ജോലി സ്ഥലത്തുവെച്ച് കടുത്ത നെഞ്ചുവേദന; ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു; ഇസിജി എടുത്തെങ്കിലും കാത്തിരിക്കണമെന്ന് അധികൃതര്‍; എമര്‍ജന്‍സി റൂമിലേക്ക് കയറ്റിയത് എട്ട് മണിക്കൂറിന് ശേഷം; മതിയായ ചികിത്സ കിട്ടാതെ ഇന്ത്യന്‍ വംശജന് കാനഡയില്‍ ദാരുണാന്ത്യം; 'നെഞ്ചുവേദന ഗുരുതരപ്രശ്നമല്ലത്രേ'; ആശുപത്രിക്കാരാണ് ഭര്‍ത്താവിനെ കൊന്നതെന്ന് നിഹാരിക; ദുരനുഭവം വ്യക്തമാക്കി വീഡിയോ

Update: 2025-12-26 12:13 GMT

എഡ്മോണ്ടണ്‍: കാനഡയിലെ എഡ്മോണ്ടണില്‍ ഇന്ത്യന്‍ വംശജനായ യുവാവിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ദാരുണാന്ത്യം. 44 വയസുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. നെഞ്ച് വേദനവന്ന് മണിക്കൂറുകളോളം ആശുപത്രിയില്‍ കാത്തിരുന്നിട്ടും മതിയായ ചികിത്സ കിട്ടാതെവന്ന യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രശാന്തിനെ ചികിത്സയ്ക്കായി എട്ടു മണിക്കൂറിലേറെ സമയം അധികൃതര്‍ കാത്തുനിര്‍ത്തിയെന്ന് അദ്ദേഹത്തിന്റെ പിതാവ് കുമാര്‍ ശ്രീകുമാര്‍ ആരോപിച്ചു. ഡിസംബര്‍ 22-നായിരുന്നു സംഭവം. ജോലി സ്ഥലത്തുവെച്ചാണ് പ്രശാന്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. പ്രശാന്തിന്റെ ക്ലൈന്റ് ഉടന്‍ തന്നെ അദ്ദേഹത്തെ തെക്കുകിഴക്കന്‍ എഡ്മോണ്ടണിലെ ഗ്രേ നണ്‍സ് ആശുപത്രിയിലെത്തിച്ചു. ഇയാളോട് ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്കുശേഷം കാത്തിരിക്കാന്‍ ആശുപത്രി അധികൃതര്‍ പറയുകയായിരുന്നുവെന്ന് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രശാന്ത് ശ്രീകുമാറിന്റെ ഭാര്യ നിഹാരികയുടെ പ്രതികരണം ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രീകുമാറിന്റെ മൃതദേഹത്തിന് സമീപത്തുനിന്നുകൊണ്ടാണ് നിഹാരിക പ്രതികരിക്കുന്നത്. പ്രശാന്തിന്റെ മരണത്തിന് കാരണം ആശുപത്രി അധികൃതരാണെന്ന് അവര്‍ പറയുന്നു. എട്ടുമണിക്കൂറിലധികം കാത്തിരുന്നതിന് പിന്നാലെയാണ് എമര്‍ജെന്‍സി വിഭാഗത്തിലേക്ക് ശ്രീകുമാറിനെ മാറ്റിയത്.പുറത്ത് കാത്തിരുന്ന സമയത്ത് ടൈലെനോള്‍ എന്ന മരുന്നു മാത്രമാണ് ശ്രീകുമാറിന് നല്‍കിയതെന്നും വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നും നിഹാരിക ആരോപിച്ചു.' നെഞ്ചുവേദനയെ ഒരു ഗുരുതര പ്രശ്നമായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ ഹൃദയാഘാതമാണെന്ന് സംശയിച്ചതേയില്ല, നിഹാരിക കൂട്ടിച്ചേര്‍ത്തു.

'അദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു. അദ്ദേഹം എഴുന്നേല്‍ക്കുകയും പൊടുന്നനെ കുഴഞ്ഞുവീഴുകയും ചെയ്തു. ബോധം മറഞ്ഞു. പള്‍സ് കിട്ടുന്നില്ലെന്ന് നഴ്സ് പറയുന്നത് ഞാന്‍ കേട്ടു. കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കാതെ എന്റെ ഭര്‍ത്താവിനെ ആശുപത്രി അധികൃതരും ഗ്രേ നണ്‍സ് കമ്യൂണിറ്റി ആശുപത്രിയിലെ ജീവനക്കാരും കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെ സുരക്ഷാജീവനക്കാര്‍ മോശമായാണ് പെരുമാറിയതെന്നും നിഹാരിക ആരോപിച്ചു.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രശാന്തിന്റെ ഭാര്യ നിഹാരിക ശ്രീകുമാര്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപം നിന്ന് ആശുപത്രി അധികൃതരില്‍ നിന്നുമുണ്ടായ ദുരനുഭവം വ്യക്തമാക്കിയ വീഡിയോ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. എഡ്മണ്‍ടണിലെ ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ഹോസ്പിറ്റലിലാണ് സംഭവമുണ്ടായത്.'ഡിസംബര്‍ 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പ്രശാന്ത് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുന്നതായി അറിയിച്ചു. 12.20ന് ആശുപത്രിയിലേക്ക് എത്തിച്ചു. 12.20 മുതല്‍ രാത്രി 8.50 വരെ ആശുപത്രിയില്‍ നെഞ്ച് വേദനിക്കുന്നതായി പരാതിപ്പെട്ട് പ്രശാന്ത് ഇരുന്നു. അദ്ദേഹത്തിന്റെ ബിപി നിരന്തരം കൂടിവരികയായിരുന്നു. അവസാനം റെക്കോഡ് ചെയ്ത രക്തസമ്മര്‍ദ്ദ നിരക്ക് 210 ആയിരുന്നു,' നിഹാരിക വീഡിയോയില്‍ പറയുന്നു.

