നിര്‍ഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകന്‍; 'അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണം'; പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി; പിന്നാലെ ശിക്ഷാവിധി; ആദ്യം മോചിതനാകുക പള്‍സര്‍ സുനി; ഇനി ജയിലില്‍ പന്ത്രണ്ടര വര്‍ഷം; അഞ്ചാം പ്രതിക്കും ആറാം പ്രതിക്കും പതിനെട്ട് വര്‍ഷം

Update: 2025-12-12 12:30 GMT

കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും 20 വര്‍ഷത്തെ തടവുശിക്ഷയും 50,000 രൂപ വീതം പിഴയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചെങ്കിലും പ്രതികള്‍ക്ക് ജയിലില്‍ കഴിയേണ്ടി വരിക വിചാരണത്തടവ് കുറഞ്ഞുള്ള ശിക്ഷ കാലാവധി മാത്രം. പ്രതികള്‍ റിമാന്‍ഡ് തടവുകാരായി കഴിഞ്ഞ കാലയളവ് ശിക്ഷയില്‍നിന്ന് ഇളവ് ചെയ്യണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചതോടെ പ്രതികള്‍ വിചാരണത്തടവ് കുറഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. ഇതനുസരിച്ച് ഏഴര വര്‍ഷം വിചാരണത്തടവില്‍ കഴിഞ്ഞ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഇനി പന്ത്രണ്ടര വര്‍ഷം കൂടി ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും.

ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ക്കാണ് കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗത്തിനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. രണ്ടാം പ്രതി മാര്‍ട്ടില്‍ ഇനി 13 വര്‍ഷം തടവില്‍ കഴിയണം. വിചാരണത്തടവുകാരനായി ഏഴു വര്‍ഷം മാര്‍ട്ടിന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം പ്രതി ബി. മണികണ്ഠനും നാലാം പ്രതി വി.പി. വിജീഷും പതിനാറര കൊല്ലം തടവുശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി സലിമും ആറാം പ്രതി പ്രദീപും 18 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം.

ഒന്നാം പ്രതി സുനിലിന് ഐടി ആക്ട് പ്രകാരം 5 വര്‍ഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വര്‍ഷത്തെ കഠിനതടവിന് ഒപ്പം അനുഭവിച്ചാല്‍ മതി. ജീവപര്യന്തം തടവാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 വര്‍ഷം കഠിനതടവിന് വിധിക്കുകയായിരുന്നു. ഉദ്വേഗജനകമായ ഒരു പകല്‍ നീണ്ട കാത്തിരിപ്പിനും വാദപ്രതിവാദങ്ങള്‍ക്കും ശേഷമാണ് പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും വിധി പകര്‍പ്പ് പ്രിന്റ് ചെയ്യുന്നതിലെ സാങ്കേതിക കാലതാമസം കാരണം 4.45 ഓടെയാണ് വിധി പ്രസ്താവിച്ചത്. അതേസമയം ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണം ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ സുരക്ഷിതമായി വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ശിക്ഷ വിധിക്കുമ്പോള്‍, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ടെന്നും ശിക്ഷ വിധിക്കുമ്പോള്‍ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലര്‍ത്തുന്ന രീതിയില്‍ സന്തുലിതമായിരിക്കണം കാര്യങ്ങള്‍ പരിഗണിക്കേണ്ടതെന്നും വിധിക്കിടെ കോടതി പറഞ്ഞു. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങള്‍ എന്നിവയും പരിഗണിക്കണം. ശിക്ഷ വിധിക്കുമ്പോള്‍ കോടതി വികാരങ്ങള്‍ക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല. അതേസമയം, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നും വിധി പ്രസ്താവിക്കവെ കോടതി പറഞ്ഞു. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും, അവരില്‍ ഭയവും അപമാനവും നിസ്സഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവര്‍ക്ക് മാനസികമായ ആഘാതവും നല്‍കി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവര്‍ ആക്രമിക്കപ്പെട്ടത് എന്നതും, മുന്‍കൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിച്ചു. 40 വയസ്സില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിര്‍ഭയ കേസില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണെന്നും കോടതി വിധിയില്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നല്‍കേണ്ട സാഹചര്യമില്ലെന്നും കോടതി പറയുന്നു.

പള്‍സര്‍ സുനി ദയ അര്‍ഹിക്കുന്നില്ല

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാ വാദത്തിനിടെ കോടതിമുറിയില്‍ മറ്റ് പ്രതികള്‍ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും ഭാവഭേദമില്ലാതെയായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി നിന്നത്. മറ്റ് പ്രതികളോടുള്ളതിനേക്കാള്‍ കടുത്ത ഭാഷയിലാണ് പള്‍സര്‍ സുനിയുടെ വാദത്തിനിടെ കോടതി പ്രതികരിച്ചത്. ഈ കേസിനെ ഡല്‍ഹിയിലെ നിര്‍ഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ട വേളയിലടക്കം കോടതി നീരസം പ്രകടിപ്പിച്ചു.

