'മകള്‍ സന്തോഷവതിയായിരുന്നു, ആത്മഹത്യ ചെയ്യില്ല'; ചിന്നു പാപ്പുവിന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് പിതാവ്; തൂങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്ക് സുഹൃത്ത് പ്രേരിപ്പിച്ചോ? ഇന്‍ഫ്‌ലുവന്‍സര്‍ ലഹരി ഉപയോഗിച്ചിരുന്നെന്നും സംശയം; ഫോറന്‍സിക് പരിശോധന നടത്തും; അന്വേഷണം തുടരുന്നു
കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മകള്‍ക്ക് കുടുംബപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പിതാവ് ഗംഗാധരന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവിന്റെ ആരോപണം. അതേ സമയം രേഷ്മയുടേത് തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
യുവതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്തും. ആണ്‍ സുഹൃത്തുമായി യുവതിയ്ക്ക് പ്രശ്‌നങ്ങളില്ല. ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ഗംഗാധരന്‍ ആരോപിച്ചിരുന്നു. ആണ്‍സുഹൃത്തിനൊപ്പമായിരുന്നു ചിന്നു താമസിച്ചിരുന്നത്. ഇയാള്‍ രാവിലെ ജോലിക്ക് പോയ സമയത്താണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഉച്ചയ്ക്ക് ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് വന്ന് നോക്കിയപ്പോഴാണ് വീട്ടിലെ മുറിയില്‍ ചിന്നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചിന്നുവിന് ജീവന്‍ നഷ്ടമായി.
ഒരു വര്‍ഷം മുന്‍പ് വിവാഹമോചിതയായ ചിന്നുവിന്റെ മരണത്തിന് പിന്നിലെ കാരണം അറിയില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ജനുവരി 25ന് ചിന്നു തന്റെ ആദൂരിലെ വീട്ടിലെത്തി സന്തോഷത്തോടെ മടങ്ങിയിരുന്നതായും കുടുംബം വ്യക്തമാക്കി. ആണ്‍സുഹൃത്തുമായി പ്രശ്‌നമുണ്ടോ എന്ന് അറിയില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആണ്‍സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാളെ കാസര്‍കോട് പോലീസ് ചോദ്യംചെയ്തു വരികയാണ്. ആദ്യ ഭര്‍ത്താവില്‍ ചിന്നുവിന് നാല് വയസ്സുള്ള മകനുണ്ട്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ചിന്നുവിന്റെ സുഹൃത്തായ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ചിന്നുവിന്റെയും യുവാവിന്റെയും മൊബൈല്‍ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. ആത്മഹത്യയ്ക്ക് യുവാവ് പ്രേരിപ്പിച്ചിരുന്നോ എന്നതുള്‍പ്പെടെ അന്വേഷിക്കുകയാണ്. ഇന്നലെ രാത്രി ആണ്‍സുഹൃത്തിനെ കാസര്‍കോട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആണ്‍സുഹൃത്തുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചിന്നു കുടുംബത്തിന് സൂചന നല്‍കിയിരുന്നു. ഇക്കാര്യം കുടുംബം പൊലീസിനെ അറിയിച്ചതോടെയാണ് ചിന്നുവിന്റെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
ഒരാഴ്ച മുന്‍പാണ് ചിന്നു അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം അടക്കം നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായിരുന്നു ചിന്നു പാപ്പു. ഇവര്‍ക്ക് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. തിങ്കളാഴ്ച ഉച്ചയോടെ ആണ് കാസര്‍കോട് മുള്ളേരിയ ആദൂര്‍ 17-ാം മൈല്‍ സ്വദേശിനിയായ ചിന്നു പാപ്പുവി (25) നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉള്ളിയത്തടുക്ക ആസാദ് നഗറിലെ വാടകവീട്ടിലായിരുന്നു സംഭവം.
കാസര്‍കോട് ഭാഷ പറഞ്ഞ് സോഷ്യല്‍ മീഡിയ കീഴടക്കിയ ചിന്നു പാപ്പുവിന് ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. പാചക വീഡിയോകള്‍ക്ക് പുറമേ, പ്രൊമോഷന്‍ വീഡിയോകളും ചിന്നുവിന്റെ അക്കൗണ്ടിലുണ്ട്. ഇവയെല്ലാം ലക്ഷക്കണക്കിന് പേര്‍ കണ്ടുകഴിഞ്ഞിട്ടുണ്ട്. 'ജീവിതം പൂര്‍ണ്ണമായും ആസ്വദിക്കുക' എന്നതാണ് ഇന്‍സ്റ്റഗ്രാം ബയോ. ഇതുവരെ 154 പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ആറ് ദിവസം മുന്‍പായിരുന്നു വീഡിയോ പങ്കുവെച്ചത്.
ചിന്നുവിന്റെ മരണം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെയും ഞെട്ടിച്ചിട്ടുണ്ട്. ചിന്നു പങ്കുവെച്ച അവസാന വീഡിയോയ്ക്ക് താഴെ ഒരാള്‍ പങ്കുവെച്ച കമന്റ് ഇങ്ങനെ; 'ഈശ്വര ഈ ചിരിച്ചു കളിച്ചു നടക്കുന്ന ആരെയും ഉള്ള് കൊണ്ട് മനസ്സിലാക്കാന്‍ പറ്റുന്നില്ലല്ലോ'. ആരും ആത്മഹത്യ ചെയ്യരുതേ എന്നായിരുന്നു മറ്റൊരാള്‍ പ്രതികരിച്ചത്. ചിരിച്ച മുഖം ഇനിയില്ലല്ലോ എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ രണ്ട് ലക്ഷം ആളുകള്‍ നിന്നെ സ്‌നേഹിക്കാന്‍ ഉണ്ടായിട്ടും നീ എന്തിനാ ഈ കടുംകൈ ചെയ്തതെന്ന് മറ്റൊരാള്‍ ചോദിച്ചു.
