അതിശക്തമായ കൊടുങ്കാറ്റിൽ 'സ്റ്റാച്യു ഓഫ് ലിബർട്ടി' തകർന്നു വീണു?; 114 അടി ഉയരത്തിൽ നിന്ന് നിമിഷനേരം കൊണ്ട് നിലം പതിക്കുന്ന കാഴ്ച; ഒരു പോറൽ പോലുമില്ലാതെ ആളുകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം
ഗ്വായ്‌ബ: തെക്കൻ ബ്രസീലിലെ ഗ്വായ്‌ബ നഗരത്തിൽ ആഞ്ഞുവീശിയ അതിശക്തമായ കൊടുങ്കാറ്റിൽ ഏകദേശം 35 മീറ്റർ (114 അടി) ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടി പ്രതിമ തകർന്നു വീണു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയുണ്ടായ സംഭവത്തിൽ ആളപായമോ കാര്യമായ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക അധികാരികളും പ്രതിമയുടെ ഉടമസ്ഥരായ കമ്പനിയും സ്ഥിരീകരിച്ചു. നഗരത്തിലെ ഒരു റീട്ടെയിൽ മെഗാസ്റ്റോറിന്‍റെ കാർ പാർക്കിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ നിലംപൊത്തിയത്.
ബ്രസീലിലുടനീളമുള്ള 'ഹവാൻ' സ്റ്റോറുകൾക്ക് പുറത്ത് സ്ഥാപിച്ചിട്ടുള്ള സമാനമായ നിരവധി പ്രതിമകളിൽ ഒന്നായിരുന്നു തകർന്ന ഈ സ്റ്റാച്യു ഓഫ് ലിബർട്ടി. 2020-ൽ സ്റ്റോർ തുറന്ന കാലത്താണ് ഈ പ്രതിമയും സ്ഥാപിക്കപ്പെട്ടത്. പ്രതിമയുടെ 24 മീറ്റർ (78 അടി) ഉയരമുള്ള ഭാഗമാണ് തകർന്നുവീണതെന്നും, അതിനെ താങ്ങിനിർത്തിയിരുന്ന 11 മീറ്റർ (36 അടി) ഉയരമുള്ള പീഠത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഉടമസ്ഥരായ കമ്പനി അറിയിച്ചു.
കൊടുങ്കാറ്റിന്‍റെ തീവ്രതയ്ക്ക് പുറമെ, പ്രതിമയുടെ ഘടനയിൽ എന്തെങ്കിലും സാങ്കേതിക തകരാറുകളുണ്ടായിരുന്നോ എന്നും പരിശോധിക്കുമെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. തകർന്ന പ്രതിമയുടെ അവശിഷ്ടങ്ങൾ മണിക്കൂറുകൾക്കുള്ളിൽ നീക്കം ചെയ്യാനായി സംഘത്തെ അയച്ചതായും അവർ കൂട്ടിച്ചേർത്തു.
ഗ്വായ്‌ബയിലെ കൊടുങ്കാറ്റ് റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ആലിപ്പഴം വീണ് കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകരുകയും മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. കൂടാതെ, വെള്ളം കയറിയത് പല സ്ഥലങ്ങളിലും ഗതാഗത തടസ്സങ്ങളുമുണ്ടാക്കി.