'ജനനായകന്‍' തിയേറ്ററുകളിലേക്ക്! സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി; സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി; അപ്പീല്‍ നല്‍കും; ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും; വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു
ചെന്നൈ: വിജയ് ചിത്രം ജനനായകന്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. U/A സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. സര്‍ട്ടിഫിക്കേറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതെന്തിനാണെന്ന് കോടതി മുമ്പ് വാദത്തിനിടെ ചോദിച്ചിരുന്നു. കമ്മിറ്റിയില്‍ അംഗമായ ഒരാള്‍ തന്നെ പരാതിക്കാരനാകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും സി ബി എഫ് സി ചെയര്‍മാന് ഇടപെടാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.
തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിയുടെ കരിയറിലെ അവസാന ചിത്രമായ 'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയതോടെ റിലീസ് തീയതി മാറ്റിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് സെന്‍സര്‍ ബോര്‍ഡ്. ചീഫ് ജസ്റ്റിസ് ബെഞ്ചിനെ സമീപിച്ചതായാണ് വിവരം. ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് തീയതി മാറ്റിയിരുന്നു.
നിര്‍മാതാക്കള്‍ക്ക് അനുകൂലമായ ഉത്തരവ് വന്നാലും, സെന്‍സര്‍ ബോര്‍ഡ് അപ്പീല്‍ നല്‍കാന്‍ സാധ്യതയുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊങ്കലിന് മുന്‍പായി ഈ മാസം 14 നോ അല്ലെങ്കില്‍ 23 നോ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ ശ്രമം. ഇന്നാണ് ചിത്രം റിലീസ് ചെയ്യാന്‍ ആദ്യം തിരുമാനിച്ചിരുന്നത്. അതിനിടയിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ കട്ടും കോടതിയിലേക്ക് 'ജനനായകന്‍' നിയമ പോരാട്ടം നീണ്ടതും.
പൊങ്കലിനോടനുബന്ധിച്ച് വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് അവസാന നിമിഷം മാറ്റിവെയ്ക്കുകയായിരുന്നു. റിലീസ് മാറ്റിവെച്ചതായി കെവിഎന്‍ പ്രൊഡക്ഷന്‍സ് ഔദ്യോഗികമായി അറിയിച്ചു. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്നായിരുന്നു ഇത്. സെന്‍സര്‍ബോര്‍ഡിന്റെ നടപടിക്കെതിരേ കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിര്‍മാതാക്കളുടെ നടപടി. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് അന്യായമായി സെന്‍സര്‍ ബോര്‍ഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്.
വിധി തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നു ചിത്രത്തിന്റെ റിലീസ് മാറ്റിയത് ആരാധകരെ നിരാശരാക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കി. എന്നാല്‍, വിജയ് ആരാധകര്‍ക്കു ഫാന്‍സ് അസോസിയേഷന്‍ നടത്തുന്ന പ്രദര്‍ശനത്തിന് 1500 രൂപ വരെ മുടക്കി ടിക്കറ്റ് എടുത്തവരാണു വെട്ടിലായത്. സിനിമ എന്നു റിലീസായാലും ആദ്യ ഷോ കാണാന്‍ സൗകര്യമൊരുക്കാമെന്നാണ് ഫാന്‍സ് അസോസിയേഷന്‍ ഇവരെ അറിയിച്ചിരിക്കുന്നത്.
'ജനനായകന്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതില്‍ കടുത്ത പ്രതിഷേധവുമായി ചില സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകരെത്തിയെങ്കിലും വിജയ് ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. കരൂര്‍ ദുരന്തത്തിന്റെ അന്വേഷണം നടത്തുന്ന സിബിഐ സംഘം 12നു ചോദ്യം ചെയ്യാനിരിക്കുന്നതിനാലാണ് വിജയ് മിണ്ടാത്തതെന്ന് ഒരു വിഭാഗം ആരോപിച്ചു.
ഇതിനിടെ, വിജയിനെ ശക്തമായി പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടമായെത്തിയത് ഡിഎംകെയെയും ചൊടിപ്പിച്ചു. സീറ്റ് വിഭജനം, അധികാരത്തില്‍ പങ്ക് തുടങ്ങിയ വിഷയങ്ങളില്‍ ഡിഎംകെയുമായി ശീതയുദ്ധം തുടരുന്ന കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെയ്‌ക്കൊപ്പം ചേരാനുള്ള നീക്കമാണു നടത്തുന്നതെന്ന ആരോപണവും ശക്തമാണ്.
അതേ സമയം നാളെ പുറത്തിറങ്ങേണ്ട ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്കും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഹിന്ദി വിരുദ്ധ പ്രക്ഷോഭം പ്രമേയമാക്കിയ ചിത്രത്തില്‍ നിന്നു 15 രംഗങ്ങള്‍ കൂടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടു നോട്ടിസ് നല്‍കിയെങ്കിലും വഴങ്ങേണ്ടെന്ന നിലപാടിലാണു സംവിധായിക സുധ കൊങ്കര. സെന്‍സര്‍ ബോര്‍ഡ് നീക്കത്തിനെതിരെ റിവൈസിങ് കമ്മിറ്റിയെ സമീപിക്കാനാണു തീരുമാനം. ഇതോടെ നാളെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകില്ലെന്ന് ഉറപ്പായി. വിദേശരാജ്യങ്ങളില്‍ റിലീസ് റദ്ദാക്കിയെന്ന അറിയിപ്പും പുറത്തു വന്നിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇന്‍പനിധി തലവനായുള്ള 'റെഡ് ജയന്റ് മൂവീസ്' ആണു ചിത്രത്തിന്റെ വിതരണക്കാര്‍.
