പുതുവര്‍ഷത്തിലെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ ഭൂമി കുലുങ്ങി; കെട്ടിടം വിറച്ചതോടെ പുറത്തേക്കോടി പസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം; മെക്സിക്കോയില്‍ 6.5 തീവ്രതയില്‍ ഭൂചലനം; തെരുവുകളില്‍ പരിഭ്രാന്തിയോടെ നൂറുകണക്കിന് ആളുകള്‍
മെക്‌സികോയില്‍ ശക്തമായ ഭൂചലനം
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വെള്ളിയാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. പുതുവര്‍ഷത്തില്‍, പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിടെയാണ് നാടിനെ നടുക്കിയ ഭൂചലനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് പ്രസിഡന്റിനും മാധ്യമപ്രവര്‍ത്തകര്‍ക്കും കെട്ടിടത്തില്‍ നിന്ന് അടിയന്തരമായി പുറത്തിറങ്ങേണ്ടി വന്നു.
ഭൂചലനത്തിന്റെ സൈറണ്‍ മുഴങ്ങിയതോടെ പ്രസിഡന്റ് വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറി. മിനിറ്റുകള്‍ക്ക് ശേഷം തിരിച്ചെത്തിയ അവര്‍, പ്രോട്ടോക്കോള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിച്ചതായി വ്യക്തമാക്കി. ഗ്വെരേറോ ഗവര്‍ണറുമായി സംസാരിച്ചെന്നും ഇതുവരെ ഗുരുതരമായ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രസിഡന്റ് അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം
ഗ്വെരേറോ സംസ്ഥാനത്തെ സാന്‍ മാര്‍ക്കോസിന് 15 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രമായ അക്കാപുല്‍കോയ്ക്ക് സമീപമാണ് ഈ പ്രദേശം. മെക്‌സിക്കോ സിറ്റിയില്‍ ഉള്‍പ്പെടെ ശക്തമായ കുലുക്കം അനുഭവപ്പെട്ടു.
തെരുവുകളില്‍ പരിഭ്രാന്തി
ഭൂചലനത്തെത്തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെയും അക്കാപുല്‍കോയിലെയും നൂറുകണക്കിന് ആളുകള്‍ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. ബഹുനില കെട്ടിടങ്ങള്‍ കുലുങ്ങുന്നതിന്റെയും മതിലുകളില്‍ നിന്ന് സിമന്റ് പാളികള്‍ അടര്‍ന്നുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മെക്‌സിക്കോ സിറ്റിയുടെ വടക്കന്‍ മേഖലകളില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
രണ്ട് ദിവസം മുന്‍പ് കാലിഫോര്‍ണിയയിലും നെവാഡയിലും 5.0 തീവ്രതയുള്ള ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് മെക്‌സിക്കോയിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.