കേരളത്തിലെ പോലെ തന്നെ ഇപ്പോള്‍ ബിഹാറിലേക്കും പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ തോത് കൂടുന്നു; ആ സംസ്ഥാനത്തും വികസന കുതിപ്പോ? ആഫ്രിക്കയിലും ഗ്രീസിലും കൊറിയയിലും എല്ലാം ബീഹാറികള്‍; കുടിയേറ്റം വളര്‍ച്ചയ്ക്ക് കാരണമോ?
പാട്‌ന: മലയാളികളെ പോലെ ഇപ്പോള്‍ ഏറ്റവുമധികം തൊഴിലാളികള്‍ വിദേശത്ത് ജോലി ചെയ്യുന്ന സംസ്ഥാനമായി മാറുകയാണ് ബിഹാര്‍. ഒരു കാലത്ത് ഏറ്റവും പിന്നോക്കാവസ്ഥയില്‍ ഉണ്ടായിരുന്ന സംസ്ഥാനമായിരുന്ന ബിഹാറില്‍ ഇപ്പോള്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ സൂചനയാണ്. കേരളത്തിലെ പോലെ തന്നെ ഇപ്പോള്‍ ബിഹാറിലേക്കും പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ തോത് വര്‍ദ്ധിക്കുകയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തൊഴിലാളികള്‍ പണം തിരികെ അയയ്ക്കുന്നതോടെ സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റ പ്രവണതകള്‍, പണമയയ്ക്കല്‍ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയെ കേരളം ദീര്‍ഘകാലമായി ആശ്രയിക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു. രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനും എ സിക്‌സ്ത്ത് ഓഫ് ഹ്യുമാനിറ്റി: ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യാസ് ഡെവലപ്‌മെന്റ് ഒഡീസിയുടെ സഹ രചയിതാവുമായ ദേവേഷ് കപൂര്‍, ബിസിനസ് ടുഡേ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് സരബി, രാജ്ദീപ് സര്‍ദേശായി എന്നിവരുമായി നടത്തിയ അഭിമുഖത്തിലാണ് ഈ ഉയര്‍ന്നുവരുന്ന പ്രവണത എടുത്തുകാട്ടിയത്.
ആഫ്രിക്ക, ഗ്രീസ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതലായി ബീഹാര്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്. പരമ്പരാഗതമായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന ബീഹാറിലെ കുടിയേറ്റ തൊഴിലാളികള്‍ ഇപ്പോള്‍ ആഫ്രിക്ക, ഗ്രീസ്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുകയാണ്. ഇത് പണം അയയ്ക്കുന്നതിന്റെ തോത് വര്‍ദ്ധിക്കാന്‍ കാരണമായി എന്നാണ് ഈ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തില്‍ ഭൂരിഭാഗവും മലയാളികളാണ് ആദ്യ കാലങ്ങളില്‍ മുന്നില്‍ നിന്നിരുന്നത് എന്നാണ്. എന്നാല്‍ ഇപ്പോള്‍ ഇവരുടെ എണ്ണം 5 ശതമാനം മാത്രമാണ്. ഇപ്പോള്‍ ഇതില്‍ 50 ശതമാനവും യുപിയില്‍ നിന്നും ബീഹാറില്‍ നിന്നുമാണ്.
ബീഹാറില്‍ നിന്നുള്ള വലിയ വിഭാഗം തൊഴിലാളികള്‍ ആഫ്രിക്കയില്‍ വൈദ്യുതി ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അവര്‍ ഗ്രീസിലും കൊറിയയിലും എല്ലാം ഇപ്പോള്‍ ധാരാളമായി ജോലി ചെയ്യുകയാണ്. എന്നാല്‍ കൂടുതല്‍ വരുമാനം നേടുന്ന ആളുകളെ പുറത്തേക്ക് അയയ്ക്കുക, എന്നതായിരുന്നു കേരളത്തിന്റെ തന്ത്രത്തിന്റെ കാതല്‍ എന്നാണ് സാമ്പത്തിക വിദഗ്ധന്‍ വിശദീകരിക്കുന്നത്. കേരളത്തില്‍ വലിയ തോതില്‍ വ്യവസായവല്‍ക്കരണം ഉണ്ടായിരുന്നില്ല. ഐടി സേവനങ്ങളില്‍ കാര്യമായൊന്നും ചെയ്തിട്ടുമില്ല. കാര്‍ഷിക മേഖലയിലും വലിയ തോതിലുള്ള വളര്‍ച്ച നേടിയിട്ടുമില്ല.
എന്നാല്‍ ബീഹാറിലും യു.പിയിലും നേരേ മറിച്ചായിരുന്നു സ്ഥിതി. ഒരു സംസ്ഥാനത്തേക്ക്് പണം തിരികെ വരുമ്പോള്‍ പണം എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് എന്നാണ് അവര്‍ പറയുന്നത്. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും രാഷ്ട്രീയമായി ശക്തമായ വടക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ വളര്‍ന്നുവരുന്ന വിഭജനത്തെക്കുറിച്ച് ഒക്ടോബര്‍ ആദ്യം സാമ്പത്തിക വിദഗ്ധന്‍ രതിന്‍ റോയ് ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമ്പത്തിക ഉദാരവല്‍ക്കരണത്തിനുശേഷം ചില സംസ്ഥാനങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ മറ്റു ചിലത് എന്തുകൊണ്ടാണ് പിന്നിലായതെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തി കൂടിയതായും വിദഗ്ധര്‍ എടുത്ത് പറഞ്ഞു.
