'ഇതൊക്കെ അവിടെ വരെ എത്തുമോ?' നെറ്റി ചുളിച്ചവര്‍ക്ക് മുന്നിലൂടെ ചേതക്കില്‍ കശ്മീരിലേക്ക് പറന്ന് ഇടുക്കിക്കാരന്‍! 25 വര്‍ഷം പഴക്കമുള്ള ചേതക് സ്‌കൂട്ടറില്‍ 3800 കിലോമീറ്റര്‍; യാത്രചെലവിനായി വര്‍ക്ക് ഷോപ്പില്‍ ജോലി; ഒടുവില്‍ സ്വപ്നം തൊട്ട് മണിയാറന്‍കുടിക്കാരന്‍; ഇനി ലക്ഷ്യം നേപ്പാള്‍
ശ്രീനഗര്‍: 'ഇതൊക്കെ അവിടെ വരെ എത്തുമോ?' എന്ന് നെറ്റി ചുളിച്ചവര്‍ക്ക് മുന്നിലൂടെ, തന്റെ പഴയ സ്‌കൂട്ടറില്‍ 3800 കിലോമീറ്റര്‍ താണ്ടി അന്‍സില്‍ നവാസ് കശ്മീരിലെത്തി. ഇടുക്കി മണിയാറന്‍കുടി സ്വദേശിയായ ഈ 21-കാരന്റെ യാത്ര വെറുമൊരു കശ്മീര്‍ യാത്രയല്ല; മറിച്ച് നിശ്ചയദാര്‍ഢ്യത്തിന്റെ വലിയൊരു പാഠം കൂടിയാണ്. കാറും വിലകൂടിയ ബൈക്കും വീട്ടിലുണ്ടായിട്ടും അന്‍സില്‍ തന്റെ യാത്രയ്ക്കായി തിരഞ്ഞെടുത്തത് 1999 മോഡല്‍ ബജാജ് ചേതക് സ്‌കൂട്ടറാണ്. ഡിസംബര്‍ 28-ന് ഇടുക്കി അണക്കെട്ടിന് മുന്നില്‍ നിന്ന് തുടങ്ങിയ ആ യാത്രയില്‍, ഈ പഴയ വണ്ടി ഒരിടത്തുപോലും അന്‍സിലിനെ ചതിച്ചില്ല. പ്ലസ് ടുവിനും ഡിപ്ലോമയ്ക്കും ശേഷം സ്വന്തമായി വര്‍ക്ക് ഷോപ്പ് നടത്തുന്ന അന്‍സില്‍, തന്റെ മെക്കാനിക് വൈദഗ്ധ്യം ഉപയോഗിച്ച് സ്‌കൂട്ടറിനെ ഈ ദീര്‍ഘയാത്രയ്ക്കായി സ്വയം ഒരുക്കിയെടുക്കുകയായിരുന്നു.
പെട്രോള്‍ പമ്പുകളിലും കടത്തിണ്ണകളിലും ടെന്റ് അടിച്ച് ഉറങ്ങിയ രാത്രികള്‍. കൈയ്യിലുള്ള പണം തീരാതിരിക്കാന്‍ വഴിയിലുള്ള വര്‍ക്ക് ഷോപ്പുകളില്‍ ജോലി ചെയ്ത് യാത്രയ്ക്കുള്ള വക കണ്ടെത്തി. ഉത്തര്‍പ്രദേശിലെ അസഹനീയമായ തണുപ്പായിരുന്നു യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും അന്‍സില്‍ പറയുന്നു. പഴയൊരു സ്‌കൂട്ടറില്‍ ഇത്രയും ദൂരം താണ്ടിവന്ന ചെറുപ്പക്കാരനെ കാണുമ്പോള്‍ ജനങ്ങളുടെ കണ്ണിലെ വിസ്മയത്തെക്കുറിച്ചും അന്‍സില്‍ പറയുന്നു. കശ്മീരിലെ തണുപ്പില്‍ നിന്ന് അന്‍സിലിപ്പോള്‍ അടുത്ത ലക്ഷ്യത്തിലേക്ക് സ്‌കൂട്ടര്‍ തിരിക്കുകയാണ്‌നേപ്പാള്‍. അവിടെ എത്തിയ ശേഷം മാത്രമേ മടക്കയാത്രയെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ.
ഒരുമാസം മുമ്പാണ് ഇടുക്കി അണക്കെട്ടിന് മുന്നില്‍നിന്ന് അന്‍സില്‍ തന്റെ ചേതക് സ്‌കൂട്ടറുമായി യാത്രക്കിറങ്ങിയത്. 3800 കി.മീറ്റര്‍ പിന്നിട്ട് കശ്മീരിലെത്തി. ഇനി നേപ്പാളിലേക്ക് യാത്രക്കൊരുങ്ങുകയാണ് ഈ 21 കാരന്‍. ഇടുക്കിയില്‍ ബൈക്ക് വര്‍ക്ക്‌ഷോപ് നടത്തുന്ന മണിയാറന്‍കുടി സ്‌കൂള്‍ സിറ്റി മാടോലില്‍ വീട്ടില്‍ അന്‍സില്‍ നവാസിന്റെ ഏറെനാളായുള്ള ആഗ്രഹമാണ് തന്റെ 1999 മോഡല്‍ ചേതക് സ്‌കൂട്ടറിലൊരു കശ്മീര്‍യാത്ര. ചേതക്കില്‍ പോകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പലരും തനിക്ക് വട്ടാണോ എന്ന് സംശയിച്ചു. വീട്ടുകാരും ആദ്യം സമ്മതിച്ചില്ല. അവരെയും പറഞ്ഞ് മനസ്സിലാക്കി. അവിടെ വരെ വണ്ടി എത്തുമോ എന്ന് ചോദിച്ചവരുമുണ്ട്. എന്നാല്‍, ഒരിടത്തുപോലും പണിതരാതെ തന്റെ വണ്ടി സുരക്ഷിതമായി കശ്മീരിലെത്തിച്ചതിന്റെ ആവേശത്തില്‍ അന്‍സിലിപ്പോള്‍ അവിടെനിന്ന് നേപ്പാള്‍ യാത്രക്ക് ഒരുങ്ങുകയാണ്.
