'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ...' വൈറല്‍ ഗാനത്തിന്റെ രചയിതാവിനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ; മാപ്പിളപാട്ടുകളിലൂടെ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനായ നാദാപുരം സ്വദേശി; ഓര്‍മയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല; കേരളക്കരായാകെ ഏറ്റുപാടിയതോടെ ഗായകന്‍ ഡാനിഷ് മുഹമ്മദും ആഹ്ലാദത്തില്‍

Update: 2025-12-15 10:08 GMT

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളക്കരായാകെ ഏറ്റുപാടിയ ഗാനമായിരുന്നു ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനും സി.പി.എമ്മിനുമെതിരെ ഇറങ്ങിയ 'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ...' എന്ന ഗാനം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പാക്കി മാറ്റിയെന്നും ശാസ്താവിന്റെ ധനമൂറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നും പറയുന്ന ഈ പാട്ട് സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് ഇപ്പോഴും ഷെയര്‍ ചെയ്യുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു.ഡി.എഫ് വിജയത്തിന്റെ ആഘോഷവും ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകളും അവലോകനങ്ങളും നാട്ടില്‍ പൊടിപൊടിക്കുമ്പോഴും ഈ പാരഡി ഗാനം തീര്‍ത്ത തരംഗത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈറലായ 'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ'... എന്ന പാട്ടിന്റെ വരികള്‍ എഴുതിയയാളെ തെരയുകയാണ് ഇപ്പോഴും. യു.ഡി.എഫ് വിജയത്തിനു പിന്നാലെ മാധ്യമങ്ങളെ കണ്ട കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥും ഈ ഗാനം പാടി പങ്കുവെച്ചു. അതേസമയം, ഈ വരികള്‍ എഴുതിയയാളെക്കുറിച്ചോ പിന്നില്‍ പ്രവര്‍ത്തിച്ചവരോ ആരാണെന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

എന്നാല്‍, ഈ വരികള്‍ എഴുതിയ ജി.പി. കുഞ്ഞബ്ദുള്ള ചലപ്പുറം ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ സുപരിചിതനാണ്. ബിസിനസ് സംരംഭവുമായി നാല് പതിറ്റാണ്ടായി ഖത്തര്‍ പ്രവാസിയായ അദ്ദേഹം കോഴിക്കോട് നാദാപുരം സ്വദേശിയാണ്. 600ഓളം പാട്ടുകള്‍ എഴുതിയ അദ്ദേഹം തന്റെ 120ഓളം മാപ്പിളപാട്ടുകളുടെ സമാഹാരമായ 'വര്‍ണചരിത്രം എന്ന പുസ്തകവും ഒടുവിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ദേഹം എഴുതിയ വരികള്‍, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നല്‍കുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടര്‍ന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈര്‍ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസര്‍ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്. പുറത്തിറങ്ങിയതോടെ പാട്ട് നാട്ടിലെങ്ങും ഹിറ്റായി.

ഓര്‍മയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുള്ള പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് ഫലം ശബരിമല അടക്കം ജനവിരുദ്ധമായ ഇടതു സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായ തിരിച്ചടിയാണെന്നും ആ നിലപാടുകള്‍ തിരുത്താന്‍ അവര്‍ സന്നദ്ധമാകണമെന്നും ഇടതുപക്ഷക്കാര്‍ തന്നെ പിണറായിസത്തിനെതിരെ രംഗത്തുവന്നെന്നും ജി പി കുഞ്ഞബ്ദുള്ള പറയുന്നു. നാട്ടില്‍നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും തുടര്‍ച്ചയായി വിളിച്ച് സന്തോഷങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ

സ്വര്‍ണപ്പാളികള്‍ മാറ്റിയേ, ശാസ്താവിന്‍ ധനമൂറ്റിയേ

സ്വര്‍ണം കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ

ലോഹം മാറ്റിയതാരപ്പാ, സഖാക്കളാണേ അയ്യപ്പാ'- ഇങ്ങനെ പോകുന്നു പാട്ടിലെ വരികള്‍. 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന ജനപ്രിയ ഭക്തിഗാനത്തിന്റെ ട്യൂണിലാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

വൈറലായ പാട്ടെഴുത്തുകാരന്‍

മൂന്നാം ക്ലാസില്‍ പഠിപ്പു നിര്‍ത്തിയ വ്യക്തിയാണ് കുഞ്ഞബ്ദുല്ല ചാലപ്പുറം. ജീവിതാനുഭവങ്ങളും യാത്രകളും മുന്നില്‍ തുറന്നുവച്ച അറിവിന്റെ വെളിച്ചത്തില്‍ അറുന്നൂറോളം ഗാനങ്ങളെഴുതിയിട്ടുണ്ട് ഈ കലാകാരന്‍. ജനിച്ച നാടിനോടുള്ള കൂറും കടമയുമാണ് തന്നെ നിരന്തരം എഴുതാന്‍ പ്രേരിപ്പിക്കുന്നതെന്ന് ജി.പി ചാലപ്പുറം പറയുന്നു.

