വീഡിയോ പ്രചരണത്തെ തുടര്‍ന്ന് ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി; മാസത്തില്‍ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ജാമ്യ ഉപാധി; മഞ്ചേരി വനിത സബ് ജയിലില്‍ മൂന്നാഴ്ച്ച നീണ്ട തടവറക്ക് ശേഷം ഷിംജിത പുറത്തേക്ക്

വീഡിയോ പ്രചരണത്തെ തുടര്‍ന്ന് ദീപക്കിന്റെ ആത്മഹത്യ

Update: 2026-02-11 08:06 GMT

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിന്റെ(41) മരണവുമായി ബന്ധപ്പെട്ട് മഞ്ചേരി വനിത സബ് ജയിലില്‍ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തല്‍ ഷിംജിത മുസ്തഫയ്ക്ക് (35) ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

ഉപാധികളോടെയാണ് ജാമ്യം. മാസത്തില്‍ രണ്ടു തവണ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം. രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും ജാമ്യ ഉത്തരവിലെ ഉപാധികളിലുണ്ട്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ഷിംജിതക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. 21 ദിവസത്തിലേറെയായി ഷിംജിത ജയിലിലായിരുന്നു

കേസില്‍ ഷിംജിതയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയില്‍ ലഭിച്ചപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടില്‍ നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്ത തൊണ്ടിമുതലുകളായ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫൊറന്‍സിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ദീപക്കിനെ ഷിംജിത ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചോ എന്നതും ഇതില്‍ വ്യക്തമാകും എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

21 ദിവസമായി ജയിലില്‍ ആണെന്നും ഫൊറന്‍സിക് ഫലം വരുന്നത് വരെ റിമാന്‍ഡില്‍ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. അന്വേഷണത്തില്‍ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വിശദീകരിച്ചു. അതേസമയം, തനിക്കു നേരെ ബസില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തില്‍ ഷിംജിത ഉറച്ചുനില്‍ക്കുകയാണ്.

ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാതാവ് നല്‍കിയ പരാതിയിലാണ് ഷിജിതയെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷിംജിതയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ടെന്നും ആരോപണവിധേയമായ സംഭവം ഉണ്ടായ ബസില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നുമാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്.

ദീപക് ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്ന ശേഷം ജനുവരി 19ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്തതോടെ ഷിംജിത ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്ന് 21ന് ആണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താന്‍ മെഡിക്കല്‍ കോളജ് പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags:    

Similar News