വികസനവും ക്ഷേമ പെന്‍ഷനിലും പ്രതീക്ഷ അര്‍പ്പിച്ച് ഇടതു പക്ഷം; ശബരിമല കൊള്ളയില്‍ മുന്‍തൂക്കം കാണുന്ന യുഡിഎഫ്; എല്ലാം ആയുധമാക്കി ബിജെപിയും; സെമി ഫൈനലിലെ ജനവിധിയ്ക്ക് തുടക്കം; തദ്ദേശത്തില്‍ ഏഴ് ജില്ലകളില്‍ വോട്ടര്‍മാര്‍ ബൂത്തിലേക്ക്; തദ്ദേശത്തില്‍ പ്രവചനം അസാധ്യം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഇന്ന് ഏഴു ജില്ലകള്‍ പോളിംഗ് ബൂത്തിലേക്ക്. 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലാണ് ഇന്ന് വോട്ടെടുപ്പു നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലാണ് ഇത്. തെക്കന്‍ ജില്ലകളില്‍ എല്ലാവരും മുന്‍തൂക്കം അവകാശപ്പെടുന്നുണ്ട്. ശബരിമല സ്വര്‍ണ്ണ പാളി കേസിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ. വികസന-ക്ഷേമ പെന്‍ഷനുകള്‍ വോട്ടെത്തിക്കുമെന്ന് സിപിഎം കരുതുന്നു. ശബരിമല അടക്കമുള്ള വിഷയങ്ങളുയര്‍ത്തി വീറോടെയാണ് ബിജെപി മത്സരം. ഏഴു ജില്ലകളില്‍ ഇന്നു വോട്ടെടുപ്പു നടക്കുന്‌പോള്‍ അവശേഷിക്കുന്ന ഏഴു ജില്ലകളില്‍ ഇന്നു വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഈ ജില്ലകളില്‍ വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണല്‍.
ആകെ 36,630 സ്ഥാനാര്‍ഥികളാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളില്‍ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തന്‍കോട് ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അമേയ പ്രസാദ് ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞത്ത് വോട്ടെടുപ്പ് മാറ്റി വച്ചു. ആദ്യഘട്ടത്തില്‍ 471 ഗ്രാമപഞ്ചായത്തുകളില്‍ 8,310 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാര്‍ഥികളും ഏഴു ജില്ലാ പഞ്ചായത്തുകളില്‍ 164 പേരും മത്സരിക്കുന്നു. 39 മുനിസിപ്പാലിറ്റികളില്‍ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പറേഷനുകളിലായി 233 പേരും മത്സരരംഗത്തുണ്ട്.
മേയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമായാണ് മുന്നണികള്‍ കണക്കു കൂട്ടുന്നത്. സാമൂഹ്യക്ഷേമപെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെയുള്ള ക്ഷേമനടപടികള്‍ ഉയര്‍ത്തി പ്രചാരണരംഗത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാക്കുകയായിരുന്നു ഇടതു മുന്നണി. ശബരിമല സ്വര്‍ണമോഷണം തെരഞ്ഞെടുപ്പു വിഷയമായി യുഡിഎഫ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉയര്‍ന്ന പരാതിയും പോലീസ് നടപടികളുമായിരുന്നു മറുപക്ഷം ചര്‍ച്ചയാക്കി.
2025 ലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലെ 23576 വാര്‍ഡുകളിലേയ്ക്കാണ് പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്. ഒന്നാംഘട്ടത്തില്‍ 471 ഗ്രാമപഞ്ചായത്തുകളിലെ 8310 വാര്‍ഡുകളിലേയ്ക്കും, 75ബ്ലോക്ക് പഞ്ചായത്തുകളിലെ 1090 വാര്‍ഡുകളിലേയ്ക്കും, 7 ജില്ലാപഞ്ചായത്തുകളിലെ 164 വാര്‍ഡുകളിലേയ്ക്കും,39 മുനിസിപ്പാലിറ്റികളിലെ 1371 വാര്‍ഡുകളിലേയ്ക്കും,3കോര്‍പ്പറേഷനുകളിലെ 233 വാര്‍ഡുകളിലേയ്ക്കുമാണ് ഡിസംബര്‍ 9 ന് വോട്ടെടുപ്പ് നടത്തുന്നത്.ആകെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകള്‍.
