ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി; രാഹുലിന്റെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്കുശേഷം; അറസ്റ്റ് തടഞ്ഞെങ്കിലും ഷാഡോ പൊലീസ് പിന്നാലെ
കൊച്ചി: ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്നാമത്തെ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ആദ്യത്തെ പരാതിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചുവെങ്കിലും വ്യാഴാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച്ച പരിഗണിക്കുമെന്ന് പറയുമ്പോഴും ക്രിസ്മസ് അവധിക്കായി കോടതി അടക്കുകയാണ്. ജനുവരി ആദ്യവാരത്തിലായിരിക്കും പിന്നീട് കോടതി തുറന്ന് പ്രവര്‍ത്തിക്കുക.
അതേസമയം, കേസില്‍ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. ഇത് രാഹുലിന് താല്‍ക്കാലിക ആശ്വാസമാണ്. അതേസമയം, രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലും പരിഗണിക്കുന്നത് മാറ്റി. ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചത്.
രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിജു ഏബ്രഹാമിന്റെ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഈ കേസില്‍ ഡിസംബര്‍ 10നാണ് ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രാഹുല്‍ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന് ഉപാധികളില്‍ ഉണ്ട്.
ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി മുമ്പാകെയുള്ളത്. ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നു കാട്ടി 23കാരി കെപിസിസി നേതൃത്വത്തിന് നല്‍കിയ പരാതി പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്നതും, പരാതി നല്‍കുന്നതിലെ കാലതാമസവും ചൂണ്ടിക്കാട്ടി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. ബലാത്സംഗം ആണെന്ന് ആരോപിക്കാന്‍ മതിയായ തെളിവില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിന്റെ ജാമ്യം റദ്ദാക്കണം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് നോട്ടിസ് അയച്ച് വാദം കേള്‍ക്കാനായി കേസ് മാറ്റുകയായിരുന്നു.
