സമാധാന ചര്‍ച്ചയോ അതോ മരണക്കളിയോ? ട്രംപിനെ കാണാന്‍ സെലന്‍സ്‌കി എത്തുമ്പോള്‍ കീവിനെ ചുട്ടെരിച്ച് പുടിന്‍; നാല് വയസ്സുകാരിയുള്‍പ്പെടെ കൊല്ലപ്പെട്ടു; അതിര്‍ത്തിയില്‍ പോര്‍ വിമാനങ്ങള്‍ പറത്തി ജാഗരൂകരായി നാറ്റോ; പുടിന് കൊലപാതകം ഒരുലഹരിയെന്ന് തുറന്നടിച്ച് സെലന്‍സ്‌കി; യുദ്ധം പെരുകുമെന്ന ഭീതിയ്ക്കിടെ ഞായറാഴ്ച ഫ്‌ളോറിഡയില്‍ സമാധാന ചര്‍ച്ച

ട്രംപിനെ കാണാന്‍ സെലന്‍സ്‌കി എത്തുമ്പോള്‍ കീവിനെ ചുട്ടെരിച്ച് പുടിന്‍

Update: 2025-12-27 17:27 GMT

കീവ്/ഫ്‌ലോറിഡ: ലോകം ഉറ്റുനോക്കുന്ന ട്രംപ്-സെലന്‍സ്‌കി സമാധാന ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ യുക്രെയ്നെ അക്ഷരാര്‍ത്ഥത്തില്‍ ചുട്ടെരിക്കുകയാണ് വ്ളാഡിമിര്‍ പുടിന്‍. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന നീക്കങ്ങളോട് റഷ്യയുടെ മറുപടി ഇതൊണോ എന്ന് തോന്നിപ്പിക്കും വിധം 673-ഓളം മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ യുക്രെയ്ന് മേല്‍ വര്‍ഷിച്ചത്. കൊടും തണുപ്പില്‍ ജനങ്ങളെ തളര്‍ത്താന്‍ ഊര്‍ജ്ജ നിലയങ്ങളും പാര്‍പ്പിട സമുച്ചയങ്ങളും ലക്ഷ്യം വെച്ചുള്ള റഷ്യന്‍ ആക്രമണത്തില്‍ നാല് വയസ്സുകാരിയും എഴുപത്തിയാറുകാരിയും കൊല്ലപ്പെട്ടു.

അതിര്‍ത്തിയില്‍ നാറ്റോയുടെ 'ഷോക്ക് ട്രീറ്റ്മെന്റ്'

റഷ്യയുടെ ആക്രമണം അതിര്‍ത്തി കടക്കുമോ എന്ന ഭീതിയില്‍ പോളണ്ടും റൊമാനിയയും തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ആകാശത്തേക്ക് പറത്തി. നാറ്റോ സഖ്യസേന അതീവ ജാഗ്രതയിലാണ്. പോളിഷ് ആകാശത്ത് യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു പറന്നപ്പോള്‍, റൊമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള യുക്രെയ്ന്‍ തുറമുഖങ്ങള്‍ റഷ്യന്‍ ഡ്രോണുകള്‍ തകര്‍ത്തു. റൊമാനിയന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പുകള്‍ മുഴങ്ങിയത് യൂറോപ്പിനെ തന്നെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.



'കൊലയാളി' പുടിന്‍: കടുത്ത ഭാഷയില്‍ സെലന്‍സ്‌കി

സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് സെലന്‍സ്‌കി പുടിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. 'കൊലപാതകം ഒരു ലഹരിയായി മാറിയ വ്യക്തിയാണ് പുടിന്‍, ക്രിസ്മസ് കാലത്ത് പോലും മനുഷ്യരെ കൊന്നൊടുക്കാതെ അയാള്‍ക്ക് ജീവിക്കാനാവില്ല' എന്ന് സെലന്‍സ്‌കി ആഞ്ഞടിച്ചു. ട്രംപിന്റെ മധ്യസ്ഥതയില്‍ 20 പോയിന്റുകളുള്ള സമാധാന പദ്ധതി ചര്‍ച്ചയിലിരിക്കെയാണ് റഷ്യയുടെ ഈ 'വിവരക്കേട്'.

