പൂജാരി വിളിച്ചപ്പോള്‍ ക്ഷേത്രത്തില്‍ പായസം കുടിക്കാനെത്തി തൊഴിലുറപ്പ് തൊഴിലാലികള്‍; തിരികെ പോയത് കുളത്തില്‍ മുങ്ങി താഴ്ന്ന അച്ഛന്റെയും മകളുടെയും ജീവന്‍ രക്ഷിച്ച്: അഭിനന്ദിച്ച് നാട്
കുളത്തില്‍ മുങ്ങി താഴ്ന്ന അച്ഛന്റെയും മകളുടെയും ജീവന്‍ രക്ഷിച്ച് തൊഴിലുറപ്പ് തൊഴിലാലികള്‍
കാസര്‍കോട്: പൂജാരി വിളിച്ചപ്പോള്‍ ക്ഷേത്രത്തിലെ പ്രസാദമായ പായസം കുടിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷിച്ചത് രണ്ട് ജീവന്‍. മടിക്കൈ കക്കാട്ട് മഹാ വിഷ്ണു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്ന അച്ഛനും 12 വയസുകാരിയായ മകള്‍ക്കുമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ രക്ഷകരായത്. തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ഒപ്പം പ്രദേശവാസിയായ ചന്ദ്രശേഖരനും ചേര്‍ന്നാണ് ഇരുവരേയും രക്ഷിച്ചത്.
പൂജാരി നല്‍കിയ പായസം കുടിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് ക്ഷേത്രകുളത്തില്‍ ഒരു പെണ്‍കുട്ടിയും അച്ഛനും മുങ്ങിത്താഴുന്നത് കണ്ടത്. കൈയിലെ പായസം നിലത്തിട്ട് പ്രസീത കുളത്തിലേക്ക് ഓടി. ഈ സമയം കുളത്തില്‍ മരണത്തോട് മല്ലിടുകയായിരുന്നു അച്ഛനും മകളും. പിന്നാലെ ഇന്ദിരയും ഓടി ക്ഷേത്രക്കുളത്തിലേക്ക് എത്തി.
ബംഗളുരുവില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ നാട്ടിലെത്തിയ അച്ഛനും 12 വയസുകാരി മകളുമാണ് കുളത്തില്‍ മുങ്ങിപ്പോയത്. ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ നാട്ടിലെ കുടുംബാഗങ്ങളും ഉണ്ടായിരുന്നു. പന്ത്രണ്ടു വയസുകാരിയാണ് ആദ്യം കുളത്തില്‍ ഇറങ്ങിയത്. വലിയ കുളമായതിനാല്‍ മുങ്ങിപ്പോയി. ഇത് കണ്ട ഉടനെ പെണ്‍കുട്ടിയുടെ പിതാവ് വെള്ളത്തിലേക്ക് എടുത്തു ചാടി. എന്നാല്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൂടെ ഉള്ളവര്‍ക്കും കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഈ സമയത്താണ് തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ക്ഷേത്രത്തില്‍ എത്തുന്നത്.
നീന്തല്‍ നന്നായി അറിയാവുന്ന പ്രസീത കുളത്തില്‍ ചാടി കുട്ടിയുടെ അടുത്തെത്തി.ആദ്യം പിടിച്ചെങ്കിലും വഴുതിപ്പോയെന്നു പ്രസീത ഓര്‍ക്കുന്നു. രണ്ടാമത്തെ പിടിയില്‍ കുട്ടിയെ മാറോടു ചേര്‍ത്ത് പിടിച്ചു കരയില്‍ എത്തിച്ചു. ഇന്ദിരയും സഹായത്തിനു ഉണ്ടായിരുന്നു. ബഹളം കേട്ട് പ്രദേശവാസി ചന്ദ്രശേഖരനും ഓടിയെത്തി എത്തി. പെണ്‍കുട്ടിയുടെ പിതാവിന് ഇന്ദിരയും ചന്ദ്രശേഖരനും നീട്ടിയ ഓല കച്ചിത്തുരുമ്പായി. അതില്‍ പിടിച്ച് ഇദ്ദേഹവും ജീവിതത്തിലേക്കു തിരിച്ചു കയറി. രണ്ടു ജീവന്‍ രക്ഷിച്ചതോടെ മൂന്നുപേരും നാട്ടിലെ താരങ്ങളായി മാറി.