'ചികിത്സയ്ക്കായി കാത്തിരുന്ന സമയമത്രയും വേദനയകറ്റാനുള്ള ടൈലെനോള്‍ മാത്രമാണ് നല്‍കിയതെന്ന് നിഹാരിക ആരോപിക്കുന്നു. നെഞ്ചുവേദന ഒരു ഗുരുതര പ്രശ്നമായി കണക്കാക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയസ്തംഭനം അവര്‍ സംശയിച്ചതേയില്ല.' നിഹാരിക പറഞ്ഞു.എട്ട് മണിക്കൂറോളം കാത്തിരുന്നശേഷം അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് കയറ്റിയെന്നും എന്നാല്‍ അവിടെവച്ച് ഉടന്‍ കുഴഞ്ഞുവീണെന്നും നിഹാരിക പറഞ്ഞു. നഴ്സ് വന്ന് നോക്കി നാടിമിടിപ്പ് കിട്ടുന്നില്ല എന്നറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും പ്രശാന്ത് മരിച്ചു. പ്രശാന്തിനെ ചികിത്സിയ്ക്കുന്നില്ല എന്ന് പരാതിപറഞ്ഞപ്പോള്‍ മോശമായാണ് തങ്ങളോട് നിങ്ങള്‍ പെരുമാറുന്നതെന്ന് ആശുപത്രി അധികൃതര്‍ പരാതിപ്പെട്ടെന്നും നിഹാരിക ആരോപിച്ചു.

വലിയ വേദനയുണ്ടെന്ന് മകന്‍ ആശുപത്രി അധികൃതരോട് പറഞ്ഞതായി പ്രശാന്തിന്റെ അച്ഛന്‍ കുമാര്‍ ശ്രീകുമാര്‍ വ്യക്തമാക്കുന്നു. പ്രശാന്തിനെ ആശുപത്രിയിലെത്തിച്ച് കുറച്ചു സമയത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ പിതാവ് കുമാര്‍ ശ്രീകുമാര്‍ ആശുപത്രിയില്‍ എത്തിയത്. തനിക്ക് വേദന സഹിക്കാനാകുന്നില്ലെന്ന് പ്രശാന്ത്, പിതാവിനോട് പറഞ്ഞിരുന്നു. ഇക്കാര്യം പ്രശാന്ത് ആശുപത്രി അധികൃതരോടും പറഞ്ഞു. എന്നാല്‍, അവര്‍ ഇസിജി എടുത്തെങ്കിലും അതില്‍ കാര്യമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുപറഞ്ഞ് വീണ്ടും കാത്തിരിക്കാന്‍ പറയുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ടൈലനോള്‍ നല്‍കി. കാത്തിരിപ്പ് നീണ്ടതോടെ ഇടയ്ക്കിടെ ഒരു നേഴ്സ് വന്ന് പ്രശാന്തിന്റെ രക്ത സമ്മര്‍ദം പരിശോധിക്കുകയും ചെയ്തിരുന്നു. രക്തസമ്മര്‍ദം കൂടിയും കുറഞ്ഞും കണ്ടിട്ടും അവര്‍ യാതൊരു നടപടിയും എടുത്തില്ലെന്നും പ്രശാന്തിന്റെ പിതാവ് ഗ്ലോബല്‍ ന്യൂസിനോട് പറഞ്ഞു.

ഒടുവില്‍ എട്ടുമണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ എമര്‍ജന്‍സി റൂമിലേക്ക് വിളിപ്പിച്ചത്. ഇതോടെ പ്രശാന്ത് കുഴഞ്ഞുവീഴുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കുഴഞ്ഞുവീണിട്ടും സഹായത്തിനായി വിളിച്ചെങ്കിലും ഏറെ വൈകിയാണ് നേഴ്സുമാര്‍ എത്തിയതെന്നും പ്രശാന്തിന്റെ പിതാവ് ആരോപിച്ചു. ഭാര്യയും മൂന്ന്, പത്ത്, 14 വയസ്സുള്ള മൂന്ന് കുട്ടികളുമാണ് പ്രശാന്തിനുള്ളത്. പ്രശാന്ത് മലയാളിയാണോ എന്ന കാര്യം സംശയിക്കുന്നുണ്ട്. വിവരം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രശാന്തിന്റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ അനുശോചിച്ചു. 'മരണമടഞ്ഞയാളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടായ നഷ്ടത്തില്‍ ഞങ്ങള്‍ അനുശോചിക്കുന്നു. രോഗികള്‍ക്കും പരിചാരകര്‍ക്കുമുള്ള സുരക്ഷയും കരുതലുമാണ് ഞങ്ങള്‍ക്ക് പരമപ്രധാനം.' ആശുപത്രി പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ പറയുന്നു.

Similar News