ഗാനരചയിതാവിന്റെ വാക്കുകള്‍: ''ഞാന്‍ മുപ്പത് വര്‍ഷത്തോളമായി ഗാനങ്ങള്‍ എഴുതുന്നുണ്ട്. മാപ്പിളപ്പാട്ടുകള്‍ എഴുതിയാണ് തുടങ്ങിയത്. പിന്നെ പൊതുകാര്യങ്ങളിലും പൊതു പ്രശ്‌നങ്ങളിലും പ്രതികരിക്കും. അത് പാട്ടിലേക്കുംകൂടി കൊണ്ടുവന്നു എന്നുമാത്രം. ലക്ഷക്കണക്കിന് ഭക്തന്‍മാരെ മുറിവേല്‍പ്പിച്ചൊരു പ്രശ്‌നമാണല്ലോ ശബരിമല സ്വര്‍ണപ്പാളി വിഷയം. അതിനെ അഭിസംബോധന ചെയ്യുക എന്നത് നമ്മുടെ കടമയാണ് എന്ന് തോന്നി, അത് പാട്ടിലൂടെ അവതരിപ്പിച്ചു. അതിപ്പോള്‍ യുഡിഎഫിന്റെ വിജയത്തില്‍ പങ്കുവഹിച്ചു എന്നറിഞ്ഞപ്പോള്‍ സന്തോഷം.

പാട്ട് എന്നത് ഒരു രചയിതാവിന് കുട്ടിയെപ്പോലെയാണ്. ഏത് കുട്ടി നന്നായി വളരും എന്ന് പറയാന്‍ പറ്റില്ലല്ലോ. എല്ലാ കുട്ടികളും നന്നായി വളരുന്നത് കാണുന്നതാണ് സന്തോഷം. പാട്ട് വൈറലായതോടെ ഒരുപാട് നേതാക്കന്മാരും ഇവിടുള്ള സാമൂഹിക സംഘടനകളും അഭിനന്ദനം അറിയിക്കുന്നുണ്ട്. നമ്മുടെ രചന സമൂഹത്തില്‍ ഒരു സ്വാധീനമുണ്ടാക്കി എന്നതാണ് ഏറ്റവും വലിയ സംതൃപ്തി.

ഞാനൊരു കോണ്‍ഗ്രസുകാരനാണ്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ഉള്‍ക്കൊള്ളുന്നത് കോണ്‍ഗ്രസ് ആണെന്നാണ് എന്റെ വിശ്വാസം, അതുകൊണ്ട് ഞാന്‍ കോണ്‍ഗ്രസാണ്. ഈ ആശയം പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന മറ്റൊരു രാഷ്ട്രീയം എന്നെങ്കിലും ഉദയം ചെയ്താല്‍ അന്ന് അവരെ പിന്തുണയ്ക്കാം. രാജ്യത്തോട് കൂറുള്ള ഭരണാധികാരികളെയാണല്ലോ നമുക്ക് വേണ്ടത്. രാജ്യമുണ്ടെങ്കിലല്ലേ അടികൂടാനും സ്‌നേഹിക്കാനും യാത്ര ചെയ്യാനും കൃഷി ചെയ്യാനുമൊക്കെ പറ്റൂ.

ഞാന്‍ മൂന്നാം ക്ലാസ് വരെയെ സ്‌കൂളില്‍ പോയിട്ടുള്ളൂ. യാത്രകളും ജീവിതാനുഭവങ്ങളുമാണ് പിന്നീടിങ്ങോട്ടുള്ള പാഠപുസ്തകം. ഇപ്പോള്‍ എട്ടോളം ഭാഷകള്‍ പഠിച്ചു. ഇന്നത്തെ കാലത്ത് എന്തും പഠിക്കാനായി മൊബൈല്‍ ഫോണുണ്ടല്ലോ. ഇതുവരെ അറുന്നൂറോളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 'മാപ്പിളപ്പാട്ടിന്‍ വര്‍ണചരിത്രം' എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.''

