'അന്വേഷണവുമായി സഹകരിച്ചു; ജാമ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു'വെന്ന് രാഹുല്‍ ഈശ്വര്‍; പൊലീസ് റിപ്പോര്‍ട്ട് വൈകുന്നു; അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷ പരിഗണിക്കുന്ന് പതിനഞ്ചിലേക്ക് മാറ്റി; രാഹുലിന്റെ ജയില്‍വാസം തുടരും

Update: 2025-12-11 06:56 GMT

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ പതിനഞ്ചിലേക്ക് മാറ്റി. പൊലീസ് റിപ്പോര്‍ട്ട് വൈകിയതോടെയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതായാണ് വിവരം.

രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി നേരത്തെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. അഡിഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ്ജാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. രണ്ട് ദിവസത്തെ കസ്റ്റഡിയായിരുന്നു സൈബര്‍ പൊലീസിന്റെ ആവശ്യം.

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നും പാസ്വേഡ് നല്‍കാത്തതിനാല്‍ ലാപ്‌ടോപ്പ് പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. അറസ്റ്റിലായതിന് ശേഷം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ ജാമ്യ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പുതിയ ജാമ്യഹര്‍ജി നല്‍കിയത്.

കോടതിയില്‍ പ്രതീക്ഷയുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാവരും സത്യം മാത്രം പറയുക എന്നും രാഹുല്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലാണ് രാഹുല്‍ ഈശ്വര്‍. ജയിലില്‍ നിരാഹാരം കിടന്നിരുന്ന രാഹുല്‍ പിന്നീട് ഉപവാസം അവസാനിപ്പിച്ചിരുന്നു. നിരാഹാരം നിര്‍ത്തിയത് കിഡ്നിയെ ബാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞതിനാലാണ് എന്നാണ് രാഹുല്‍ വിശദീകരിച്ചത്.

'കിഡ്നിക്ക് പ്രശ്നമാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ആഹാരമില്ലാതെയും കഴിഞ്ഞു.11 ദിവസമായി. സ്റ്റേഷന്‍ ജാമ്യം കിട്ടേണ്ട കേസ് ആണ്', എന്നാണ് രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. കേസില്‍ അഞ്ചാം പ്രതിയാണ് രാഹുല്‍ ഈശ്വര്‍. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Similar News