫലത്തില്‍ കമ്മീഷന്‍.

ഇവിടെ ഡമ്മി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സിപിഎം വെള്ളൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയംഗം എം.ഹരീന്ദ്രന്‍ പത്രിക പിന്‍വലിച്ചിരുന്നില്ല. നിഷാദിന് മത്സരിക്കാന്‍ തടസ്സമുണ്ടായാല്‍ സ്ഥാനാര്‍ഥിയില്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്. 2012 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. അരിയിലെ എംഎസ്എഫ് നേതാവ് ഷൂക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. നിഷാദ് 16 കേസുകളില്‍ പ്രതിയാണ്. 2009 മുതല്‍ 2016 വരെ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 2009-ല്‍ ഒരു കേസാണുള്ളത്. എന്നാല്‍, 2010-ല്‍ രണ്ടും തൊട്ടടുത്ത വര്‍ഷം മൂന്നും കേസ് നിഷാദിന്റെ പേരില്‍ രജിസ്റ്റര്‍ചെയ്തു. 2012-ല്‍ മാത്രം പൊതുമുതല്‍ നശിപ്പിച്ചതും സ്‌ഫോടകവസ്തുക്കള്‍ കൈയില്‍ കരുതിയതുമുള്‍പ്പെടെ എട്ടു കേസുകളുണ്ട്.

2013-ലും 2016-ലും ഓരോ കേസും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. പോലീസിനുനേരേ ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതി അന്നൂരിലെ ടി.സി.വി. നന്ദകുമാറിന്റെ പേരില്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ കൊലപാതകമുള്‍പ്പെടെ എട്ടു കേസാണുള്ളത്. അതിനിചെ നിഷാദിന്റെ പരോള്‍ മൂന്നാം തവണയും നീട്ടി നല്‍കിയിരുന്നു. പയ്യന്നൂരില്‍ പൊലീസിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയാണ് വി.കെ നിഷാദ്. വി കെ നിഷാദിന്റെ പരോള്‍ 15 ദിവസത്തേക്ക് കൂടിയാണ് പരോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നീട്ടിയത്. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരിട്ടാണ് ജനുവരി 26 വരെ നിഷാദിന്റെ പരോള്‍ നീട്ടിയത്.

ജനുവരി 11 വരെയായിരുന്നു പരോള്‍ അനുവദിച്ചിരുന്നത്. 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് ഒരുമാസം മാത്രമാണ് ജയിലില്‍ കിടന്നത്. കഴിഞ്ഞ തവണ ഈ മാസം 11 വരെ ആറ് ദിവസം കൂടി പരോള്‍ നീട്ടിയിരുന്നു . ജയില്‍ ഡിജിപിയാണ് കഴിഞ്ഞ തവണ നിഷാദിന്റെ പരോള്‍ കാലാവധി നീട്ടിയത്. ഇക്കുറി സര്‍ക്കാര്‍ നേരിട്ടാണ് പരോള്‍ നീട്ടി നല്‍കിയത്. ശിക്ഷിക്കപ്പെട്ടതിനാല്‍ സത്യപ്രതിജ്ഞ ചെയ്ത് കൗണ്‍സിലറായി അധികാരമേല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേ തുടര്‍ന്നാണ് പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടി ആറ് ദിവസത്തെ പരോളിന് അനുമതി തേടിയത്. ഇതിന്റെ തുടര്ച്ചയായാണ് ഇയാള്‍ക്ക് പരോള്‍ അനുവദിച്ചതെന്നും വാദമുണ്ട്.

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതുവരെയും വി കെ നിഷാദ് സത്യപ്രതിജ്ഞ ചെയ്തിരുന്നില്ലെന്ന് നഗരസഭാ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇയാളെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും അയോഗ്യരാക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. വി കെ നിഷാദ് 536 വോട്ടിനാണ് പയ്യന്നൂര്‍ മുനിസിപ്പാലിറ്റി മൊട്ടമ്മല്‍ വാര്‍ഡില്‍നിന്നും വിജയിച്ചത്.

Similar News