നാട്ടിലെ താരമായി ഡാനിഷ്

പാടിയ പാട്ട് അപ്രതീക്ഷിതമായി പാട്ട് വൈറലായതിന്റെ ത്രില്ലിലാണ് ഡാനിഷ് മലപ്പുറം എന്ന ഗായകന്‍. തിരഞ്ഞെടുപ്പ് പ്രചാരണമൊക്കെ തുടങ്ങുന്നതിന് മുന്‍പ് പാടിവച്ച ഒരുപാട് ഗാനങ്ങളിലൊരു ഗാനം, അത്രയേ ആ പാട്ടിനെ കരുതിയിരുന്നുള്ളൂ ഡാനിഷ്. ഇപ്പോള്‍ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ താരമാണ് ഡാനിഷ്. ആ പാട്ട് എവിടെക്കേട്ടാലും കൂട്ടുകാര്‍ എടുത്ത് അയച്ചുതരുമെന്ന് ഡാനിഷ് പറയുന്നു. എങ്ങനെയാണ് ഈ പാട്ടിലേക്ക് എത്തിയതെന്ന് ഡാനിഷ് വിശദീകരിക്കുന്നു.

''പാട്ട് ഇത്രയും വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ല. ഞാന്‍ വര്‍ക്ക് ചെയ്യുന്ന സ്റ്റുഡിയോയില്‍ വച്ചാണ് റെക്കോര്‍ഡ് ചെയ്തത്. ഇലക്ഷന്റെ ഭാഗമായി വന്ന വര്‍ക്കാണ്. ഇത്ര വൈറലാകുമെന്ന് കരുതിയില്ല. വരികള്‍ എഴുതിയത് ജി പി ചാലപ്പുറമാണ്. പ്രവാസിയാണ് അദ്ദേഹം. ഞാനും അദ്ദേഹത്തെ കണ്ടിട്ടില്ല. ഹനീഫ മുടിക്കോട് എന്ന സംഗീത സംവിധായകന്‍ പറഞ്ഞിട്ടാണ് ആ പാട്ട് എന്നിലേക്ക് എത്തിയത്. ഇങ്ങനെയൊരു വിഷയം, അതിനു പറ്റിയ ട്യൂണ്‍, പാടിക്കോ എന്ന് പറഞ്ഞ് തന്നതാണ്. അങ്ങനെ പാടി. സുബൈര്‍ പന്തല്ലൂരാണ് പബ്ലിഷ് ചെയ്തത്. പിന്നെ പാട്ട് വൈറലായി എന്നാണ് അറിയുന്നത്. ഒറിജിനല്‍ മറന്നുപോയി, ഇപ്പോ ഈ പാട്ടാണ് ഓര്‍മ വരുന്നത് എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ സന്തോഷം. പലരും രാഷ്ട്രീയമായ വ്യത്യാസമൊന്നും ഇല്ലാതെ പാട്ട് ആസ്വദിച്ചു''- ഡാനിഷ് പറഞ്ഞു.

രണ്ടാം ഭാഗം ഉടന്‍

അപ്രതീക്ഷിതമായി ഹിറ്റടിച്ച വൈറല്‍ ഗാനത്തിനു ശേഷം മറ്റൊരു രസകരമായ ഗാനത്തിന്റെ പണിപ്പുരയിലാണ് അതേ ടീമെന്ന് സുബൈര്‍ വെളിപ്പെടുത്തി. ''പോറ്റിയെ കേറ്റിയെ എന്ന ഗാനത്തിന് രണ്ടാം ഭാഗം വരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു 'കത്തുപാട്ട്' ഞങ്ങള്‍ തയാറാക്കുന്നുണ്ട്. വാസു ജയിലില്‍ നിന്ന് പിണറായി വിജയന് എഴുതുന്ന കത്തിന്റെ രൂപത്തിലാണ് പാട്ട്. ജി.പി. ചാലപ്പുറം തന്നെയാണ് ഇതും എഴുതുന്നത്. പത്തോ പതിനഞ്ചോ ദിവസത്തിനുള്ളില്‍ പാട്ട് റിലീസ് ചെയ്യും.''

തെരഞ്ഞെടുപ്പില്‍ ഓരോ വാര്‍ഡിലും ഓരോ സ്ഥാനാര്‍ഥികള്‍ക്കായി പാരഡി ഗാനങ്ങള്‍ പാര്‍ട്ടികളും മുന്നണികളും അവതരിപ്പിക്കാറുണ്ട്. നാട്ടിലെ വികസന നേട്ടങ്ങളും അഴിമതികള്‍ എന്നിവ അവതരിപ്പിച്ചും മുന്നണിയുടെയും സ്ഥാനാര്‍ഥിയുടെയും വാഗ്ദാനങ്ങള്‍ പറഞ്ഞും പുറത്തിറങ്ങുന്ന പാരഡി ഗാനങ്ങള്‍ വോട്ടര്‍മാരില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അനൗണ്‍സ്‌മെന്റ് വാഹനങ്ങളിലും സോഷ്യല്‍ മീഡിയകളിലൂടെയും ഇവ ജനങ്ങളിലെത്തിച്ച് ഓളമുണ്ടാക്കുകയാണ് സാധാരണ മുന്നണികള്‍ ചെയ്യാറുള്ളത്.

Tags:    

Similar News