മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണറുടെ മാസ് നീക്കം! കാലിക്കറ്റ് വിസിയായി പി. രവീന്ദ്രനെ തന്നെ നിയമിച്ചു; ഹൈക്കോടതി ചോദ്യത്തിന് പിന്നാലെ ലോക്ഭവന്‍ ഔദ്യോഗിക വിജ്ഞാപനം ഇറക്കി; നിര്‍ണായക നീക്കം സര്‍ക്കാരിന്റെ ഹര്‍ജി കോടതിയിലിരിക്കെ
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി പ്രഫ. ഡോ. പി. രവീന്ദ്രനെ നിയമിച്ച് ലോക്ഭവന്‍ വിജ്ഞാപനമിറക്കി. നിലവില്‍ താല്‍ക്കാലിക വി.സിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നാല് വര്‍ഷത്തേക്കാണ് നിയമനം. വൈസ് ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ നിയമപരമായി അധികാരമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് തിങ്കളാഴ്ച ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് നിയമനമെന്നത് ശ്രദ്ധേയമാണ്. നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം തള്ളി 2024ല്‍ അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പി. രവീന്ദ്രനെ വി.സിയായി നിയമിച്ചത് വിവാദമായിരുന്നു.
വി സി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി സമര്‍പ്പിച്ച മൂന്ന് പേരുകള്‍ അടങ്ങിയ പാനലില്‍ നിന്നാണ് ഡോ. പി. രവീന്ദ്രനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ തിരഞ്ഞെടുത്തത്. സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവര്‍ണറുടെ നിര്‍ണ്ണായക നിയമനം. സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്കൊടുവിലാണ് സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ ലഭിക്കുന്നത്. നേരത്തെ വി സിയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ആണ്.
വിഷയത്തില്‍ തിങ്കളാഴ്ച ഹൈകോടതിയില്‍ വാദം നടന്നിരുന്നു. സര്‍ക്കാറിനാണ് വി.സി നിയമനത്തിനുള്ള അവകാശമെന്ന അഡ്വക്കറ്റ് ജനറലിന്റെ വാദത്തിന് അനുകൂലമായ നിലപാട് പ്രഥമദൃഷ്ട്യ കോടതി സ്വീകരിച്ചപ്പോള്‍ ചാന്‍സലറുടെ ഭാഗത്തു നിന്ന് എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് ഇത് ബോധ്യപ്പെടുത്താന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചത്. വി.സിയെ നിയമിക്കാന്‍ ഗവര്‍ണര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ലഭ്യമായ അപേക്ഷകള്‍ സെര്‍ച്ച് കമ്മിറ്റിക്ക് സമര്‍പ്പിക്കാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസ വകുപ്പിനാണെന്നിരിക്കെ ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്ഞാപനം നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. നിയമന അധികാരമാണ് ചാന്‍സലര്‍ക്കുള്ളതെന്നും ചൂണ്ടിക്കാട്ടി. വി.സി നിയമനത്തിന് വിജ്ഞാപനമിറക്കാന്‍ ചാന്‍സലര്‍ക്കാവില്ലെന്ന് കോടതിയും വാക്കാല്‍ അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് തുടരുന്നു
ഇന്നലെ നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് ശക്തമായിരുന്നു. നയ പ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്തതും, ഈ ഭാഗങ്ങള്‍ കൂട്ടി ചേര്‍ത്ത് പിന്നീട് മുഖ്യമന്ത്രി വായിച്ചതും അസാധാരണ സംഭവമായി മാറി. നയപ്രസംഗത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗമെല്ലാം മുഖ്യമന്ത്രി നിയമസഭയില്‍ വായിച്ചു. ഗവര്‍ണര്‍ കേന്ദ്ര വിമര്‍ശനം വായിക്കാതെ വിട്ടതോടെ എതിര്‍പ്പുമായി പിണറായി രംഗത്തെത്തുകയായിരുന്നു. സ്പീക്കറും ഗവര്‍ണറുടെ നീക്കത്തില്‍ പ്രതികരിച്ചു. ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങളും അംഗീകരിക്കണമെന്നും, സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം മുഴുവന്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്ത് വര്‍ഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ വിട്ട ഭാഗം വായിച്ചത്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്. ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
