'കാര്‍ റോഡിലേക്ക് ഇറങ്ങിവരുന്നതിന്റെ ലൈറ്റ് കണ്ടിരുന്നു; അപ്പോള്‍ തന്നെ ഹോണ്‍ അടിച്ചിരുന്നു; അപകടശേഷം കാര്‍ നിര്‍ത്താതെ പോയി; നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്'; പരാതിയുമായി മുന്നോട്ടുപോകുമെന്ന് യുവാക്കള്‍; സിസിടിവി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ തെറ്റുകാരനായേനെയെന്ന് മണിയന്‍പിള്ള രാജു
തിരുവനന്തപുരം: മണിയന്‍പിള്ള രാജുവിന്റെ കാറും രണ്ട് യുവാക്കള്‍ സഞ്ചരിച്ച ബൈക്കും ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് പരിക്കേറ്റ ബൈക്ക് യാത്രക്കാരായ യുവാക്കള്‍. രാജുവിന്റെ കാര്‍ വേഗത്തില്‍ വന്ന് ബൈക്കിലിടിക്കുകയായിരുന്നുവെന്നും തങ്ങള്‍ തെറിച്ചുവീണെന്നും പരിക്കേറ്റ നിദേവ് പറഞ്ഞു. കാര്‍ റോഡിലേക്ക് ഇറങ്ങിവരുന്നതിന്റെ ലൈറ്റ് കണ്ടിരുന്നു. അപ്പോള്‍ തന്നെ ഹോണ്‍ അടിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ അവിടെ എത്തിയിട്ടും കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നുവെന്നും നിദേവ് പറഞ്ഞു. അപകടശേഷം കാര്‍ ബൈക്ക് നിരക്കികൊണ്ടുപോയി. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും നിദേവ് പറഞ്ഞു.
രാത്രി അസൈന്‍മെന്റ് വാങ്ങുന്നതിനായാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ പിജിയില്‍ താമസിക്കുന്ന സുഹൃത്തിന്റെ അടുത്തേക്ക് പോയത്. തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കവടിയാര്‍, വഴുതക്കാട് വഴിയാണ് തിരിച്ചുവന്നത്. ഇതിനിടെ ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വെച്ച് കാര്‍ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. കാലുകള്‍ ഒടിഞ്ഞ നിദേവ് എന്ന യുവാവിന് ശസ്ത്രക്രിയ നടത്തി. സൂരജ് എന്ന യുവാവിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് നിദേവ്. ഇടിച്ചശേഷം രാജു കാര്‍ നിര്‍ത്താതെ പോയെന്ന് പരിക്കേറ്റ സൂരജ് പറഞ്ഞു. കുറെ നേരം റോഡില്‍ കിടന്നുവെന്നും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും പരിക്കേറ്റ സൂരജ് പറഞ്ഞു. ഐടിഐ വിദ്യാര്‍ത്ഥിയാണ് സൂരജ്.
അതേ സമയം അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നടന്റെ വാഹനം വേഗത കുറച്ച് റോഡിലേക്ക് ഇന്‍ഡിക്കേറ്ററിട്ട് തിരിയുന്നതായും അതിവേഗതയില്‍ വരുന്ന ബൈക്ക് കാറില്‍ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. എന്നാല്‍ തങ്ങളുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോയെന്നാണ് യുവാക്കളുടെ മൊഴി.
വാഹനാപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയെന്ന കേസില്‍ നടന്‍ മണിയന്‍ പിള്ള രാജുവിനെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. അപകടത്തന് ശേഷം കാര്‍ നിര്‍ത്താതെ പോയെന്ന ആരോപണം മണിയന്‍ പിള്ള ശരിവെച്ചിട്ടുണ്ട്. ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിന് ശേഷം ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മ്യൂസിയം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നടനെ വൈദ്യുപരിശോധനയ്ക്ക് വിധേയമാക്കി. നടന് പിന്നാലെ ജാമ്യം ലഭിക്കുകയും ചെയ്തു.
