ആധുനിക ലോകത്തിന്റെ 'വെള്ള സ്വര്‍ണം!'; സ്മാര്‍ട്ട്ഫോണുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരെ ചലിപ്പിക്കുന്ന ലിഥിയം ബാറ്ററികള്‍; അപൂര്‍വ ധാതുക്കളുടെ വിതരണത്തില്‍ ചൈനീസ് കുത്തക വെല്ലുവിളി; സ്വയംപര്യാപ്തത തേടുന്ന ഇന്ത്യക്ക് വിശ്വസ്ത പങ്കാളി ചിലിയോ? രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ അണിയറയില്‍ വമ്പന്‍ കരാര്‍

Update: 2026-02-11 11:42 GMT

ന്യൂഡല്‍ഹി: അപൂര്‍വ ധാതുക്കളുടെ വിതരണത്തില്‍ ചൈനീസ് കുത്തക വെല്ലുവിളി ഉയര്‍ത്തുന്നതിനിടെ ദക്ഷിണ അമേരിക്കന്‍ രാജ്യമായ ചിലിയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാന്‍ ഒരുങ്ങി ഇന്ത്യ. ആധുനിക ലോകത്തിന്റെ 'വെള്ള സ്വര്‍ണം' എന്നറിയപ്പെടുന്ന ലിഥിയത്തിന്റെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് ചിലി. നമ്മുടെ സ്മാര്‍ട്ട്ഫോണുകള്‍ മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ (EV) വരെ ചലിക്കുന്നത് ലിഥിയം ബാറ്ററികള്‍ ഉപയോഗിച്ചാണ്. ലിഥിയം അടക്കമുള്ള ധാതുക്കളുടെ വിതരണത്തില്‍ ചൈന നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ, സോളാര്‍, ഓട്ടോമൊബൈല്‍, പ്രതിരോധ മേഖലകളില്‍ സ്വയംപര്യാപ്തത നേടാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ചിലിയെപ്പോലൊരു വിശ്വസ്ത പങ്കാളിയെ അത്യാവശ്യമാണ്. ലിഥിയത്തിന് പുറമെ കോപ്പര്‍, കൊബാള്‍ട്ട് തുടങ്ങിയ മൂലകങ്ങളുടെ വന്‍ ശേഖരവും ചിലിയുടെ പ്രത്യേകതയാണ്. യൂറോപ്യന്‍ യൂണിയനുമായും യുഎസുമായും ഉള്ള വ്യാപാര കരാറുകളെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെയാണ് നിശബ്ദമായി എന്നാല്‍ തന്ത്രപ്രധാനമായി മറ്റൊരു വമ്പന്‍ നീക്കത്തിന് ഇന്ത്യ ഒരുങ്ങുന്നത്. വെറുമൊരു കച്ചവടത്തിനപ്പുറം, ആഗോള വിപണിയില്‍ ഇന്ത്യയുടെ ശക്തി വര്‍ധിപ്പിക്കുന്ന ഒരു 'മാസ്റ്റര്‍ സ്‌ട്രോക്ക്' ആയി മാറിയേക്കാമെന്നാണ് വിലയിരുത്തല്‍.

രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്

2005-ല്‍ തുടങ്ങിയ ചര്‍ച്ചകള്‍ 2006-ല്‍ ഒരു ഭാഗിക വ്യാപാര കരാറില്‍ (PTA) എത്തിയിരുന്നുവെങ്കിലും, പൂര്‍ണ്ണമായ ഒരു സ്വതന്ത്ര വ്യാപാര കരാറിലേക്ക് എത്താന്‍ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിച്ച് നടത്തിയ ഇന്ത്യ സന്ദര്‍ശനത്തോടെ ചര്‍ച്ചകള്‍ക്ക് വേഗത കൂടി. ഡിജിറ്റല്‍ സേവനങ്ങള്‍, നിക്ഷേപം, എംഎസ്എംഇ (MSME) തുടങ്ങിയ മേഖലകളിലും സഹകരണം ഉറപ്പാക്കുകയാണ് പുതിയ ലക്ഷ്യം. ഈ സുവര്‍ണ്ണാവസരം മുതലെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ഇതിനോടകം തന്നെ തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. അപൂര്‍വ ധാതുക്കളുടെ ഖനനത്തിനും ഗവേഷണത്തിനുമായി ചിലെയില്‍ ഒരു പുതിയ കമ്പനി തന്നെ തുടങ്ങാന്‍ പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് അടക്കമുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ ചിലെയുടെ ഊര്‍ജ്ജ-ധാതു മേഖലകളില്‍ നിക്ഷേപത്തിന് സാധ്യതകള്‍ തേടുകയാണ്. ഈ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ പ്രതിരോധം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളില്‍ ഇന്ത്യയ്ക്ക് വലിയ കുതിച്ചുചാട്ടം നടത്താനാകും. ഇറക്കുമതി ചെലവ് കുറയുന്നതോടെ ഇലക്ട്രിക് വാഹന വിപണിയില്‍ ഇന്ത്യ ആഗോള ഹബ്ബായി മാറാനും സാധ്യതയുണ്ട്. ചിലിയുമായുള്ള കരാര്‍ കേവലം കച്ചവടമല്ല, മറിച്ച് വരും ദശാബ്ദങ്ങളില്‍ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിനുള്ള ഇന്ധനമാണെന്നാണ് വിലയിരുത്തല്‍

ലോകത്ത് ഏറ്റവുമധികം ലിഥിയം നിക്ഷേപമുണ്ടെന്ന് കരുതപ്പെടുന്ന, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലിയുമായാണ് ഇന്ത്യ അവസാനവട്ട ചര്‍ച്ചകള്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയിരുന്നു. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഉല്‍പാദനം, പ്രതിരോധം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകള്‍ക്ക് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ.