രണ്ടാംഘട്ടത്തില്‍ 470 ഗ്രാമപഞ്ചായത്തുകളിലെ 9027 വാര്‍ഡുകളിലേയ്ക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 വാര്‍ഡുകളിലേയ്ക്കും, 7 ജില്ലാപഞ്ചായത്തുകളിലെ 182 വാര്‍ഡുകളിലേയ്ക്കും,47 മുനിസിപ്പാലിറ്റികളിലെ 1834 വാര്‍ഡുകളിലേയ്ക്കും 3കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകളിലേയ്ക്കുമാണ് ഡിസംബര്‍ 11 ന് വോട്ടെടുപ്പ് നടത്തുന്നത്. ആകെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,408 വാര്‍ഡുകള്‍.
സംസ്ഥാനത്താകെ 75,643 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 36,034 പുരുഷന്മാരും 39,609 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും. ഒന്നാംഘട്ടത്തില്‍ 27,141പേര്‍ ഗ്രാമപഞ്ചായത്തിലും 3,366പേര്‍ ബ്ലോക്ക് പഞ്ചായത്തിലും,594പേര്‍ ജില്ലാപഞ്ചായത്തിലും4,480പേര്‍ മുനിസിപ്പാലിറ്റിയിലും 1,049 പേര്‍ കോര്‍പ്പറേഷനിലുമാണ് മത്സരിക്കുന്നത്.ഒന്നാംഘട്ടത്തില്‍ ആകെ 36,630 സ്ഥാനാര്‍ത്ഥികള്‍.
രണ്ടാംഘട്ടത്തില്‍ 28,288പേര്‍ ഗ്രാമപഞ്ചായത്തിലും 3,742പേര്‍ ബ്ലോക്ക് പഞ്ചായത്തിലും,681പേര്‍ ജില്ലാപഞ്ചായത്തിലും,5,551പേര്‍ മുനിസിപ്പാലിറ്റിയിലും,751 പേര്‍ കോര്‍പ്പറേഷനിലുമാണ് മത്സരിക്കുന്നത്.രണ്ടാംഘട്ടത്തില്‍ ആകെ 39,013 സ്ഥാനാര്‍ത്ഥികള്‍. കണ്ണൂര്‍ ജില്ലയില്‍ 14, കാസര്‍ഗോഡ് 2 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
1,199 തദ്ദേശസ്ഥാപനങ്ങളിലായി ആകെ2,86,24,558 സമ്മതിദായകരാണ് പട്ടികയിലുള്ളത്. 1,34,99,102 പുരുഷന്മാരും,1,51,25,169 സ്ത്രീകളും, 287ട്രാന്‍സ്ജെന്‍ഡറുകളും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്ക് പുറമെ, 3,749 പ്രവാസി വോട്ടര്‍മാരുമുണ്ട്. ഒന്നാംഘട്ടത്തില്‍ ഏഴ് ജില്ലകളിലായി 62,51,219 പുരുഷന്മാരും,70,32,444സ്ത്രീകളും, 126 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടെ ആകെ 1,32,83,789 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. പ്രവാസി വോട്ടര്‍മാര്‍ 456. രണ്ടാംഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം1,53,40,769 ആണ്.72,47,883 പുരുഷന്മാരും,80,92,725 സ്ത്രീകളും, 161 ട്രാന്‍സ്ജെന്‍ഡറുകളും.പ്രവാസി വോട്ടര്‍മാര്‍ 3,293.
വോട്ടെടുപ്പ് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെടുപ്പിന് മുന്‍പായി 6 മണിക്ക് സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക്പോള്‍ നടത്തും. മോക്ക്പോള്‍ ഫലം പരിശോധിച്ച് ഡിലീറ്റ് ചെയ്യും. തുടര്‍ന്നാണ് 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുക. വോട്ട് ചെയ്യുന്നതിനായി സമ്മതിദായകര്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ആറ് മാസത്തിന് മുന്‍പ് ദേശസാല്‍ക്കൃതബാങ്കുകള്‍ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍സ്ലിപ്പ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
പ്രവാസി വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനായി പോളിങ് സ്റ്റേഷനുകളില്‍ നേരിട്ട് ഹാജരായി പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ വേണം കാണിക്കാന്‍. സമാധാനപരമായി വോട്ടെടുപ്പും വോട്ടെണ്ണലും നടത്തുന്നതിന് വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും പോലീസ് സുരക്ഷയുണ്ടാകും. പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക പോലീസ് സുരക്ഷയും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയും ഏര്‍പ്പെടുത്തും. ക്രമസമാധാനപാലനത്തിന് വേണ്ട നടപടികള്‍ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്താകെ പ്രശ്നബാധിതബൂത്തുകളായി ജില്ലാ കളക്ടര്‍മാര്‍ കണ്ടെത്തിയ 2,535 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ആവശ്യമായ ബൂത്തുകളില്‍ വീഡിയോഗ്രാഫിയും അനുവദിക്കും.
