ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന അപൂർവ്വ നിമിഷം പകർത്താൻ നിൽക്കുന്ന ഫോട്ടോഗ്രാഫർമാർ; വളരെ സന്തോഷത്തോടെ കേക്ക് കട്ട് ചെയ്യാനെത്തിയ നവദമ്പതികൾ; പെട്ടെന്ന് അത് ഒന്ന് ചെറുതായി രുചിച്ച് നോക്കിയ നവവരന് എട്ടിന്റെ പണി; ഞൊടിയിടയിൽ വിവാഹം വരെ മുടങ്ങി; പൊട്ടിക്കരഞ്ഞ് യുവതി
അങ്കാറ: കേക്ക് മുറിക്കൽ ചടങ്ങിനിടെ വരൻ പ്രകോപിതനായി കേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് വിവാഹം മുടങ്ങി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തുർക്കിയിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടെയുണ്ടായ അപ്രതീക്ഷിത സംഭവമാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
സാധാരണഗതിയിൽ സന്തോഷത്തോടെ നടക്കുന്ന കേക്ക് മുറിക്കൽ ചടങ്ങ് വഴക്കിലും ഒടുവിൽ വിവാഹം മുടങ്ങുന്നതിലും കലാശിക്കുകയായിരുന്നു. ദമ്പതികൾക്ക് ചുറ്റും ബന്ധുക്കളും സുഹൃത്തുക്കളും ഫോട്ടോഗ്രാഫർമാരും തിങ്ങിനിറഞ്ഞിരിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കേക്ക് മുറിക്കുന്നതിന് മുൻപ് ഐസിങ് ചെയ്യുന്നതിനിടെ വരൻ സ്വന്തം വിരലുകൊണ്ട് അല്പം ഐസിങ് എടുത്ത് രുചിച്ചു. വധുവിന് നൽകുന്നതിന് മുൻപ് വരൻ സ്വയം കഴിച്ചത് വധുവിനെ ചൊടിപ്പിച്ചു. അവർ ഉടൻ തന്നെ വരന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ വരൻ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മേശപ്പുറത്തിരുന്ന കേക്ക് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കേക്ക് നിലത്ത് വീണ് ചിതറിയതോടെ അതിഥികളും ഫോട്ടോഗ്രാഫർമാരും സ്തംഭിച്ചുപോയി.
നിയന്ത്രണം വിട്ട വധു ചടങ്ങിൽ വെച്ച് പൊട്ടിക്കരയുകയും വിവാഹവേദിയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. പിന്നാലെ വരനും വേദിയിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഈ സംഭവത്തോടെ വിവാഹം മുടങ്ങിയതായാണ് റിപ്പോർട്ട്.
എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം മൂന്ന് ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടക്കുന്നത്. കേക്ക് മാത്രമായിരിക്കില്ല പ്രശ്നത്തിന് കാരണമെന്നും, ഇവർക്കിടയിൽ മുൻപേ അസ്വാരസ്യങ്ങൾ ഉണ്ടായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു. ദമ്പതികൾ പരസ്പരം കേക്ക് നൽകുന്നതാണ് പതിവെന്നും, ഇവിടെ വരൻ ഒറ്റയ്ക്ക് കഴിക്കാൻ ശ്രമിച്ചത് പ്രശ്നങ്ങൾക്ക് തുടക്കമിട്ടെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. ഒരു വിവാഹബന്ധം എത്ര നിസ്സാരമായ കാര്യത്തിൽ പോലും തകരാൻ സാധ്യതയുണ്ടെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.