കുറഞ്ഞ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ നിരത്തിയ വാദത്തെ തള്ളി സംസാരിച്ച കോടതി, പള്‍സര്‍ സുനി ഈ കേസിലെ മറ്റു പ്രതികളെ പോലെയല്ലെന്ന് തന്നെ കോടതി ഒരു ഘട്ടത്തില്‍ ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിയല്ലേ കേസിലെ യഥാര്‍ത്ഥ പ്രതിയെന്നും മറ്റ് പ്രതികള്‍ കൃത്യത്തിന് കൂട്ടുനിന്നവരല്ലേയെന്നും കോടതി ആരാഞ്ഞു. പള്‍സര്‍ സുനി ഒരു ദയയും അര്‍ഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. വാദം ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ഒരു തരത്തിലുമുള്ള കരുണ പള്‍സര്‍ സുനിയോട് കാണിക്കേണ്ടതില്ലെന്ന സൂചനകള്‍ നല്‍കിയായിരുന്നു കോടതി പ്രതികരണം.

ശിക്ഷാവിധിക്ക് മുന്‍പ് കോടതി സംസാരിച്ചപ്പോള്‍, ഒന്നാം പ്രതി പള്‍സര്‍ സുനില്‍ (സുനില്‍ കുമാര്‍) ഭാവഭേദമൊന്നുമില്ലാതെയാണ് പ്രതികരിച്ചത്. വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും സുനില്‍ കോടതിയെ അറിയിച്ചു. എന്നാല്‍, രണ്ടാം പ്രതിയായ ഡ്രൈവര്‍ മാര്‍ട്ടിന്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. താന്‍ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മാര്‍ട്ടിന്‍ ആവര്‍ത്തിച്ചു. ചെയ്യാത്ത തെറ്റിനാണ് താന്‍ ജയിലില്‍ കഴിഞ്ഞതെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും മാര്‍ട്ടിന്‍ കോടതിയോട് അപേക്ഷിച്ചു. ഈ കേസില്‍ ആദ്യം അറസ്റ്റിലായതും മാര്‍ട്ടിനായിരുന്നു.

മൂന്നാം പ്രതി മണികണ്ഠനും താന്‍ മനസ്സ് അറിഞ്ഞ് തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. ഭാര്യയും മകളും മകനുമുണ്ടെന്ന് ചൂണ്ടിക്കാട്ടി തന്നോടും കുടുംബത്തോടും ദയ കാണിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. നാലാം പ്രതി വിജീഷ് കുടുംബ പശ്ചാത്തലം പറഞ്ഞ് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് അപേക്ഷിച്ചു. തന്നെ തലശ്ശേരി സ്വദേശിയായതിനാല്‍ കണ്ണൂര്‍ ജയിലില്‍ ഇടണമെന്നും വിജീഷ് ആവശ്യപ്പെട്ടു. അഞ്ചാം പ്രതി വടിവാള്‍ സലിമും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും തനിക്ക് ഭാര്യയും മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉണ്ടെന്നും കോടതിയെ അറിയിച്ചു. കേസിലെ ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയില്‍ സംസാരിച്ചത്.

ആറ് പ്രതികളെയും ഉടന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. അതേസമയം രണ്ടാം പ്രതി മാര്‍ട്ടിന്‍ വിധി പ്രസ്താവം കേട്ടതോടെ കോടതിയില്‍ പൊട്ടിക്കരഞ്ഞു. ശിക്ഷ കുറയ്ക്കണെന്ന് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞത്. കേസിലെ മറ്റ് പ്രതികളായിരുന്ന പി.ഗോപാലകൃഷ്ണന്‍ (ദിലീപ്), ചാര്‍ലി തോമസ്, സനില്‍ കുമാര്‍, ജി.ശരത്ത് എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. നടന്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. അതേസമയം വിചാരണക്കോടതിയില്‍ നിന്ന് പരിപൂര്‍ണനീതി കിട്ടിയില്ലെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അജകുമാര്‍ പ്രതികരിച്ചു. ശിക്ഷാ വിധിയില്‍ നിരാശനാണെന്നും കൂട്ടബലാത്സംഗത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണ് 20 വര്‍ഷമെന്നും അജകുമാര്‍ പറഞ്ഞു. ശിക്ഷാ വിധി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News