സുരക്ഷിത പാസ്വേഡ് നല്‍കാതെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികള്‍ ഹാക്കര്‍മാര്‍ക്ക് അനായാസം തുറക്കാവുന്ന വാതിലുകള്‍; കെ എസ് എഫ് ഡി സിയുടെ സെര്‍വ്വര്‍ ഹാക്ക് ചെയ്തത് എങ്ങനെ? അന്വേഷണം തുടങ്ങുന്നു; സ്വകാര്യ തിയേറ്ററുകള്‍ക്കുള്ളിലെ ദൃശ്യങ്ങളും ചോര്‍ന്നു; തിയേറ്ററുകളിലെ സൈബര്‍ സുരക്ഷ പാളുമ്പോള്‍

Update: 2025-12-05 01:38 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങും. ദൃശ്യങ്ങള്‍ പുറത്തുപോയതില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെഎസ്എഫ്ഡിസി എംഡി പിഎസ് പ്രിയദര്‍ശന്‍ പറഞ്ഞു.

വിഷയം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഹാക്കിങ് ആണെന്നാണ് സംശയമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. സ്വകാര്യ തിയേറ്ററുകളിലെ ദൃശ്യങ്ങളും ചോര്‍ന്നിട്ടുണ്ടെന്ന് കെ എസ് എഫ് ഡി സി പറയുന്നു. അതായത് വമ്പന്‍ മാഫിയ സംഭവത്തിന് പിന്നിലുണ്ടെന്നാണ് പറഞ്ഞു വയ്ക്കുന്നത്. കെ എസ് എഫ് ഡി സിയുടെ സെര്‍വ്വര്‍ ഹാക്ക് ചെയ്തുവെന്ന വാദവും വിവാദത്തിലാകും.

സംഭവത്തില്‍ ഉടന്‍ പരാതി നല്‍കുമെന്ന് കേരളാ ഫിലിം ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.മധു അറിയിച്ചു. അതേസമയം, പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് കെഎസ്എഫ്ഡിസി നിര്‍ദേശം തേടിയിരുന്നുവെന്നും അതു നല്‍കിയിട്ടുണ്ടെന്നും സൈബര്‍ വിഭാഗം എസിപി പറഞ്ഞു. തിയറ്ററുകളിലെ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്ു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളില്‍ സിനിമ കാണാന്‍ എത്തിയവരുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം പൊലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം അന്വേഷിക്കും.

കൈരളി, ശ്രീ, നിള തിയറ്ററുകളില്‍ സിനിമ കാണാനെത്തിയ സ്ത്രീപുരുഷന്‍മാരുടെ ദൃശ്യങ്ങളാണ് തിയറ്ററുകളുടെ പേരുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തി ടെലിഗ്രാമിലും എക്‌സിലും ചില അശ്ലീല സൈറ്റുകളിലും പ്രചരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കുന്ന ക്ലൗഡില്‍ നിന്നു സിസിടിവിയുടെ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഹാക്ക് ചെയ്താണ് ഇത്തരത്തില്‍ ദൃശ്യങ്ങള്‍ എടുത്തിട്ടുള്ളതെന്നാണ് സംശയം.

സുരക്ഷിതമായ പാസ്വേഡ് നല്‍കാതെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികള്‍ ഹാക്ക് ചെയ്തു ദൃശ്യങ്ങള്‍ വില്‍ക്കുന്ന സംഘങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. തിയറ്ററുകളിലെ സീറ്റുകള്‍ ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ടെലിഗ്രാമില്‍ ഇതിന്റെ ലിങ്കുകള്‍ ലഭിക്കുമെന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ പണം അടയ്ക്കണമെന്നുമുള്ള മട്ടിലാണ് ദൃശ്യങ്ങള്‍ പ്രചരിച്ചത്. ചിലര്‍ ദൃശ്യങ്ങള്‍ക്കായി ഇത്തരത്തില്‍ പണം അടച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിച്ചു.

സുരക്ഷിതമായ പാസ്വേഡ് നല്‍കാതെ സ്ഥാപിച്ചിരിക്കുന്ന സിസിടിവികള്‍ ഹാക്കര്‍മാര്‍ക്ക് അനായാസം തുറക്കാവുന്ന വാതിലുകളാണ്.

Similar News