രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം: ഹെലികോപ്ടര്‍ പുതഞ്ഞ ഹെലിപാഡ് ഒരുക്കാന്‍ ചെലവായത് 20.7 ലക്ഷം; വിവരാവകാശ രേഖ പുറത്ത്
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിന് താല്‍ക്കാലിക ഹെലിപാഡ് ഒരുക്കിയതിന് ചെലവായത് 20.70 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. പെട്ടെന്ന് തട്ടിക്കൂട്ടിയ ഹെലിപാഡില്‍ ഹെലികോപ്ടറിന്റെ ലാന്‍ഡിങ് ടയറുകള്‍ താഴ്ന്നത് വിവാദമായിരുന്നു.
നേരത്തേ നിശ്ചയിച്ചിരുന്ന നിലയ്ക്കല്‍ ഹെലിപാഡിലെ ലാന്‍ഡിങ് തലേന്ന് രാത്രിയാണ് പ്രതികൂല കാലാവസ്ഥകാരണം കോന്നിക്ക് സമീപം പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ സമീപത്തെ ഗ്രൗണ്ടിലേക്ക് മാറ്റിയത്. താല്‍ക്കാലിക ഹെലിപ്പാഡ് നിര്‍മ്മിച്ചതിനു 20.7 ലക്ഷം രൂപ ചെലവായതായും ആയതിന്റെ എസ്റ്റിമേറ്റ് ഭരണാനുമതിയ്ക്കായി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുള്ളതായും വിവരാവകാശ രേഖ പറയുന്നു.
സാമൂഹ്യപ്രവര്‍ത്തകന്‍ റഷീദ് ആനപ്പാറ നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ജില്ലാ കളക്ടറേറ്റ്, പത്തനംതിട്ട പൊതുമരാമത്ത് കെട്ടിട വിഭാഗം, പത്തനംതിട്ട ആര്‍.ടി.ഒ, ജില്ലാ പോലീസ് ചീഫ് എന്നീ ഓഫീസുകളിലെ വിവരാവകാശ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവാകുന്നത്.
ഒക്ടോബര്‍ 22 നാണ് രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തിയത്. രാഷ്ട്രപതിയ്ക്ക് അന്നേ ദിവസം സുരക്ഷയൊരുക്കിയതും അകമ്പടി പോയതുമായ വാഹനങ്ങളുടെ നമ്പരുകളും മറ്റും സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട് നല്‍കാന്‍ കഴിയില്ല. അകമ്പടി പോയ വാഹനങ്ങള്‍ എല്ലാം പുക പരിശോധന നടത്തിയിട്ടുള്ളതാണ്. നിലവില്‍ നവീകരണം നടന്നു കൊണ്ടിരിക്കുന്ന ഇലക്ഷന്‍ വിഭാഗം കെട്ടിടം ഇലക്ഷന്‍ ഫണ്ടിലെ തുക കൊണ്ടാണ് ചെലവഴിക്കുന്നത്.
ആയതിനു 399 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കളക്ട്രേറ്റില്‍ ഗാന്ധി പ്രതിമ നിര്‍മ്മിച്ചത് തിരുവല്ല ബിവലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.