'കുട്ടികളുടെ അവസ്ഥ ദയനീയം,അടിയന്തര സഹായവും ലോകശ്രദ്ധയും അത്യാവശ്യം'; ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ജനതയ്ക്ക് സഹായമെത്തണം; ഈജിപ്ത്-ഗസ അതിർത്തിയിലെത്തി ഹോളിവുഡ് സൂപ്പർ താരം ആഞ്ചലീന ജോളി; സഹായങ്ങൾ ഗസയിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും താരസുന്ദരി

Update: 2026-01-02 17:01 GMT

കെയ്‌റോ: ഈജിപ്ത്-ഗസ അതിർത്തി സന്ദർശിച്ച് ഹോളിവുഡ് സൂപ്പർ താരവും മാനുഷിക സേവന രംഗത്തെ സജീവ സാന്നിധ്യവുമായ ആഞ്ചലീന ജോളി. മാനുഷിക പരിഗണന മുൻനിർത്തി യുദ്ധബാധിത പ്രദേശങ്ങളിൽ നിരന്തരം ഇടപെടാറുള്ള താരം, ഗാസയിൽ നിന്ന് പരിക്കേറ്റ് ഈജിപ്തിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീനികളെ സന്ദർശിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായും അവർ സ്ഥിതിഗതികൾ ചർച്ച ചെയ്തു.

ഗസയിൽ നിന്നുള്ള പരിക്കേറ്റ സാധാരണക്കാർക്ക് ചികിത്സ നൽകുന്ന അതിർത്തി നഗരമായ അൽ-അരീഷിലെ ആശുപത്രികളിലാണ് ജോളി സന്ദർശനം നടത്തിയത്. ആക്രമണങ്ങളിൽ പരിക്കേറ്റ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അവർ നേരിൽ കണ്ടു. അവരുടെ വേദനകൾ കേൾക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പല കുട്ടികളുടെയും അവസ്ഥ അതീവ ദയനീയമാണെന്നും അവർക്ക് അടിയന്തരമായ ലോകശ്രദ്ധയും സഹായവും ആവശ്യമാണെന്നും ജോളി പറഞ്ഞു.

ജീവൻ പണയപ്പെടുത്തി ഗസയിലേക്ക് സഹായമെത്തിക്കുന്ന മാനുഷിക സേവന പ്രവർത്തകരെയും ഏഞ്ചലീന ജോളി സന്ദർശിച്ചു. അതിർത്തിയിലൂടെ ട്രക്കുകളിൽ ഭക്ഷണവും മരുന്നും എത്തിക്കുന്ന പ്രക്രിയ അവർ വിലയിരുത്തി. കൊടിയ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ഗസയിലെ ജനതയ്ക്ക് ഈ സഹായങ്ങൾ എത്രത്തോളം അനിവാര്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. യാതൊരു തടസ്സവുമില്ലാതെ സഹായങ്ങൾ ഗസയ്ക്കുള്ളിലേക്ക് പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

വർഷങ്ങളായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ (UNHCR) പ്രത്യേക ദൂതയായി പ്രവർത്തിച്ചിട്ടുള്ള ജോളി, ഗസയിലെ വിഷയത്തിൽ നേരത്തെ തന്നെ ശക്തമായ നിലപാട് എടുത്തിട്ടുള്ള വ്യക്തിയാണ്. സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അവർ വീണ്ടും ആവശ്യപ്പെട്ടു. "ഇതൊരു മാനുഷിക പ്രതിസന്ധിയാണ്, ലോകത്തിന് ഇതിനുനേരെ കണ്ണടയ്ക്കാനാവില്ല," എന്നായിരുന്നു ജോളിയുടെ പ്രതികരണം.

രണ്ട് മാസങ്ങൾക്ക് മുമ്പ് യുക്രൈനിലെ ഖെർസണിൽ ഒരു മാനുഷിക ദൗത്യവുമായി ജോളി എത്തിയിരുന്നു. 2022 മുതൽ റഷ്യൻ സേനയുടെ നിരന്തര ആക്രമണങ്ങൾക്ക് വിധേയമായ ഖെർസണിൽ, പ്രസവാശുപത്രിയും കുട്ടികളുടെ ആശുപത്രിയുമടക്കം നിരവധി സ്ഥാപനങ്ങൾ അവർ സന്ദർശിച്ചു. സംഘർഷത്തിൽ കുടുങ്ങിയ സാധാരണക്കാരുടെ ദുരിതങ്ങളിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുകയായിരുന്നു അവിടെയും ലക്ഷ്യം. ലെഗസി ഓഫ് വാർ ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയുടെ മുദ്ര പതിച്ച വസ്ത്രം ധരിച്ചാണ് അവർ ഖെർസണിൽ സന്ദർശനം നടത്തിയത്. കുട്ടികളോടൊപ്പം കളിക്കുന്ന ജോളിയുടെ ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു. ഒക്ടോബർ 29-ന് ഖെർസണിലെ ഒരു കുട്ടികളുടെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു.

Tags:    

Similar News