പിണറായിയുടെ ശബരിമല വിമാനത്താവള സ്വപ്നം ഹൈക്കോടതിയില്‍ തകര്‍ന്നു വീണു; നിയമസഭയില്‍ വോട്ട് പിടിക്കാന്‍ സി.പി.എമ്മിന് ആ തുറുപ്പുചീട്ടും നഷ്ടം; സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ എരുമേലിയിലും സര്‍ക്കാരിന് വന്‍ പ്രഹരം; സര്‍ക്കാരിന് തിരിച്ചടിയായത് ഉത്തരമില്ലായ്മ
കൊച്ചി: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെയാണിത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കമാണ് കോടതി തടഞ്ഞത്. ഇതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിമാനത്താവള പദ്ധതി വന്‍ പ്രചരണ ആയുധമാക്കാമെന്ന ഇടതുമുന്നണിയുടെ മോഹങ്ങള്‍ക്കും തിരിച്ചടിയേറ്റു.
വലിയ വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കര്‍ ഭൂമി മതിയെന്നിരിക്കെ, എന്തിനാണ് 2570 ഏക്കര്‍ ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് സി. ജയചന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കി. ഭാവി വികസനത്തിനാണ് ഇത്രയും ഭൂമിയെന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. വികസന പദ്ധതികള്‍ എന്തൊക്കെയാണെന്നോ അവയ്ക്ക് എത്ര ഭൂമി വേണമെന്നോ വിശദീകരിക്കാന്‍ സര്‍ക്കാരിനായില്ല. ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് ഈ നിര്‍ണ്ണായക വിധി.
ഭൂമിയുടെ അളവ് സംബന്ധിച്ച സാമൂഹികാഘാത പഠന റിപ്പോര്‍ട്ടും വിദഗ്ധ സമിതി റിപ്പോര്‍ട്ടും കോടതി ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി മാത്രമേ ഏറ്റെടുക്കാവൂ. ഈ കുറഞ്ഞ അളവ് നിശ്ചയിക്കാന്‍ പുതിയ പഠനം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പഠനസംഘത്തില്‍ വിമാനത്താവള സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടത് സര്‍ക്കാരിന്റെ മുന്‍ തയ്യാറെടുപ്പുകളിലെ പോരായ്മയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ശബരിമലയിലെ 'സ്വര്‍ണ്ണക്കൊളള' വിവാദത്തിന് പിന്നാലെ വിമാനത്താവള പദ്ധതിയും നിയമക്കുരുക്കിലായത് സി.പി.എമ്മിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും. പദ്ധതിയുടെ ഉദ്ഘാടനം ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കില്ലെന്ന് ഉറപ്പായതോടെ, തിരഞ്ഞെടുപ്പില്‍ ഇത് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കാന്‍ സാധ്യതയുണ്ട്. കൊച്ചി വിമാനത്താവളത്തിന് 1300 ഏക്കറും കണ്ണൂരിന് 2300 ഏക്കറും ഉള്ളപ്പോള്‍ ശബരിമലയ്ക്ക് ഇത്ര വലിയ ഭൂമി എന്തിന് എന്ന ചോദ്യം ജനങ്ങള്‍ക്കിടയിലും ചര്‍ച്ചയാകും.
രണ്ടാം പിണറായി സര്‍ക്കാരിന് ഈ പദ്ധതിയില്‍ ഇനി കാര്യമായൊന്നും ചെയ്യാനാകില്ല. നടപടിക്രമങ്ങള്‍ക്ക് അപ്പുറം നിര്‍മ്മാണ് ഉദ്ഘാടനമെന്ന സ്വപ്നമാണ് പൊളിയുന്നത്. ശബരിമലയെ പ്രചരണ ആയുധമാക്കാനുള്ള സിപിഎം നീക്കം പാളുന്നുവെന്ന് സാരം. ശബരിമല സ്വര്‍ണ്ണ കൊളളയ്ക്കൊപ്പം ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എരുമേലിയിലെ ശബരിമല വിമാനത്താവളം ഏറ്റവും വലിയ പ്രചരണ ആയുധമാക്കാനായിരുന്നു സിപിഎം നീക്കം. ഇതാണ് പൊളിയുന്നത്.
വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥരായ അയന ചാരിറ്റബിള്‍ ട്രസ്റ്റ് ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ഉത്തരവ്. ബിലീവേഴ്സ് ചര്‍ച്ചിന് കീഴിലുളളതാണ് ഈ ട്രസ്റ്റ്. 2013-ലെ നിയമപ്രകാരം ഒരു പദ്ധതിക്കായി ആവശ്യമുള്ള കുറഞ്ഞ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കുറഞ്ഞ അളവ് ഭൂമി എത്രയെന്ന് നിശ്ചയിക്കാന്‍ വീണ്ടും സാമൂഹികാഘാതപഠനം നടത്തണം. പഠനസംഘത്തില്‍ വിമാനത്താവളപദ്ധതിയെക്കുറിച്ച് അറിവുള്ള സാങ്കേതികവിദഗ്ധരെ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണെന്നും കോടതി പറഞ്ഞു.
കേരളത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിനുമാത്രമാണ് 2300 ഏക്കര്‍ ഭൂമിയുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ക്ക് യഥാക്രമം 1300, 700, 373 ഏക്കര്‍വീതം ഭൂമിയാണുള്ളത്. 2570 ഏക്കര്‍ ഭൂമിയേറ്റെടുക്കുന്നത് എന്തിനാണെന്നതില്‍ എസ്‌ഐഎ റിപ്പോര്‍ട്ടിലും വ്യക്തമായ ഉത്തരമില്ല. ഭാവിവികസനത്തിനാണെന്നാണ് സര്‍ക്കാര്‍വാദം. എന്നാല്‍, വികസനപദ്ധതികള്‍ എന്തൊക്കെയാണെന്നോ എത്രഭൂമി വേണമെന്നോ വിശദീകരിക്കാനായില്ലെന്ന് കോടതി പറയുന്നു.
