'ഇതുകൊണ്ടല്ലേ കോയാ ഞമ്മള് പറേന്നത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന്; വിദ്യാഭ്യാസം നേടിയാല്‍ ഇതുപോലെ 'ആലോചനപരമല്ലാത്ത കാര്യങ്ങള്‍' വിളിച്ചു പറഞ്ഞു കളയും'; സ്ത്രീകളുടെ പള്ളിപ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മകള്‍ നല്‍കിയ മറുപടി തിരുത്തിയതില്‍ വിമര്‍ശനം; പാണക്കാട് മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു
മലപ്പുറം: മക്കയില്‍ കഅബയില്‍ സ്ത്രീകള്‍ പോകുകയും തൊടുകയും പ്രദക്ഷിണം വെക്കുകയും ചെയ്യുന്നത് പരാമര്‍ശിച്ച് കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മകള്‍ ഫാത്തിമ നര്‍ഗീസ് നടത്തിയ പരാമര്‍ശം തിരുത്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. മകളുടെ പ്രതികരണത്തിന്റെ ഉത്തരവാദിത്തം പിതാവെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഇതിനെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുനവ്വറലി തങ്ങളുടെ പ്രതികരണം. മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിക്കഴിഞ്ഞു. പരാമര്‍ശത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
'കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമു'ണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.
'കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ഒരു വിഷയത്തില്‍, ഒരു പിതാവെന്ന നിലയില്‍ മുഴുവന്‍ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി താന്‍ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു'വെന്ന് മുനവ്വറലി തങ്ങള്‍ കുറിച്ചു.
സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നായിരുന്നു ഫാത്തിമയുടെ പരാമര്‍ശം. മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലായിരുന്നു ഫാത്തിമ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാമെന്നും ഫാത്തിമ പറഞ്ഞു. പിന്നാലെ ഫാത്തിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്.
'മക്കയില്‍ കഅബയില്‍ സ്ത്രീകള്‍ പോകുകയും തൊടുകയും പ്രദക്ഷിണം വെക്കുകയും ചെയ്യുന്നത് കണ്ടിട്ടും ഇത്രേം വര്‍ഷങ്ങള്‍ ആയിട്ടും കേരളത്തില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നില്ല? ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം
'സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം ഇവിടെ ആരൊക്കെയോ ചേര്‍ന്ന് നിഷേധിച്ചതാണ്, അത് മാറണം. സ്ത്രീകള്‍ അവിടെ പ്രവേശിച്ചു കൂടാ എന്ന് ഒരിക്കലും പറയാന്‍ പാടില്ല. സമീപഭാവിയില്‍ തന്നെ അതില്‍ മാറ്റം ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്നായിരുന്നു മറുപടി.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന് നിരവധി പേരാണ് അനുകൂലിച്ചും വിമര്‍ശിച്ചും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആ മകളുടെ ഉത്തരം പക്വതയുള്ള ഉത്തരം തന്നെയാണ് അതിനു എന്തിന് തിരുത്തണം...ചോദ്യം ചോദിച്ച ആള്‍ വ്യക്തമായി ചോദിച്ചല്ലോ മക്കയില്‍ സ്ത്രീയും പുരുഷനും എല്ലാം പോവുന്നുണ്ടല്ലോ ഇവിടെ എന്തിനാണ് തടസ്സം എന്ന് അതിനു കറക്റ്റ് മറുപടി തന്നെയാണ് മോള്‍ നല്‍കിയത് എന്നാണ് ഒരാള്‍ നല്‍കിയ പ്രതികരണം. സയ്യിദ് മുനവ്വറലിയുടെ ഈ തിരുത്തിനെ അഭിനന്ദിക്കുന്നു. നന്നായി തങ്ങളെ ഈ തിരുത്ത് എന്നാണ് മറ്റൊരാളുടെ പ്രതികരണം.
സ്ത്രീകളുടെ പള്ളി പ്രവേശനത്തില്‍ 16 വയസ്സായിട്ടും(മദ്രസയില്‍ ചുരുങ്ങിയത് പത്താം ക്ലാസ്സ്) ആ കുട്ടിക്ക് വ്യക്തത വന്നില്ലെങ്കില്‍ അവരിലേക്ക് ഈ പ്രായത്തിനിടയില്‍ സന്നിവേശിച്ച ആശയം ഏതാണെന്ന് വ്യക്തം.. ആ കുട്ടിയുടെ പ്രതികരണം കാപട്യമില്ലാത്തതാണ്.. അവരുടെ ആശയമാണ് അവര്‍ പറഞ്ഞത്.. ഇനി അറിവില്ലാത്ത ആളാണ് മകള്‍ എന്ന വാദം അംഗീകരിച്ചാല്‍ അറിവില്ലാത്ത മകളെ ഇത്തരം വലിയ വേദികളിലേക്ക് കൊണ്ട് പോകുന്നതെന്തിനാണ് ?? താങ്കളുടെ ഈ തിരുത്ത് സമുദായത്തില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ ഭയന്ന് കൊണ്ടും രാഷ്ട്രീയമായി തിരിച്ചടി കിട്ടും എന്നുള്ളത് കൊണ്ടും മാത്രമാണ്..
താങ്കള്‍ അടക്കമുള്ള നേതൃത്വം ജമാഅത്ത് പോലുള്ള നവ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു..
ഇതുകൊണ്ടല്ലേ കോയാ ഞമ്മള് പറേന്നത് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന്. വിദ്യാഭ്യാസം നേടിയാല്‍ ഇതുപോലെ 'ആലോചനപരമല്ലാത്ത കാര്യങ്ങള്‍' വിളിച്ചു പറഞ്ഞു കളയും.
അടുക്കളയില്‍ നെല്ലിക്കായിട്ട് മത്തിക്കറിയും വെച്ചോണ്ട് കുത്തിരിക്കുന്ന ഒരുത്തിയോട് ഈ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ സമുദായത്തിന് ഇഷ്ടപെടുന്ന രീതിയില്‍ ഓള് ഉത്തരം പറഞ്ഞേനെ.... ഇങ്ങനെ പോകുന്നു പ്രതികരണങ്ങള്‍
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഒരു പരിപാടിക്കിടെ ഒരു ചോദ്യത്തിന് 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയായ എന്റെ മകള്‍ ഫാത്തിമ നര്‍ഗീസ് നല്‍കിയ മറുപടിയെപ്പറ്റി ആവശ്യമായ വ്യക്തത വരുത്തുന്നതിനായാണ് ഈ കുറിപ്പ് എഴുതുന്നത്.
കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ മകള്‍ നല്‍കിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീര്‍പ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്.
ആ മറുപടി, ആ വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യര്‍ത്ഥന.
കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിര്‍വചിച്ചിട്ടുള്ള ഒരു വിഷയത്തില്‍, ഒരു പിതാവെന്ന നിലയില്‍ മുഴുവന്‍ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാന്‍ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു.!
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