ട്രംപിന്റെ സമാധാന പദ്ധതി നടപ്പിലാകുമോ?

ഞായറാഴ്ച ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോയില്‍ വെച്ചാണ് ഞായറാഴ്ച ട്രംപും സെലന്‍സ്‌കിയും കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്നിലെ ഡോണ്‍ബാസ് മേഖല ഉള്‍പ്പെടെയുള്ള തര്‍ക്കപ്രദേശങ്ങളില്‍ വിട്ടുവീഴ്ച വേണമെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍ യുക്രെയ്ന്‍ ജനതയുടെ അനുമതിയില്ലാതെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് സെലന്‍സ്‌കി ആവര്‍ത്തിക്കുന്നു. ട്രംപ് സമാധാനത്തിനായി വാദിക്കുമ്പോള്‍ പുടിന്‍ മിസൈല്‍ വര്‍ഷത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കുകയാണോ എന്ന സംശയത്തിലാണ് നയതന്ത്ര ലോകം.

ചര്‍ച്ചകള്‍ ഒരു സ്ഥിരം ഉടമ്പടിയിലേക്ക് നയിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും, തര്‍ക്കവിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇരുപക്ഷവും പരമാവധി ശ്രമിക്കുമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. 'ഞങ്ങള്‍ ഒരു ദിവസം പോലും പാഴാക്കുന്നില്ല. ഉന്നതതല കൂടിക്കാഴ്ചകള്‍ക്കായി ഞങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് പ്രസിഡന്റ് ട്രംപുമായി നടക്കാനിരിക്കുന്നത്. പുതുവത്സരത്തിന് മുമ്പ് പലതും തീരുമാനിക്കാനാകുമെന്നാണ് പ്രതീക്ഷ,' യുക്രെയ്ന്‍ പ്രസിഡന്റ് വെള്ളിയാഴ്ച പങ്കുവെച്ച എക്സ് പോസ്റ്റില്‍ കുറിച്ചു.

നിലവില്‍ മുന്നോട്ടുവെച്ചിട്ടുള്ള 20 പോയിന്റ് സമാധാന കരാര്‍ 90 ശതമാനത്തോളം തയ്യാറാണെന്നും, കാര്യങ്ങളെല്ലാം 100 ശതമാനവും നന്നായി നടക്കുന്നു എന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സെലന്‍സ്‌കി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുക്രെനിന്റെയും അമേരിക്കയുടെയും സംഘങ്ങള്‍ വലിയ മുന്നേറ്റം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, താന്‍ അംഗീകരിക്കുന്നതുവരെ യുക്രെയ്‌ന് എല്ലാം ശരിയായി എന്ന് പറയാനാവില്ലെന്ന് ട്രംപ് വെള്ളിയാഴ്ച പൊളിറ്റികോ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഞായറാഴ്ച നടത്താനിരിക്കുന്ന ചര്‍ച്ച ഫലവത്താകുമെന്നും, അത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും യോജിച്ചുപോകുന്നതാകുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റുമായി എത്രയും വേഗം സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്മസ് ദിനത്തില്‍, ട്രംപിനുവേണ്ടി ചര്‍ച്ചകള്‍ നടത്തുന്ന ടീമിലെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണങ്ങള്‍.




റഷ്യയുടെ പകയ്ക്ക് പിന്നില്‍?

കഴിഞ്ഞ ദിവസം മോസ്‌കോയില്‍ വെച്ച് ഒരു മുതിര്‍ന്ന റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ യുക്രെയ്ന്‍ ആണെന്ന് റഷ്യ സംശയിക്കുന്നുണ്ട്. ഇതിനുള്ള പ്രതികാരമാണ് ഈ അതിശക്തമായ ആക്രമണമെന്നും വിലയിരുത്തപ്പെടുന്നു. എങ്കിലും, കൊടും തണുപ്പില്‍ ലക്ഷക്കണക്കിന് മനുഷ്യരെ ചൂടും വെളിച്ചവുമില്ലാതെ മരണത്തിലേക്ക് തള്ളിവിടുന്ന പുടിന്റെ ക്രൂരതയെ വരാനിരിക്കുന്ന ചര്‍ച്ചകളില്‍ ട്രംപ് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഇനി കാണേണ്ടത്.

Tags:    

Similar News