കൊറിയന്‍ പ്രണയമോ അതോ ഇല്ലാത്ത സുഹൃത്തോ? പ്ലസ് വണ്‍കാരി ആദിത്യയുടെ മരണത്തില്‍ നടുക്കുന്ന ദുരൂഹത; സമ്മാനങ്ങള്‍ അയച്ചത് ആര്? 'ഫേക്ക്' സുഹൃത്തുക്കള്‍ ഉണ്ടായിരുന്നോ? സൈബര്‍ കെണിയില്‍ കുടുങ്ങിയോ എന്നും സംശയം; ചോറ്റാനിക്കരയെ നടുക്കിയ ആത്മഹത്യയ്ക്ക് പിന്നില്‍ എന്ത്?

Update: 2026-01-28 01:24 GMT

കൊച്ചി: കേരളത്തിലെ കൗമാരക്കാരെ ഭ്രാന്തമായി സ്വാധീനിക്കുന്ന 'കൊറിയന്‍ തരംഗം' ആതിദ്യയുടെ ജീവന്‍ കവര്‍ന്നോ? ചോറ്റാനിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യ പാറമടയിലെ വെള്ളത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ സുഹൃത്ത് മരിച്ച മനോവിഷമത്തിലാണ് താന്‍ പോകുന്നത് എന്ന് ആദിത്യ ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ടെങ്കിലും, ആ 'സുഹൃത്ത്' യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ അതോ ആരെങ്കിലും പെണ്‍കുട്ടിയെ കബളിപ്പിച്ചതാണോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ദുരൂഹത ഏറുന്നത്.

തിരുവാണിയൂര്‍ കക്കാട് കരയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആദിത്യയുടെ ബാഗില്‍ നിന്നും ലഭിച്ച നാല് പേജുള്ള ആത്മഹത്യ കുറിപ്പാണ് പോലീസിനെ കുഴപ്പിക്കുന്നത്. തന്റെ കൊറിയന്‍ സുഹൃത്തായ സംഗീതജ്ഞന്‍ ഈ മാസം 19-ന് ഒരപകടത്തില്‍ മരിച്ചെന്നും ആ വിഷമം സഹിക്കാന്‍ വയ്യാതെ താന്‍ പോകുന്നു എന്നുമാണ് കുറിപ്പിലുള്ളത്. എന്നാല്‍ ഇത്തരമൊരു സുഹൃത്തിനെ ആദിത്യ നേരിട്ട് കണ്ടിട്ടില്ല. ഇന്‍സ്റ്റഗ്രാം വഴിയാണ് ബന്ധം. ഇവിടെയാണ് പോലീസിന് സംശയം തുടങ്ങുന്നത്. ഈ കൊറിയന്‍ സുഹൃത്ത് എന്ന പേരില്‍ അടുത്തറിയാവുന്ന ആരെങ്കിലും ആദിത്യയെ പറ്റിച്ചതാണോ എന്നും സംശയമുണ്ട്.

ആദിത്യയ്ക്ക് കൊറിയയില്‍ നിന്നാണെന്ന പേരില്‍ ചില സമ്മാനങ്ങള്‍ ലഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു വാച്ചും ഉള്‍പ്പെടുന്നു. കൊറിയയില്‍ നിന്നും നേരിട്ട് ഒരാള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് സമ്മാനം അയക്കണമെങ്കില്‍ അതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ആദിത്യയെ കബളിപ്പിക്കാന്‍ വേണ്ടി മറ്റാരെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ വ്യാജ ഐഡി ഉണ്ടാക്കി പ്രണയം നടിച്ച് സമ്മാനങ്ങള്‍ അയച്ചതാണോ എന്നതാണ് പ്രധാന അന്വേഷണ വിഷയം.

ആദിത്യയുടെ മൊബൈല്‍ ഫോണ്‍ നിലവില്‍ ലോക്ക് ചെയ്ത നിലയിലാണ്. ഇത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തുറന്ന് പരിശോധിക്കാനാണ് ചോറ്റാനിക്കര പോലീസിന്റെ നീക്കം. ആരുമായാണ് പെണ്‍കുട്ടി ചാറ്റ് ചെയ്തിരുന്നത്? കൊറിയന്‍ സുഹൃത്തിന്റെ മരണവാര്‍ത്ത ആദിത്യയെ അറിയിച്ചത് ആരാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഫോണില്‍ നിന്ന് മറുപടി ലഭിക്കുമെന്ന് പോലീസ് കരുതുന്നു.

അടുത്ത കാലത്തായി കേരളത്തിലെ കുട്ടികള്‍ക്കിടയില്‍ കൊറിയന്‍ സംഗീതത്തോടും സിനിമകളോടും വല്ലാത്തൊരു ആഭിമുഖ്യം വളര്‍ന്നുവരുന്നുണ്ട്. മണിക്കൂറുകളോളം മൊബൈലില്‍ കൊറിയന്‍ വീഡിയോകള്‍ കണ്ട് സമയം കളയുന്ന കുട്ടികള്‍, സങ്കല്‍പ്പ ലോകത്തെ പ്രണയങ്ങളിലേക്കും വീണു പോകുന്നുണ്ട്. കിണര്‍ തൊഴിലാളിയായ മഹേഷിന്റെ ഏക മകളായ ആദിത്യയും ഇത്തരത്തില്‍ കൊറിയന്‍ സംഗീതത്തിന്റെ ആരാധകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ പതിവുപോലെ ട്യൂഷനും സ്‌കൂളിനുമായി ഇറങ്ങിയതായിരുന്നു ആദിത്യ. യൂണിഫോം ധരിച്ച് സ്‌കൂള്‍ ബാഗും ലഞ്ച് ബോക്‌സും പാറമടയുടെ കരയില്‍ വെച്ച ശേഷമാണ് പെണ്‍കുട്ടി വെള്ളത്തിലേക്ക് ചാടിയത്. ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഈ മരണത്തിന് പിന്നിലെ ആ 'അജ്ഞാത സുഹൃത്തിനെ' കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.

Similar News