ശബരിമല സ്വര്‍ണ്ണക്കൊള്ള: പി.എസ്. പ്രശാന്ത് വീണ്ടും ചോദ്യം ചെയ്യലിലേക്ക്; അറസ്റ്റ് സാധ്യത തള്ളിക്കളയാതെ അന്വേഷണ സംഘം; മുന്‍ മന്ത്രിയേയും ചോദ്യം ചെയ്യും. തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ നടപടികളിലേക്ക് പോലീസ്; മുന്‍ മന്ത്രി അറസ്റ്റിലാകുമോ?
കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ഏറെ വിവാദമായ കട്ടിളപ്പാളി സ്വര്‍ണ്ണം തട്ടിയെടുക്കല്‍ കേസില്‍ ശബരിമല തന്ത്രി ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം അന്വേഷണം പുതിയഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതോടെ കേസില്‍ പുതിയ വെളിപ്പെടുത്തലുകളും വഴിത്തിരിവുകളുമാണ് ഉണ്ടായിരിക്കുന്നത്. മുന്‍ മന്ത്രിയേയും വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിനും സാധ്യതയുണ്ട്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പി.എസ്. പ്രശാന്തിനെ അന്വേഷണ സംഘം ബന്ധപ്പെടുകയും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വഴിവിട്ട രീതിയില്‍ സ്വാതന്ത്ര്യം നല്‍കിയതിനെക്കുറിച്ചും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തതിനെക്കുറിച്ചും വ്യക്തത വരുത്താനാണ് ഈ നീക്കം.
കേസില്‍ ഉന്നതര്‍ക്കെതിരെ നടപടി വൈകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍. വിജയകുമാര്‍, കെ.പി. ശങ്കരദാസ് എന്നിവരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. താന്‍ നല്‍കിയ ഉത്തരങ്ങള്‍ വ്യക്തമാണെന്നും ഇനി ചോദ്യം ചെയ്യലിന് പോകേണ്ടി വരില്ലെന്നും മുന്‍പ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, മറ്റ് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഇപ്പോള്‍ അദ്ദേഹത്തിലേക്ക് വീണ്ടും നീളുകയാണ്.
പ്രശാന്തിനെതിരെ നിലവില്‍ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, അറസ്റ്റിലായവരുടെ മൊഴികള്‍ അദ്ദേഹത്തിന് നിര്‍ണ്ണായകമാകും. അന്വേഷണ സംഘം ശേഖരിക്കുന്ന ഡിജിറ്റല്‍ തെളിവുകളും രേഖകളും പ്രശാന്തിന് എതിരായാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കാം.
സ്വര്‍ണ്ണം മാറ്റിയതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍, മെസേജുകള്‍ എന്നിവ വീണ്ടെടുക്കാന്‍ സൈബര്‍ വിഭാഗത്തിന്റെ സഹായം പോലീസ് തേടിയിട്ടുണ്ട്. ഇതില്‍ പ്രശാന്തിന്റെ പങ്ക് വ്യക്തമായാല്‍ അറസ്റ്റ് അനിവാര്യമായി മാറും.