ചേതക് വന്ന വഴി
ഡിസംബര്‍ 28ന് ഇടുക്കി അണക്കെട്ടിന് മുന്നില്‍നിന്നാണ് അന്‍സിലിന്റെ യാത്ര ആരംഭിക്കുന്നത്. പുലര്‍ച്ചെ തുടങ്ങുന്ന യാത്ര അഞ്ചുമണിയോടെ അവസാനിക്കും. രാത്രി പെട്രോള്‍പമ്പിലും കടകള്‍ക്കു മുന്നിലും ടെന്റ് അടിച്ച് കിടക്കും. മെക്കാനിക്ക് ആയതില്‍ യാത്രക്കിടെ വര്‍ക്ക് ഷോപ്പുകളില്‍ ജോലിചെയ്ത് യാത്രക്കുള്ള പണം കണ്ടെത്തും. വണ്ടി കശ്മീര്‍ ട്രിപ്പിന് വേണ്ടി നാളുകള്‍ക്ക് മുന്നേ തയാറാക്കിയെടുത്തിരുന്നു.
കുറച്ചുനാള്‍ വാഹനങ്ങളുടെ കച്ചവടം ഉണ്ടായിരുന്നു. അങ്ങനെ അവിചാരിതമായാണ് ചേതക് കൈയില്‍ വന്നതെന്ന് അന്‍സില്‍ പറഞ്ഞു. പിന്നെ വില്‍ക്കാന്‍ തോന്നിയില്ല. അത്യാവശ്യം മിനുക്കുപണികള്‍ നടത്തിയപ്പോള്‍ വണ്ടി കുട്ടപ്പനായി. മറ്റ് വണ്ടികളൊക്കെ ഉണ്ടെങ്കിലും ചേതക്കിനോട് പ്രിയം കൂടുതലാണ്. പ്ലസ് ടുവും ഡിപ്ലോമയും കഴിഞ്ഞാണ് വര്‍ക്ക് ഷോപ് തുടങ്ങുന്നത്. ജോലിക്കിടെയാണ് ഒരിക്കല്‍ കശ്മീര്‍ മോഹം കയറിക്കൂടുന്നത്. ഒരു വര്‍ഷം ഈ ആഗ്രഹം മനസ്സിലിട്ടു നടന്നു. അതിനുള്ള ഒരുക്കം തുടങ്ങുകയായിരുന്നു.
യാത്രപോകാന്‍ കാത്തിരിക്കേണ്ട
ഇതുവരെയുള്ള യാത്ര നല്‍കിയ ജീവിതാനുഭവം മറക്കാന്‍ കഴിയുന്നതല്ലെന്ന് അന്‍സില്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കയറിയപ്പോള്‍ തണുപ്പ് സഹിക്കാന്‍ പറ്റുന്നതിനപ്പുറമായിരുന്നു. പിന്നീടുള്ള കുറച്ചുദിവസം വാടകക്ക് റൂമെടുത്ത് താമസിച്ചു. വീണ്ടും യാത്ര തുടര്‍ന്നു. യാത്ര പഞ്ചാബിലെത്തിയേപ്പാള്‍ ഒരു കുടുംബം അവരുടെ വീട്ടില്‍ താമസിക്കാന്‍ നിര്‍ബന്ധിച്ചു. അവരുടെ അതിഥിയായി. എല്ലാദിവസവും ആളുകള്‍ വന്ന് ആഹാരം കഴിച്ചോ, വെള്ളം വേണോ എന്നൊക്കെ ചോദിക്കുമ്പോള്‍ ഇതൊക്കെ തന്നെക്കാള്‍ ചേതക്കിനോടുള്ള സ്‌നേഹമാണോ എന്നു തോന്നിപ്പോയിട്ടുണ്ട്.
സ്‌കൂട്ടറില്‍ ഇത്രയും കിലോമീറ്റര്‍ പിന്നിട്ടുവരുന്നത് കാണുമ്പോള്‍ പലരുടെയും കണ്ണുകളിലുള്ള അത്ഭുതം ആസ്വദിച്ചാണ് മുന്നോട്ടുപോകുന്നത്. നേപ്പാളിലേക്കുള്ള യാത്ര രണ്ടുദിവസത്തിനകം ആരംഭിക്കുമെന്നും അവിടെ എത്തിയതിനുശേഷം തുടര്‍കാര്യങ്ങള്‍ ആലോചിക്കുമെന്നും അന്‍സില്‍ പറഞ്ഞു. യാത്രപോകാന്‍ ആഗ്രഹിക്കുന്നവര്‍ പണവും സമയവുമൊന്നും നോക്കേണ്ട. ഇറങ്ങിത്തിരിക്കുകയാണ് വേണ്ടത്. എന്നു തിരികെ നാട്ടിലെത്തുമെന്ന ചോദ്യത്തോട് എന്തായാലും ഇറങ്ങിയില്ലേ ഇനി ഒന്നു കറങ്ങിവരാമെന്ന മറുപടിയാണ് അന്‍സില്‍ നല്‍കിയത്.