ദക്ഷിണ അമേരിക്കയില്‍ പസഫിക് സമുദ്രത്തോട് ചേര്‍ന്നു കിടക്കുന്ന രാജ്യമാണ് ചിലെ. ഇലക്ട്രോണിക്‌സ്, ഓട്ടോ, സോളര്‍ വ്യവസായങ്ങള്‍ക്ക് വേണ്ട ലിഥിയം, കോപ്പര്‍, കൊബാള്‍ട്ട് പോലുള്ള അപൂര്‍വ മൂലകങ്ങളുടെ സാന്നിധ്യമാണ് ചിലിയുടെ പ്രത്യേകത. ഇവയുടെ മുടക്കമില്ലാത്ത ലഭ്യത വ്യവസായങ്ങളുടെ നിലനില്‍പിനും രാജ്യസുരക്ഷയ്ക്കും അത്യാവശ്യമാണ്. അടുത്തിടെ ചൈന അപൂര്‍വ മൂലകങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യ മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങിയത്. എന്നാല്‍ ചിലെയുമായുള്ള ഇന്ത്യയുടെ വ്യാപാര ചര്‍ച്ചകള്‍ക്ക് രണ്ട് പതിറ്റാണ്ടോളം പഴക്കമുണ്ട്.

2005ലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങുന്നത്. 2006ല്‍ ഇന്ത്യയും ചിലെയും തമ്മില്‍ പ്രിഫറന്‍ഷ്യല്‍ വ്യാപാര കരാറിലെത്തി. ഇതനുസരിച്ച് ചില ഉല്‍പന്നങ്ങള്‍ക്ക് മാത്രം തീരുവയില്‍ ഇളവ് ലഭിച്ചു. എന്നാല്‍ സ്വതന്ത്ര്യ വ്യാപാര കരാറിലെത്താന്‍ സാധിച്ചില്ല. നിലവിലെ വ്യാപാര ബന്ധം വിപുലീകരിച്ച് കൂടുതല്‍ മേഖലകളിലേക്ക് കടക്കാനുള്ള ശ്രമങ്ങളാണ് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്നത്. ഡിജിറ്റല്‍ സേവനം, നിക്ഷേപം, എംഎസ്എംഇ എന്നീ മേഖലയിലെ സഹകരണവും ഇരുരാജ്യങ്ങളും തേടുന്നുണ്ട് . ചിലിയുമായി ഉടന്‍ വ്യാപാര കരാറില്‍ ഒപ്പിടുമെന്ന് അടുത്തിടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കിയിരുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ചിലെയും തമ്മില്‍ 3.76 ബില്യന്‍ ഡോളറിന്റെ വ്യാപാരം നടന്നെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 1.15 ബില്യന്‍ ഡോളറിന് തുല്യമായ ഉല്‍പന്നങ്ങളാണ് ഇന്ത്യയുടെ കയറ്റുമതി. 2.60 ബില്യന്‍ ഡോളറാണ് ഇറക്കുമതി. വാഹനങ്ങള്‍, മരുന്നുകള്‍, കെമിക്കലുകള്‍, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, തുകല്‍, റബര്‍, പാദരക്ഷകള്‍ തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. തിരിച്ച് കോപ്പര്‍, അയഡിന്‍, വാള്‍നട്ട്, കിവി, ആപ്പിള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ചിലിയില്‍ നിന്ന് ഇന്ത്യയിലുമെത്തും.

ചിലിയിലേക്കുള്ള ഏറ്റവും വലിയ ഇന്ത്യന്‍ കയറ്റുമതി ഓട്ടോ, ഫാര്‍മ എന്നിവയാണ്. ചിലിയില്‍ നിന്നുള്ള ഏറ്റവും വലിയ ഇറക്കുമതി ഏകദേശം 1.58 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ധാതുക്കളാണ്. ചിലിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍ ചെമ്പ്, രാസവസ്തുക്കള്‍ എന്നിവയാണ്. എല്‍എസി (ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍) മേഖലയിലെ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചിലി. ചിലിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വൈവിധ്യപൂര്‍ണ്ണമാണ്, അവയില്‍ മോട്ടോര്‍ വാഹനങ്ങള്‍/കാറുകള്‍, മയക്കുമരുന്ന് ഫോര്‍മുലേഷനുകള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍, മനുഷ്യനിര്‍മ്മിത നൂല്‍, തുണിത്തരങ്ങള്‍, കോട്ടണ്‍ തുണിത്തരങ്ങള്‍, മേഡ്-അപ്പുകള്‍, ആര്‍എംജി (റെഡിമെയ്ഡ് വസ്ത്രങ്ങള്‍), ഓട്ടോ ഘടകങ്ങള്‍, ഇലക്ട്രിക് മെഷിനറികളും ഉപകരണങ്ങളും, തുകല്‍ വസ്തുക്കള്‍, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, അലുമിനിയം, അതിന്റെ ഉല്‍പ്പന്നങ്ങള്‍, സെറാമിക്‌സ് എന്നിവ ഉള്‍പ്പെടുന്നു.

Tags:    

Similar News