താനാണ് കാറോടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ച മണിയന്‍ പിള്ള രാജു ബൈക്ക് കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന വാദമാണ് ഉയര്‍ത്തുന്നത്. സിസിടിയില്‍ ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. കാര്‍ നിര്‍ത്താതെ പോയത് ഭയപ്പെട്ടത് കൊണ്ടാണ് താന്‍ രോഗിയാണെന്നും മണിയന്‍ പിള്ള പറഞ്ഞു. പോലീസിനെ വിളിച്ച് രാവിലെ വരാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാത്രി മണിയന്‍ പിള്ള രാജുവിനെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
അതേസമയം, ബൈക്കാണ് കാറിലിടിച്ചതെന്നും ഭയം കൊണ്ടാണ് നിര്‍ത്താതെ പോയതെന്നുമാണ് മണിയന്‍പിള്ള രാജു പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനാല്‍ താന്‍ തെറ്റുകാരനല്ലെന്ന് തെളിഞ്ഞുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുമെന്നും നടന്‍ വ്യക്തമാക്കി.
'സിസിടിവി ദൃശ്യങ്ങള്‍ ഞാന്‍ കണ്ടു. ഞാന്‍ ഈ അപകടത്തില്‍ തെറ്റുകാരനല്ല. സ്വന്തമായി ഡ്രൈവര്‍ ഇല്ല. ദീര്‍ഘദൂര ഓട്ടത്തിന് മാത്രമേ ഡ്രൈവറെ ഉപയോഗിക്കാറുള്ളൂ. ഞാന്‍ പതിയെ ആണ് വണ്ടി ഓടിക്കാറുള്ളത്. പൊന്നുപോലെയാണ് വണ്ടി സൂക്ഷിക്കുന്നത്. ഒരു അവാര്‍ഡ് ചടങ്ങിന് പോയിട്ട് തിരികെ വരികയായിരുന്നു. വണ്ടി വരുന്നുണ്ടോ എന്ന് നോക്കിയാണ് റോഡിലേക്ക് വാഹനം ഇറക്കിയത്.
ക്ലബ്ബില്‍ നിന്ന് ഇറങ്ങിയപ്പോള്‍ റോഡ് ശൂന്യമായിരുന്നു. പെട്ടെന്ന് എവിടെനിന്നാണ് വണ്ടി വന്നതെന്ന് അറിയില്ല. ദൈവാനുഗ്രഹം കൊണ്ട് സിസിടിവി കിട്ടി. അല്ലെങ്കില്‍ ഞാന്‍ തെറ്റുകാരനായേനെ. വണ്ടി തട്ടിയപ്പോള്‍ ഞാന്‍ ആകെ പേടിച്ചുപോയി. ഇറങ്ങാന്‍ പറ്റിയില്ല. ഉടനെ ഞാന്‍ ക്ലബ്ബില്‍ വിളിച്ച് പറഞ്ഞു. പിന്നീട് പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞു. വീട്ടില്‍ ആരുമില്ല രാവിലെ എത്താമെന്ന് ഞാന്‍ അവരെ അറിയിച്ചു. അപകടത്തില്‍പ്പെട്ട കുട്ടികള്‍ വേഗം രക്ഷപ്പെടട്ടെ. അവരെ പോയി കാണണം. ബൈക്കിനും കാറിനും നല്ല ചെലവ് വരും. അവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല' മണിയന്‍ പിള്ള രാജു പറഞ്ഞു.
അപകടത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണുണ്ടായത്. അപകടമുണ്ടാക്കിയ വാഹനം മണിയന്‍പിള്ള രാജുവിന്റേതാണെന്ന് വ്യക്തമായിട്ടും രാത്രി തന്നെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് വിധേയമാക്കിയില്ല. 12 മണിക്കൂറിനുശേഷമാണ് മണിയന്‍പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതും വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നതും. സംഭവത്തില്‍ പൊലീസ് അട്ടിമറിയുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ട്രിവാന്‍ഡ്രം ക്ലബ് റോഡില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിവരുന്ന കാര്‍ യുവാക്കളുടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടെ അപകടമുണ്ടാക്കിയ മണിയന്‍പിള്ള രാജുവിന്റെ വോള്‍വോ കാര്‍ ടെന്നീസ് ക്ലബ്ബിന്റെ പിന്‍ഭാഗത്തുനിന്നും പൊലീസ് കണ്ടെത്തി. കാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മണിയന്‍പിള്ള രാജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
