'രാഹുലിന്റേത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം; ഇയാളെ എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം; പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങള്‍; പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍'; കോണ്‍ഗ്രസ് നടപടി മാതൃകാപരമെന്ന് പറയാന്‍ സാധിക്കുമോയെന്ന് മുഖ്യമന്ത്രി
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം അറിഞ്ഞിട്ടും നേതാക്കള്‍ കവചമൊരുക്കി, ഭാവിയുടെ വാഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചു. രാഹുലിനെ എതിര്‍ത്താല്‍ വെട്ടുക്കിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് നടപടികളെല്ലാം ഫലപ്രദമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കണ്ണുവെട്ടിച്ച് ചിലര്‍ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്. ജയിലില്‍ കിടന്ന എത്ര എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാളാണ്.
പൊലീസ് ഫലപ്രദമായി പ്രവര്‍ത്തിച്ച് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ നടപടി മാതൃകാപരമാണെന്ന് പറയാന്‍ പറ്റുമോ. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇത്തരം കുറ്റത്തിനു ജയിലില്‍ കിടന്നതാണ്. അവരെ കോണ്‍ഗ്രസ് പുറത്താക്കിയോ. സാധാരണഗതിയില്‍ പ്രതീക്ഷിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല രാഹുലിന്റെ കേസില്‍ വന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതമാണ് ഉണ്ടായത്.
ലൈംഗിക വൈകൃതക്കാരന്റെ പ്രവര്‍ത്തിയാണ് ഉണ്ടായത്. അത്തരമൊരു പൊതുപ്രവര്‍ത്തകനെ ആരോപണങ്ങള്‍ വന്നപ്പോള്‍ തന്നെ മാറ്റിനിര്‍ത്തുകയല്ലേ ചെയ്യേണ്ടിയിരുന്നത്. ഇതെല്ലാം നേതൃത്വം നേരത്തേ അറിഞ്ഞ ശേഷം ഭാവിയിലെ നിക്ഷേപമെന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണോ ചെയ്യേണ്ടിയിരുന്നത്. കോണ്‍ഗ്രസ് മഹത്തായ പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയല്ലേയെന്നും മുഖ്യമന്ത്രി പറഞ്ഞു.
''ഇയാളെ തൊട്ട് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കു നേരെ അസഭ്യ വര്‍ഷമാണ്. ഇതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണോ. ഏതെങ്കിലും പാര്‍ട്ടിയില്‍ സംഭവിക്കുമോ. കോണ്‍ഗ്രസ് നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ നേതാവ് സംസാരിക്കുമ്പോഴാണ് പിന്നില്‍ നിന്ന് അണികള്‍ ബഹളം വയ്ക്കുന്നത്. ആരും ഇയാളെ തൊടാന്‍ പാടില്ലെന്നാണ് പറയുന്നത്. ഇത്തരമൊരു സംരക്ഷണവലയം എന്തിനാണ് ഒരുക്കാന്‍ തയാറായത്. നമുക്ക് ആ വിഷയം വിടാം. അത് തന്നെ ഇങ്ങനെ പറഞ്ഞുക്കൊണ്ട് ഇരിക്കേണ്ട'' മുഖ്യമന്ത്രി പറഞ്ഞു.
