അഫ്ഗാനിസ്ഥാന്‍ വീണ്ടും ഇരുണ്ട യുഗത്തിലേക്ക്! താലിബാന്‍ ഭരണകൂടത്തിന്റെ കിരാത വാഴ്ച: 13 വയസ്സുകാരന്‍ സ്റ്റേഡിയത്തില്‍ വെച്ച് വധശിക്ഷ നടപ്പാക്കി; 80,000 കാണികള്‍; വെടിയൊച്ച കേട്ടപ്പോള്‍ 'അല്ലാഹു അക്ബര്‍' വിളികള്‍; മൂന്ന് വര്‍ഷത്തിനിടെ 12 പൊതുവധശിക്ഷകള്‍

അഫ്ഗാനിസ്ഥാന്‍ വീണ്ടും ഇരുണ്ട യുഗത്തിലേക്ക്!

Update: 2025-12-02 16:40 GMT

കാബുള്‍: താലിബാന്റെ ആദ്യഭരണകാലത്തെ ഇരുണ്ട യുഗത്തിലേക്ക് അഫ്ഗാനിസ്ഥാന്‍ മടങ്ങുകയാണോ? രാജ്യത്ത് വീണ്ടും പൊതുവധശിക്ഷകള്‍ വര്‍ധിക്കുകയാണ്. 13 വയസ്സുകാരനായ ഒരു ബാലന്‍ 80,000-ത്തോളം കാണികളെ സാക്ഷിയാക്കി ഒരു കായിക സ്റ്റേഡിയത്തില്‍ വെച്ച് വധശിക്ഷ നടപ്പാക്കിയത് ലോകമെമ്പാടും ഞെട്ടലുണ്ടാക്കി. 2021-ല്‍ യു.എസ്. - നാറ്റോ സൈന്യം പിന്‍വാങ്ങിയതിന് ശേഷം താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം പൊതുവായി വധിക്കപ്പെടുന്നവരുടെ എണ്ണം ഇതോടെ 12 ആയി.

മാപ്പു നല്‍കാതെ കുടുംബം; 3 തവണ വെടിവച്ച് 13 വയസുകാരന്‍

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് പ്രതിക്ക് മാപ്പുനല്‍കി അനുരഞ്ജനത്തിന് അവസരം നല്‍കാന്‍ താലിബാന്‍ തയ്യാറായിരുന്നു. എന്നാല്‍, അവര്‍ അതിനുവഴങ്ങാതെ ശിക്ഷ നടപ്പാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ കുടുംബത്തിലെ 13 പേരെ കൊലപ്പെടുത്തിയ കുറ്റവാളിയെ 13 കാരന്‍ സ്റ്റേഡിയത്തില്‍ വെച്ച് മൂന്ന് തവണ വെടിവെച്ചു കൊന്നു.

മംഗള്‍ എന്ന പ്രതി 2025 ജനുവരിയില്‍ ഖോസ്റ്റ് പ്രവിശ്യയിലെ ഒരു കുടുംബ വീട്ടില്‍ അതിക്രമിച്ച് കയറി നിരവധി കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 13 കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്നതിനാണ് ശിക്ഷിക്കപ്പെട്ടത്. ഏകദേശം 80,000 പേരാണ് ഈ വധശിക്ഷ കാണാനായി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയത്. വെടിയൊച്ച കേട്ടപ്പോള്‍ 'അല്ലാഹു അക്ബര്‍' എന്ന് ആക്രോശിക്കുന്ന കാഴ്ചക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.




ശരീഅത്ത് നിയമവും 'ഖിസാസും'

താലിബാന്‍ ഭരണകൂടം ഇസ്ലാമിക ശരീഅത്ത് നിയമത്തിന്റെ കടുത്ത വ്യാഖ്യാനമാണ് രാജ്യത്ത് നടപ്പാക്കുന്നത്. 'കണ്ണിന് കണ്ണ്' എന്നതിന് സമാനമായ 'ഖിസാസ്' (പ്രതികാര നടപടി) എന്ന ശിക്ഷാ രീതിയുടെ ഭാഗമായാണ് ഇത്തരം വധശിക്ഷകള്‍ നടപ്പാക്കുന്നത്. കീഴ് കോടതി, അപ്പീല്‍ കോടതി, സുപ്രീം കോടതി എന്നിവയുടെ പരിശോധനയ്ക്ക് ശേഷം താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയുടെ അംഗീകാരത്തോടെയാണ് ശിക്ഷ നടപ്പാക്കിയത്.

ഇതിനുമുമ്പ് ഒക്ടോബറില്‍ ബദ്ഗിസിലും സമാനമായ പൊതുവധശിക്ഷ നടപ്പാക്കിയിരുന്നു. യു.എന്‍. മനുഷ്യാവകാശ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ബെന്നറ്റ് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ, മനുഷ്യത്വരഹിതമായ, ക്രൂരമായ ശിക്ഷ എന്ന് വിശേഷിപ്പിച്ചു.

പാശ്ചാത്യ ഇന്‍ഫ്‌ലുവന്‍സേഴ്‌സിന് സര്‍വ്വ സ്വാതന്ത്ര്യം; നാട്ടുകാര്‍ക്ക് കരിനിയമങ്ങളും

ഇത്രയും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോഴും, പാശ്ചാത്യ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ (Travel Influencers) അഫ്ഗാനിസ്ഥാനിലെ സാഹസിക യാത്രകളെക്കുറിച്ചുള്ള നല്ല വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകളും യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടും, 2024-ല്‍ ഏകദേശം 4,000 വിനോദസഞ്ചാരികളും ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ 3,000-ത്തോളം പേരും രാജ്യം സന്ദര്‍ശിച്ചു.

യാത്രാ ബ്ലോഗര്‍മാര്‍ക്ക് അവിടെ സ്വതന്ത്രമായി സഞ്ചരിക്കാനും ഫോട്ടോ എടുക്കാനും സാധിക്കുമ്പോള്‍, അഫ്ഗാന്‍ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, കര്‍ശനമായ നിയമങ്ങള്‍ പാലിക്കേണ്ടി വരുന്നു. ബുര്‍ഖ ധരിക്കുക, പുരുഷ രക്ഷിതാവില്ലാതെ പൊതുസ്ഥലങ്ങളില്‍ പോകരുത് തുടങ്ങിയ നിബന്ധനകള്‍ അവര്‍ക്ക് ബാധകമാണ്.

ാശ്ചാത്യ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ താലിബാന്‍ ഭരണകൂടത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുവെന്നും, സ്ത്രീകളുടെ ദുരിത ജീവിതം മറച്ചുവെക്കുന്നുവെന്നും അഫ്ഗാന്‍ ആക്ടിവിസ്റ്റ് ഡോ. ഓര്‍സല നെമത്ത് വിമര്‍ശിച്ചു. താലിബാന്‍ 1996 മുതല്‍ 2001 വരെ ഭരിച്ചപ്പോഴും കായിക സ്റ്റേഡിയങ്ങള്‍ പൊതുവധശിക്ഷകള്‍ക്കായി ഉപയോഗിച്ചിരുന്നു. സ്ത്രീകളെ പൊതുസ്ഥലത്ത് ചാട്ടവാറടിക്ക് വിധേയരാക്കുന്നതും, വിദ്യാഭ്യാസം, ജോലി എന്നിവ നിഷേധിക്കുന്നതും ഉള്‍പ്പെടെയുള്ള കിരാത നിയമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Tags:    

Similar News