സ്വര്‍ണ്ണക്കടകളില്‍ ബുര്‍ഖ നിരോധിച്ചോ? സ്വര്‍ണം വാങ്ങാന്‍ എത്തിയാല്‍ ഇനി മുഖം കാണിക്കണം; സ്വര്‍ണ്ണവില കുതിച്ചുയരുമ്പോള്‍ രാജ്യത്ത് ആദ്യമായി കടുത്ത നിയന്ത്രണവുമായി ബീഹാര്‍; വന്‍ വിവാദത്തിന് തിരികൊളുത്തി പുതിയ നിയമം; നീക്കത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമെന്ന് ആര്‍ജെഡി
പട്‌ന: ജ്വല്ലറി ഷോപ്പുകളില്‍ പൂര്‍ണമായും മുഖം മറച്ച രീതിയില്‍ വസ്ത്രം ധരിച്ചു വരുന്നവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ബീഹാര്‍. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്റ് ഗോള്‍ഡ് ഫെഡറേഷന്‍(AIJGF) നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സ്വര്‍ണത്തിന്റെ വില കുതിച്ചുയരുകയും വെള്ളിയുടെ വില വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുരക്ഷ മുന്‍നിര്‍ത്തി മുഖം പൂര്‍ണമായും മറച്ചുവരുന്ന ഉപഭോക്താക്കള്‍ ജ്വല്ലറികളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പുതിയ നിയമപ്രകാരം ഹിജാബ്, നിഖാബ്, ബുര്‍ഖ, സ്‌കാര്‍ഫുകള്‍, ഹെല്‍മെറ്റുകള്‍, അല്ലെങ്കില്‍ സമാനമായ മുഖാവരണങ്ങള്‍ ഉപയോഗിച്ച് മുഖം മറച്ച് എത്തുന്നവര്‍ക്ക് ജ്വല്ലറികളില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. തിരിച്ചറിയുന്നതിനായി മുഖം കാണിച്ചില്ലെങ്കില്‍ ഇത്തരക്കാരെ ജ്വല്ലറിയില്‍ പ്രവേശിപ്പിക്കുകയോ ആഭരണം വില്‍ക്കുകയോ വേണ്ടെന്നാണ് നിര്‍ദേശം. തിരിച്ചറിയല്‍ പരിശോധനയ്ക്കു ശേഷം മാത്രമേ ജ്വല്ലറികളില്‍ പ്രവേശിക്കാനാകൂ എന്നും ഫെഡറേഷന്‍ വ്യക്തമാക്കി. അടുത്തിടെ ജ്വല്ലറികളില്‍ നടന്ന മോഷണ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം നടപ്പാക്കിയത്.
എല്ലാ ജില്ലകളിലും ഇത്തരമൊരു നിയമം ഔദ്യോഗികമായി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ബീഹാറാണെന്ന് ഓള്‍ ഇന്ത്യ ജ്വല്ലേഴ്‌സ് ആന്‍ഡ് ഗോള്‍ഡ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് അശോക് കുമാര്‍ വര്‍മ ചൊവ്വാഴ്ച ഐഎഎന്‍എസിനോട് പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ മാത്രമാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും ഏതെങ്കിലും പ്രത്യേക സമൂഹത്തെയോ മതവിഭാഗത്തെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഭോജ്പൂരില്‍ 25 കേടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവം ഉണ്ടായിരുന്നു. ഇന്ന് 10 ഗ്രാം സ്വര്‍ണത്തിന്റെ വില ഏകദേശം 1.40 ലക്ഷം രൂപയായിരുന്നെന്നും ഒരു കിലോഗ്രാം വെള്ളിയുടെ വില ഏകദേശം 2.5 ലക്ഷം രൂപയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറ്റകൃത്യങ്ങള്‍ തടയുന്നതിനാണ് ഈ നീക്കമെന്ന് കടയുടമകള്‍ പറഞ്ഞെങ്കിലും പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ഇതിനെ ശക്തമായി വിമര്‍ശിച്ചു. ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ മതവികാരങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നും ആര്‍ജെഡി ആരോപിച്ചു.
ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിനെതിരായ നീക്കമാണെന്നും ആര്‍ജെഡി വക്താവ് ഇസാസ് അഹമ്മദ് പറഞ്ഞു. തീരുമാനത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജ്വല്ലറി വ്യാപാരികളുടെ സംഘടന ഉടന്‍ തീരുമാനം പിന്‍വലിക്കണമെന്നും അഹമ്മദ് ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ഭരണഘടനാപരവും മതേതരവുമായ ഘടനയെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
